ആതുര സേവന രംഗത്ത് ശ്രദ്ധ ചെലുത്തണം: ഹൈദരലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: സാധാരണക്കാര്‍ക്കിടയില്‍ മാരക രോഗങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആതുര സേവന രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
സി.എച്ച് സെന്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും ഡോക്യുമെന്ററി പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. സി.എച്ച് സെന്ററിന്റെ നവ സംരംഭമായ ശിഹാബ് തങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (സ്റ്റിംസ്) ആതുര രംഗത്തെ പുതിയ കാല്‍വയ്പായിരിക്കുമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കേണ്ട കാലമാണിതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കാന്‍സര്‍, വൃക്ക രോഗികള്‍ അടക്കം സാധാരണക്കാര്‍ വന്‍ ചികിത്സാ ബാധ്യത മൂലം പ്രയാസപ്പെടുകയാണ്.
അവരെ സഹായിക്കാനും സാന്ത്വനിപ്പിക്കുവാനും സി.എച്ച് സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും തങ്ങള്‍ പറഞ്ഞു. ഡോക്യുമെന്ററി ഡോ.എം.കെ മുനീറിന് നല്‍കി തങ്ങള്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. സ്റ്റിംസ് ബ്രോഷര്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി അഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. സ്റ്റിംസ് പദ്ധതിയിലേക്കുള്ള ആദ്യ സംഭാവന ബീരാന്‍ഹാജിയില്‍ നിന്നും ബഷീര്‍ ഹാജിയില്‍നിന്നും തങ്ങള്‍ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ഡോ. ടി.പി അഷ്‌റഫ് പദ്ധതി വിശദീകരിച്ചു. സിവില്‍ സര്‍വിസ് റാങ്ക് നേടിയ ഹംനാ മറിയമിനുള്ള ഉപഹാരം സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി കോയയില്‍ നിന്ന് മാതാപിതാക്കളായ ഡോ. ടി.പി അഷ്‌റഫും ഭാര്യ ഡോ. ജൗഹറയും ഏറ്റുവാങ്ങി. ചടങ്ങില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, പി.വി ചന്ദ്രന്‍, ഡോ. എം.കെ കുര്യാക്കോസ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. പി.കെ സജിത്കുമാര്‍, ഡോ. പി.ടി ജെയിംസ്, എം.സി മായിന്‍ ഹാജി, മുന്‍ എം.എല്‍.എമാരായ വി.എം ഉമ്മര്‍ മാസ്റ്റര്‍, ടി.പി.എം സാഹിര്‍, യു.സി രാമന്‍, ഉമര്‍ പാണ്ടികശാല തുടങ്ങിയവരും ഡോ. രാജഗോപാല്‍, ഡോ. രാജേന്ദ്രന്‍, ഡോ. ജയേഷ് കുമാര്‍, ഡോ. സുനില്‍ കുമാര്‍, ഡോ. അജയ്കുമാര്‍, ഡോ. രാജേഷ് തുടങ്ങി ആതുരസേവന, സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതവും ഇബ്രാഹിം എളേറ്റില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."