കേരള സര്‍വകലാശാല അത്ലറ്റിക് ചാംപ്യന്‍ഷിപ്പ്: ചെമ്പഴന്തി എസ്.എന്‍ കോളജിന് കിരീടം
തിരുവനന്തപുരം: സെന്റ് ജോണ്‍സിന്റെ വെല്ലുവിളി മിന്നും പ്രകടനത്തോടെ മറികടന്ന് കേരള സര്‍വകലാശാല ഇന്റര്‍ കൊളിജിയറ്റ് അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ചെമ്പഴന്തി എസ്.എന്‍ കോളജ്.
97 പോയിന്റ് നേടിയാണ് എസ്.എന്‍ ചാംപ്യന്മാരായത് (സ്വര്‍ണം-12, വെള്ളി-ഏഴ്, വെങ്കലം-3). 69 പോയിന്റ് നേടിയ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് രണ്ടാമതായി (സ്വര്‍ണം-7, വെള്ളി-9, വെങ്കലം-3). നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജാണ് മൂന്നാമത്. 39 പോയിന്റുള്ള ഇവാനിയോസിന്റെ അക്കൗണ്ടിലുള്ളത് നാല് സ്വര്‍ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവും.
47 പോയിന്റോടെ വനിത വിഭാഗത്തില്‍ സെന്റ് ജോണ്‍സ് കിരീടം നേടി. കാര്യവട്ടം എല്‍.എന്‍.സി.പി.ഇ (28), ചെമ്പഴന്തി എസ്.എന്‍ കോളജ് (26) രണ്ടും മൂന്നും സ്ഥാനത്തെത്തി. പുരുഷവിഭാഗത്തില്‍ എസ്.എന്‍ കോളജാണ് ഒന്നാമത്. 71 പോയിന്റ് എസ്.എന്‍ നേടിയപ്പോള്‍ മാര്‍ ഇവാനിയോസ് നാലാഞ്ചിറ 30 പോയിന്റോടെ രണ്ടാമതായി. 22 പോയിന്റുള്ള സെന്റ് ജോണ്‍സാണ് മൂന്നാമത്.
എസ്.എന്‍ കോളജ് താരങ്ങളായ പി. അഞ്ജലി ഫ്രാന്‍സിസും മുഹമ്മദ് ഫൈസുമാണ് അവസാന ദിവസത്തിലെ റെക്കോര്‍ഡ് താരങ്ങള്‍.
പോള്‍വാട്ടില്‍ അഞ്ജലി ഫ്രാന്‍സിസ് മറികടന്നത് 'സ്വന്തം ഉയരം'. കഴിഞ്ഞ വര്‍ഷം ചാടിയത് (3.15 മീറ്റര്‍) ആയിരുന്നെങ്കില്‍ ഇത്തവണ അഞ്ജലി ചാടിയത് 3.20 മീറ്റര്‍. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സി. മുഹമ്മദ് ഫൈസ് പുതിയ സമയം കുറിച്ചപ്പോള്‍ (14.51 സെക്കന്‍ഡ്) റെക്കോര്‍ഡ് ബുക്കില്‍ നിന്നു മാഞ്ഞത് 2013ല്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിന്റെ പോള്‍ ജോസഫിന്റെ സമയം. 14.60 സെക്കന്‍ഡ് ആയിരുന്നു പോള്‍ ജോസഫിന്റെ സമയം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."