ആധാരങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമെന്ന് സര്‍ക്കാരിന്റെ പേരില്‍ വ്യാജവാര്‍ത്ത
ന്യൂഡല്‍ഹി: ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ വ്യാജ വിജ്ഞാപനം. 1950 മുതലുള്ള ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു വാര്‍ത്ത. ഈ മാസം 15ന് കാബിനറ്റ് അണ്ടര്‍ സെക്രട്ടറി ഒപ്പിട്ട വിജ്ഞാപനമാണ് പ്രചരിച്ചിരുന്നത്. പ്രമുഖ ദേശീയമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചതോടെ ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ് മോഡണൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്നും ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നുമായിരുന്നു വാര്‍ത്ത. നടപടിയില്‍ വീഴ്ച ഉണ്ടായാല്‍ ഭൂമിയുടെ ഉടമസ്ഥത ബിനാമിയായി കണക്കാക്കുമെന്നും ആഗസ്ത് 14നകം ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നുമായിരുന്നു നിര്‍ദേശം. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, നീതി ആയോഗ് സെക്രട്ടറി തുടങ്ങിയവര്‍ക്കും ഇക്കാര്യം അറിയിച്ച് കത്ത് അയച്ചതായും വാര്‍ത്തയിലുണ്ടായിരുന്നു. വിജ്ഞാപനത്തിന്റെ പകര്‍പ്പും മിക്ക മാധ്യമങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. അതേസമയം, കത്തിനെതിരേ പൊലിസില്‍ പരാതി നല്‍കിയതായും വ്യാജവാര്‍ത്തയുടെ ഉറവിടം അന്വേഷിക്കുമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയരക്ടര്‍ ജനറല്‍ ഫ്രാങ്ക് നെറോണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."