ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധവുമായി യുവജന സംഘടനകള്‍
നിലമ്പൂര്‍: കഴിഞ്ഞദിവസം നടന്ന എച്ച്. എം.സി യോഗതീരുമാനമായ ഒ.പി.ടിക്കറ്റ് നിരക്കു വര്‍ധനക്കെതിരായി ജില്ലാ ആശുപത്രിയില്‍ യുവജന സംഘടനകളുടെ സമരങ്ങളുടെ വേലിയേറ്റം. രാവിലെ 10.30നു യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയാണു പ്രതിഷേധവുമായി ആദ്യമെത്തിയത്. ആശുപത്രി സുപ്രണ്ട് ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയ പ്രവര്‍ത്തകര്‍ സുപ്രണ്ട് എത്താത്തതിനെത്തുടര്‍ന്ന് ആര്‍.എം.ഒ യുമായി ചര്‍ച്ച നടത്തി.
തുടര്‍ന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനുമായി ഫോണിലും ചര്‍ച്ചകള്‍ നടന്നു. നിരക്കു വര്‍ധന ഉടന്‍ ഉണ്ടാകില്ലെന്നും 15നു മുന്‍പായി വിവിധ സംഘടനകളുടെ വിപുലമായ യോഗം ചേര്‍ന്നു തീരുമാനമെടുക്കാമെന്നും ഉറപ്പു നല്കിയതോടെ സമരം അവസാനിപ്പിച്ചു. സി.എച്ച്.അബ്ദുല്‍ കരീം, നിയാസ് മുതുകാട്, കെ.എം.എസ്.കുട്ടി, അനീഷ് ചാലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്നാണു യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്. ആശുപത്രിക്കുമുന്നില്‍ പാലൊളി മെഹബൂബ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നിരക്കുവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓഫിസിലെത്തി നിവേദനം നല്കി. ഷാജഹാന്‍ പായിമ്പാടം, ഷിബു പാടിക്കുന്ന്, മൂര്‍ഖന്‍ കുഞ്ഞു തുടങ്ങിയവര്‍ നേതൃത്വം നല്കി. ഇതിനിടെ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി. നേരത്തെയെടുത്ത തീരുമാനത്തെക്കുറിച്ച് അധികൃതര്‍ പ്രതിഷേധക്കാരെ അറിയിച്ചു.
ഒ.പി.നിരക്കു പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയവരില്‍ നിന്ന് ഒപ്പുശേഖരണം നടത്തി നിവേദനമായി അധികൃതര്‍ക്കു നല്കിയശേഷം പിരിഞ്ഞുപോയി. എം.സനോജ്, സുബിന്‍ കക്കുഴി, കുഞ്ഞുട്ടിമാന്‍, ഷാജി ചക്കാലക്കുത്ത് തുടങ്ങിയവര്‍ ഡി.വൈ.എഫ്.ഐ സമരത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."