സനല്‍കുമാര്‍ കൊലപാതകം: നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം ശക്തം
നെയ്യാറ്റിന്‍കര: സനല്‍കുമാറിന്റെ കൊല നടന്ന് അഞ്ച് ദിവസം പിന്നിട്ടപ്പോഴും പ്രതി ഡിവൈ.എസ്.പി ഹരികുമാറിനെ പിടികൂടാന്‍ കഴിയാത്ത പൊലിസിനെതിരെ നാട്ടുകാര്‍ക്കിടയിലും വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധം ശക്തമാകുന്നു. ഹരികുമാറിനെ തലസ്ഥാനത്തു തന്നെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന പൊലിസ് അസോസിയേഷന്‍ നേതാക്കളെയും ഭരണ നേതൃത്വത്തിലെ ജില്ലാ നേതാവിനെയും ശക്തമായ ഭാഷയിലാണ് ജനം വിമര്‍ശിക്കുന്നത്. ഹരികുമാറിനു വേണ്ടി പൊലിസ് നടത്തുന്ന തെളിവ് നശിപ്പിക്കാനുളള നീക്കങ്ങളും ദിവസം കഴിയുന്തോറും ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. സനല്‍കുമാറിനെ അപകടപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ പ്രതി ഹരികുമാര്‍ നെയ്യാറ്റിന്‍കര പൊലിസിന് നല്‍കിയ നിര്‍ദേശ പ്രകാരം സനല്‍കുമാറിനെ ആശുപത്രിയില്‍ എത്തിക്കാതെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വായില്‍ മദ്യം ഒഴിപ്പിക്കാനുളള ശ്രമവും നടന്നിരുന്നു എന്നാണ് ഒടുവില്‍ കിട്ടിയ സൂചന. സനല്‍കുമാര്‍ മദ്യപിച്ച് റോഡ് മുറിച്ച് കടന്നപ്പോള്‍ വാഹനം ഇടിച്ചു വീഴ്ത്തി എന്ന് വരുത്തി തീര്‍ക്കാനായിരുന്നു പൊലീസ് ശ്രമം നടത്തിയത് എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. കൂടാതെ സനല്‍കുമാറിനെ ഒരു കാരണവശാലും ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ പാടില്ലെന്ന് ഹരികുമാര്‍ എസ്.ഐയോട് നിര്‍ദേശിച്ചതായും സനല്‍കുമാര്‍ രക്ഷപ്പെട്ടാല്‍ തനിക്കെതിരേ മൊഴി നല്‍കും എന്ന് ഹരികുമാര്‍ ഭയന്നതായാണ് ലഭിക്കുന്ന വിവരം. കൊല ചെയ്യപ്പെട്ട സനല്‍കുമാറിന്റെ മാതാവ് രമണി ഇന്നലെ നെയ്യാറ്റിന്‍കരയില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ പൊലിസിന്റെ ഒത്താശയോടെ സനല്‍കുമാര്‍ റോഡ് മുറിച്ചു കടന്നപ്പോള്‍ കാര്‍ ഇടിച്ച് വീഴ്ത്തിയതാണെന്ന് ആശുപത്രികളില്‍ രേഖയുണ്ടാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. കൂടാതെ കൊലപാതകം നടന്ന് 5 ദിവസം പിന്നിട്ട ശേഷവും പ്രതിയെ കണ്ടെത്താന്‍ കഴിയാത്ത പൊലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അവര്‍ വ്യക്തമാക്കി. സനല്‍കുമാറിന്റെ പുറത്ത് കയറിയിറങ്ങിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഓട്ടത്തിനിടയില്‍ എന്തോ കാറിനടിയില്‍ പെട്ടതായി ഡ്രൈവര്‍ക്ക് ബോധ്യപ്പെട്ടതായും മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നും വ്യക്തമാകുന്നത് പ്രതി ഹരികുമാര്‍ സനല്‍കുമാറിനെ മനഃപൂര്‍വം വാഹനത്തിനടിയില്‍ തള്ളിയിട്ടു എന്നതാണ്. ഡിവൈ.എസ്.പിയുടെ സര്‍വിസ് റിവോള്‍വര്‍ കണ്ടെത്തിയെന്ന വാര്‍ത്ത പൊലീസ് സേനയ്ക്ക് പ്രതിയുമായുളള ബന്ധത്തെയാണ് വ്യക്തമാക്കുന്നതെന്നും ആരോപണമുണ്ട്.
അറസ്റ്റ് വൈകുന്നത് അവിശുദ്ധ ബന്ധത്തിന്റെ തെളിവ്
നെയ്യാറ്റിന്‍കര: ഡിവൈ.എസ്.പി ഹരികുമാറിന്റെ അറസ്റ്റ് വൈകിപ്പിച്ച് സംരക്ഷിക്കുന്ന പൊലിസ് നടപടി സി.പി.എം ജില്ലാ സെക്രട്ടറിയുടെയും സ്ഥലം എം.എല്‍.എയുടെയും കൊലപാതകിയുമായുളള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് മുന്‍ എം.എല്‍.എ ആര്‍. സെല്‍വരാജ്. നെയ്യാറ്റിന്‍കരയിലെ സനലിന്റെ കൊലപാതകം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സനലിന്റെ വിധവയ്ക്ക് സര്‍ക്കാര്‍ ജോലിയും മക്കളുടെ വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുക്കണം. കൊല കേസില്‍ പ്രതിയായ ഡിവൈ.എസ്.പിയെ സര്‍വിസില്‍ നിന്നു പിരിച്ചുവിടാനുളള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്നും സെല്‍വരാജ് പറഞ്ഞു. ക്വാറി, മണല്‍ മാഫിയ അഴിമതിയിലൂടെ കോടികള്‍ സമ്പാദിച്ച് സി.പി.എമ്മിന്റെ സാമ്പത്തിക സ്രോതസ് ആയതുകൊണ്ടാണ് സി.പി.എം പ്രതിയെ സംരക്ഷിക്കുന്നതും മുന്‍കാല ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവയ്ക്കുന്നതെന്നും സെല്‍വരാജ് വ്യക്തമാക്കി. കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടി സമരം ചെയ്ത നാട്ടുകാര്‍ക്കെതിരെ കേസെടുക്കാന്‍ തിടുക്കം കാട്ടിയ പൊലീസ് എന്ത് കൊണ്ട് പ്രതിയെ പിടികൂടാന്‍ തയാറാകുന്നില്ലാന്നും സെല്‍വരാജ് ആവര്‍ത്തിച്ച് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."