പ്രതികളെ പൊന്നമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു
കോഴിക്കോട്: കൊലപാതക പരമ്പര കേസിലെ പ്രതികളെ കൂടത്തായിയിലും പൊന്നമറ്റത്തെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തുന്ന നടപടി ആരംഭിച്ചു. കനത്ത പൊലിസ് സുരക്ഷയില്‍ രാവിലെ 10.45 ഓടെയാണ് പ്രധാന പ്രതി ജോളിയെ ആദ്യം പൊന്നമറ്റത്തെ വീട്ടിലെത്തിച്ചത്. നാല് പേര് കൊല്ലപ്പെട്ടത് ഈ വിട്ടില്വച്ചായിരുന്നു. ഇവിടെ ഒളിപ്പിച്ചിരിക്കുന്ന സയനൈഡ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലിസ് ഇന്ന് ശേഖരിച്ചേക്കും.
വീട്ടുപരിസരത്തെ ഒരു കുഴിയില്‍ പൊട്ടാസ്യം സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ജോളി അന്വേഷണ സംഘത്തിന് മൊഴിനല്കിയിരിക്കുന്നത്. അന്വേഷണഘട്ടത്തിലെ ഏറ്റവും നിര്‍ണായകമായ തെളിവെടുപ്പാകും ഇന്ന് നടക്കുക. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകങ്ങളായതിനാല്‍ ഇവിടെ നിന്നും ലഭിക്കുന്ന തെളിവുകള്‍ വിചാരണ നടപടിക്രമങ്ങളില്‍ നിര്‍ണായകമാകും. ഇവിടുത്തെ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം സിലി കൊല്ലപ്പെട്ട ക്ലിനിക്കിലും സയനൈഡ് ലഭിച്ച ജ്വല്ലറിയിലും തെളിവെടുപ്പ് നടത്താന്‍ സാധ്യതയുണ്ട്.
പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് നൂറുകണക്കിനാളുകളാണ് പരിസരത്ത് തടിച്ചുകൂടിയിരുന്നത്. പൊലിസ് ജീപ്പില്‍ പ്രതികളായ ജോളിയെയും പ്രജികുമാറിനെയും മാത്യുവിനെയും എത്തിച്ചപ്പോള്‍ നാട്ടുകാര്‍ കൂക്കുവിളിച്ചാണ് അവരുടെ പ്രതിഷേധം അറിയിച്ചത്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് നൂറുകണക്കിന് പൊലിസുകാരുടെ സംരക്ഷണയിലാണ് ഇവരെ പൊന്നമറ്റത്തെ വീട്ടിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."