സമനില വിടാതെ സൗത്ത് സോണ്‍ മത്സരങ്ങള്‍
കല്‍പ്പറ്റ: അണ്ടര്‍ 16 വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളം ഉള്‍പ്പെട്ട സൗത്ത് സോണില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ സമനിലകള്‍ മാത്രം. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള തമിഴ്നാട് മൂന്ന് മത്സരങ്ങളിലും ഒന്നാം ഇന്നിങ്സിലെ ലീഡിന്റെ ആനുകൂല്യത്തിലാണ് ഒന്‍പത് പോയിന്റ് നേടിയത്.
രണ്ടാം സ്ഥാനത്തുള്ള ആന്ധ്രക്ക് ഏഴും മൂന്നാം സ്ഥാനത്തുള്ള കര്‍ണാടകക്ക് അഞ്ച് പോയിന്റുമാണുള്ളത്. ഇതെല്ലാം ഇന്നിങ്സ് ലീഡിന്റെ ബലത്തിലാണ്. ഹൈദരാബാദ്, പോണ്ടിച്ചേരി എന്നീ ടീമുകളും ഒരു കളിയില്‍ ഇന്നിങ്സ് ലീഡ് നേടിയപ്പോള്‍ കേരളവും ഗോവയും മാത്രമാണ് ഇതുവരെ ലീഡ് നേടാത്തത്. ഇരു ടീമുകള്‍ക്കും രണ്ടു മത്സരങ്ങളില്‍ നിന്നായി രണ്ടു പോയിന്റ് വീതമാണുള്ളത്.
സൗത്ത് സോണ്‍ കഴിഞ്ഞാല്‍ മഹാരാഷ്ട്ര, മുംബൈ, സൗരാഷ്ട്ര, ബറോഡ, ഗുജറാത്ത് എന്നിവരുള്‍പ്പെട്ട വെസ്റ്റ് സോണിലാണ് സമനിലകള്‍ കൂടുതലുള്ളത്. എട്ടു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതുള്ള മഹാരാഷ്ട്ര ബറോഡക്കെതിരേ ഒരു കളി ജയിച്ചതൊഴിച്ചാല്‍ ബാക്കി സമനിലകള്‍ മാത്രമാണ്.
എന്നാല്‍ നോര്‍ത്ത്, സെന്‍ട്രല്‍, വെസ്റ്റ്, ഈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് ബിഹാര്‍ സോണുകളില്‍ വിരസസമനിലകള് കുറവാണ്. ഈസ്റ്റ് സോണില്‍ മൂന്നില്‍ മൂന്നും വിജയിച്ച് 19 പോയിന്റുള്ള ബംഗാളും നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് ബിഹാര്‍ സോണില്‍ മൂന്നു കളികളിലും ജയം നേടിയ നാഗാലാന്‍ഡുമാണ് ജയത്തില്‍ ഏറ്റവും മുന്നില്‍.
നോര്‍ത്ത് സോണില്‍ മൂന്ന് കളികളില്‍ രണ്ടു വിജയങ്ങളുമായി 17 പോയിന്റുള്ള ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. ഒരു വിജയവുമായി 11 പോയിന്റുള്ള ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്.
സെന്‍ട്രല്‍ സോണില്‍ രണ്ട് ജയവും ഒരു സമനിലയുമായി 16 പോയിന്റുള്ള ഉത്തര്‍പ്രദേശാണ് ഒന്നാമത്. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള ചത്തിസ്ഗഡും ഒരു വിജയം നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."