യൂറോപ്പാ ലീഗ്: ചെല്‍സിക്ക് ജയം; ആഴ്സനലിന് സമനില
ലണ്ടന്‍: യൂറോപ്പാ ലീഗ് ഫുട്ബോളില്‍ ചെല്‍സി ജയം സ്വന്തമാക്കിയപ്പോള്‍ ആഴ്സനലിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബെറ്റിയെയാണ് ചെല്‍സി എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചത്. 52-ാം മിനുട്ടില്‍ ഫ്രഞ്ച് താരം ഒലിവര്‍ ജിറൗദാണ് ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത്. ജയത്തോടെ 12 പോയിന്റുമായി ചെല്‍സി എല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി.
ഇ ഗ്രൂപ്പില്‍ ആഴ്സനലും സ്പോര്‍ട്ടിങും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഗോള്‍ നേടാന്‍ ആഴ്സനലിന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 87-ാം മിനുട്ടില്‍ സ്പോര്‍ട്ടിങ് താരം മതേവു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. സീസണില്‍ അപാര പ്രകടനം നടത്തി പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്ന ആഴ്സനലിന് കഴിഞ്ഞ മത്സരത്തിലെ മാസ്മരിക പ്രകടനം പുറത്തെടുക്കാനായില്ല. പത്ത് പോയിന്റുമായി ആഴ്സനലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
മറ്റൊരു മത്സരത്തില്‍ റയല്‍ ബെറ്റിസും എ.സി മിലാനും തമ്മിലുള്ള മത്സരം 1-1 എന്ന സ്കോറില്‍ അവസാനിച്ചു. 12-ാം മിനുട്ടില്‍ ബെറ്റിസാണ് ആദ്യം ഗോള്‍ നേടി ലീഡ് സ്വന്തമാക്കിയത്.
ജിയോവാനി സെല്‍സോയാണ് ബെറ്റിസിന് വേണ്ടി ഗോള്‍ നേടിയത്. ആദ്യ പകുതിക്ക് ശേഷം ബെറ്റിസിന് ഒരു ഗോളിന്റെ ലീഡുണ്ടായിരുന്നെങ്കിലും രണ്ടാം പകുതിക്ക് ശേഷം ലീഡ് നിലനിര്‍ത്താന്‍ ബെറ്റിസിനായില്ല. എ.സി മിലാന് വേണ്ടി 62-ാം മിനുട്ടില്‍ സുസോയാണ് സമനില ഗോള്‍ നേടിയത്. മറ്റു മത്സരങ്ങളില്‍ ഡൈനാമോ സെഗ്രബ് സ്പാര്ട്ടകിനെ 3- 1 എന്ന സ്കോറിന് തോല്‍പ്പിച്ചു. ബോര്‍ഡെക്സ് -സെനിത് മത്സരം 1-1 എന്ന നിലയിലും ലുഡോഗറട്സും എ.ഇ.കെയും തമ്മിലുള്ള മത്സരം ഗോള്‍ രഹിതമായും അവസാനിച്ചു.
5-1 എന്ന സ്കോറിന് ഒളിംപിയാകോസ് ഡുഡല്ഗയെ പരാജയപ്പെടുത്തി. 5-2 എന്ന സ്കോറിന് റഡ് ബുള്ള് റോസ്ബര്‍ഗിനെ പരാജയപ്പെടുത്തി. ലീഗിലെ അടുത്ത മത്സരം ഈ മാസം 29ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."