സഊദിയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ ആരോഗ്യ ഇന്‍ഷൂറന്‍സ്
ജിദ്ദ: ടൂറിസ്റ്റ് വിസയില്‍ സഊദിയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. വിനോദ സഞ്ചാരികള്‍ക്ക് സൗദിയിലെ എല്ലാ പ്രവിശ്യകളിലും ചികിത്സ തേടാം. ചികിത്സക്ക് പുറമെ, മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതിനും, മൃതദേഹത്തെ അനുഗമിക്കുന്നതിനും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. വിദേശ വിനോദ സഞ്ചാരികള്‍ക്ക് പരമാവധി ഒരു ലക്ഷം റിയാല്‍ വരെയാണ് ചികിത്സാ കവറേജ് ലഭിക്കുകയെന്ന് കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വെളിപ്പെടുത്തി.
അടിയന്തര ഘട്ടങ്ങളില്‍ സഊദിയിലെ എല്ലാ പ്രവിശ്യകളിലും ടൂറിസ്റ്റുകള്‍ക്ക് ഇന്‍ഷുറന്‍സ് പ്രകാരം ചികിത്സ ലഭിക്കും. പരിശോധന, ചികിത്സ, കിടത്തി ചികിത്സ, പ്രസവം, വാഹനാപകടങ്ങളിലെ പരിക്കുകള്‍, അടിയന്തര സാഹചര്യങ്ങളില്‍ ഡയാലിസിസ്, മാസം തികയാതെ പ്രസവിക്കുന്ന നവജാത ശിശുക്കളുടെ ചികിത്സ, ആംബുലന്‍സ് സേവനം, ദന്ത ചികിത്സ, പരമാവധി 500 റിയാല്‍ വരെ ചെലവ് വരുന്ന ആന്റിബയോട്ടിക്കുകള്‍വേദന സംഹാരികള്‍, അടിയന്തര സാഹചര്യങ്ങളില്‍ 5000 റിയാല്‍ വരെ ചെലവ് വരുന്ന ഗര്‍ഭ, പ്രസവ പരിചരണങ്ങളും ചികിത്സകളും എന്നീ കവറേജുകള്‍ വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കും. മൃതദേഹം സ്വദേശത്തേക്ക് അയക്കുന്നതിന് പരമാവധി 10,000 റിയാല്‍ വരെയും മൃതദേഹത്തെ അനുഗമിക്കുന്നതിന് കുടുംബാംഗത്തിന് പരമാവധി 5000 റിയാല്‍ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷ പ്രകാരം ലഭിക്കും.
ഇന്‍ഷുറന്‍സ് കമ്പനികള്‍ നിശ്ചയിക്കുന്ന ആശുപത്രികളില്‍ ചികിത്സ നേടുന്നതിന് ടൂറിസ്റ്റുകള്‍ പണമൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ കമ്പനികള്‍ നിശ്ചയിച്ചതല്ലാത്ത ആശുപത്രികളില്‍ ചികിത്സ തേടുന്നതിന് നിര്‍ബന്ധിതരാകുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് പോളിസി വ്യവസ്ഥകള്‍ പ്രകാരം ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി നിരക്ക് ആയി 140 റിയാലാണ് വിദേശ ടൂറിസ്റ്റുകള്‍ നല്‍കേണ്ടത്. ടൂറിസ്റ്റ് വിസാ ഫീസ് 300 റിയാലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."