നോമ്പിന്റെ സൂക്ഷ്മതയും മഗ്‌രിബ് ബാങ്കും
റമദാനില്‍ നോമ്പ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പള്ളികളില്‍ വ്യത്യസ്ത സമയം അനുസരിച്ചാണെന്നും അതില്‍ സുന്നികള്‍ ബാങ്ക് കൊടുക്കുന്ന സമയമായിട്ടും പിന്തിപ്പിക്കുകയാണെന്നുമുള്ള വിമര്‍ശനം ശ്രദ്ധയില്‍ പെട്ടതിനാലാണ് ഈ കുറിപ്പ്. 2009 മുതല്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും, ചന്ദ്രിക, മാതൃഭൂമി തുടങ്ങിയ കലണ്ടറുകളിലെയും സമയം നിര്‍ണയിച്ച് നല്‍കുന്നയാള്‍ എന്ന നിലക്ക് പരമ്പരാഗതമായി പണ്ഡിതന്മാര്‍ സ്വീകരിച്ച് വരുന്ന നിലപാട് വിശദീകരിക്കല്‍ അനിവാര്യമാണെന്ന് തോന്നുന്നു.
നിസ്‌കാര സമയനിര്‍ണയത്തില്‍ സൂര്യന്റെ ഉദയാസ്തമയങ്ങള്‍, സൂര്യന്‍ നിശ്ചിത മണ്ഡലങ്ങളില്‍ എത്തിച്ചേരല്‍ മുതലായ കാര്യങ്ങള്‍ക്കാണ് പരിഗണിക്കപ്പെടുന്നത്. ഇവ ഉറപ്പായും ഓരോ നാട്ടിലും ആയിരിക്കുന്നു എന്ന് ബോധ്യപ്പെടല്‍ അനിവാര്യമാണ്. കേവല അനുമാനങ്ങള്‍ മതിയാകില്ല. മലനിരകളും വിവിധ ഭൂപ്രകൃതിയും ഉള്ള കേരളത്തില്‍ നിസ്‌കാര സമയം നിര്‍ണയിക്കുന്നതില്‍ കോഴിക്കോട്, കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നാല് മേഖലകളായിത്തിരിക്കുകയാണ് പതിവ്. കൂടാതെ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയര്‍ച്ച, താഴ്ച്ച, നാടുകളുടെ ദൂരം മുതലായ നിരവധി ഘടകങ്ങള്‍ നിസ്‌കാര സമയനിര്‍ണയത്തില്‍ പരിഗണിക്കേണ്ടതുണ്ട്.
മേഖലയിലെ മറ്റ് സ്ഥലങ്ങളെ പരിഗണിക്കാതെ ഏതെങ്കിലും ഒരു കേന്ദ്രത്തിനെ മാത്രം അടിസ്ഥാനമാക്കിയുള്ള സമയ നിര്‍ണയം പരിഗണനീയമല്ല. അത് പാടില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയതാണ്. ആയതിനാല്‍ ഒരു മേഖലക്ക് സമയം നിര്‍ണയിക്കുമ്പോള്‍ മേല്‍പറഞ്ഞ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് സുന്നികള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ സുന്നികളുടെ നിസ്‌കാര സമയം പരിപൂര്‍ണമായും ശരിയാണ്.
ദുബൈ ബുര്‍ജ് ഖലീഫയിലെ താഴെ നിലയിലെ നിസ്‌കാര സമയവും മുകളിലെ നിലയിലെ നിസ്‌കാര സമയവും വ്യത്യസ്തമാണ്. ഇന്റര്‍നെറ്റില്‍ ദുബൈയിലെ അസ്തമയ സമയം സേര്‍ച്ച് ചെയ്ത് അതിനനുസരിച്ചല്ല പ്രസ്തുത ബില്‍ഡിങിലെ നിസ്‌കാര സമയം എന്ന് പറയുന്നത് വിഡ്ഢിത്തമാണ്.
അതിനേക്കാള്‍ എത്രയോ ഉയരമുള്ള മലനിരകളുള്ള കേരളത്തിന്റെ വിവിധ മേഖലകളെ പരിഗണിക്കാതെ മുസ്‌ലിം സഹോദരങ്ങളുടെ ആരാധനകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങള്‍ നാം കരുതിയിരിക്കണം.
ലോക മുസ്‌ലിം നടപടി ക്രമമനുസരിച്ച് അത്താഴ സമയവും നോമ്പ് തുറക്കുന്ന സമയവും സൂക്ഷിക്കല്‍ അനിവാര്യമാണ്. വിവിധ മുസ്‌ലിം രാജ്യങ്ങളിലെ ഔഖാഫുകള്‍ പ്രസിദ്ധീകരിച്ച നിസ്‌കാര സമയങ്ങളില്‍ പോലും റമദാനിലെ മഗ്‌രിബ് ബാങ്കിന് രണ്ട് മിനുറ്റ് ദൈര്‍ഘ്യം നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്.
ലോക മുസ്‌ലിം പണ്ഡിതരുടെ നിലപാടുകളോ മുന്‍ഗാമികളായ ഇമാമീങ്ങളുടെ വിശദീകരണങ്ങളോ മനസ്സിലാക്കാതെ നമ്മുടെ നോമ്പും നിസ്‌കാരവും നശിപ്പിക്കുന്നവരെ കുറിച്ച് നമുക്ക് വ്യക്തമായ ധാരണ വേണം. സമയമാകും മുമ്പ് നിസ്‌കരിക്കാനോ നോമ്പ് തുറക്കാനോ ഉള്ള വകുപ്പ് മതഗ്രന്ഥങ്ങളില്‍ കാണുന്നില്ല. പഴയകാല വഹാബി നേതാക്കളായ കെ.എം മൗലവി എം.സി.സി മൗലവി തുടങ്ങിയവരും സുന്നികള്‍ ഇന്ന് സ്വീകരിക്കുന്ന നിലപാടില്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്.
സുന്നികള്‍ സമയമാകുമ്പോള്‍ മാത്രമേ നിസ്‌കരിക്കുകയും നോമ്പ് തുറക്കുകയും ചെയ്യുന്നുള്ളൂ. പ്രഭാതം മുതല്‍ പ്രദോഷം വരെ അവര്‍ അനുഷ്ഠിച്ച കര്‍മങ്ങള്‍ കേവല രണ്ട് മിനുട്ട് മുന്‍പ് മുറിച്ച് നോമ്പ് നഷ്ടപ്പെടുത്തുന്നവരില്‍ നാം പെട്ട് പോകാതിരിക്കാന്‍ പരിഗണനീയമായ ബാങ്കുകള്‍ക്ക് മാത്രമോ നാം ചെവി കൊടുക്കാവൂ എന്ന് ഉണര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."