ഉപരോധം പിന്‍വലിക്കാതെ എന്ത് അനുരഞ്ജനം: ഖത്തര്‍
ദോഹ: അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാതെ ഒരു അനുരഞ്ജനത്തിനുമില്ലെന്ന് ഖത്തര്‍. അല്‍ജസീറ ഉള്‍പ്പെടെയുള്ള ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ചര്‍ച്ചയില്ലെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്്മാന്‍ ആല്‍ഥാനി വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് ഖത്തറുമായി നയതന്ത്ര ഗതാഗത ബന്ധം വിഛേദിച്ച സഊദി അറേബ്യന്‍ സഖ്യം ഇതുവരെ അവരുടെ ആവശ്യങ്ങളൊന്നും അറിയിച്ചിട്ടില്ല.
ഖത്തര്‍ ഉപരോധത്തിലാണ്, അനുരഞ്ജന ചര്‍ച്ച ആരംഭിക്കണമെങ്കില്‍ ഉപരോധം നീക്കണം. അക്കാര്യത്തില്‍ ഇതുവരെ സൂചനകളൊന്നും കാണുന്നില്ല. കാര്യങ്ങളില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാവണമെങ്കിലുള്ള മുന്‍കൂര്‍ ഉപാധി അതാണെന്നും വിദേശ കാര്യമന്ത്രി പറഞ്ഞു. പ്രതിസന്ധി തീര്‍ക്കാനുള്ള ഏക മധ്യസ്ഥന്‍ കുവൈത്ത് അമീറാണ്. ഗള്‍ഫ് രാജ്യങ്ങളുടെ കൃത്യമായ ആവശ്യം എന്തെന്നറിയാന്‍ അദ്ദേഹം കാത്തുനില്‍ക്കുകയാണെന്ന് ശെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
തങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് ഖത്തറിനറിയാം, അവര്‍ ഇത് നിര്‍ത്തണം എന്നതു പോലുള്ള അവ്യക്തമായ ഡിമാന്‍ഡ് കൊണ്ട് കാര്യമില്ല. ആറ് രാഷ്ട്രങ്ങള്‍ അടങ്ങിയ ജി.സി.സിയെ ബാധിക്കുന്ന എന്തും ചര്‍ച്ചയ്ക്ക് വിധേയമാക്കാവുന്നതാണെന്ന് വിദേശ കാര്യമന്ത്രി പറഞ്ഞു.
ജി.സി.സിയുമായി ബന്ധമില്ലാത്ത ഒന്നും ചര്‍ച്ചയ്ക്ക് വിഷയമാക്കില്ല. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ല. അല്‍ജസീറയും മേഖലാ കാര്യങ്ങളിലുള്ള ഖത്തറിന്റെ വിദേശനയവും രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളാണ്. ഇക്കാര്യങ്ങളൊന്നും ചര്‍ച്ചയ്ക്ക് വിധേയമാകാന്‍ പോകുന്നില്ല ശെയ്ഖ് മുഹമ്മദ് ഉറപ്പിച്ചു പറഞ്ഞു.
അല്‍ജസീറ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതായി ചില ഗള്‍ഫ് രാജ്യങ്ങള്‍ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം അല്‍ജസീറ നിഷേധിച്ചിരുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമാണ് തങ്ങളുടേതെന്ന് അല്‍ജസീറ വ്യക്തമാക്കുന്നു. ഉപരോധം തുടരുകയാണെങ്കില്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു പോവുന്നതിന് ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സഹകരിക്കുമെന്ന് ശെയ്ഖ് മുഹമ്മദ് പറഞ്ഞു. പ്രധാനമായും തുര്‍ക്കി, കുവൈത്ത്, ഒമാന്‍ എന്നിവയെ ആശ്രയിച്ചാണ് തങ്ങളുടെ ബദല്‍ നീക്കം മുന്നോട്ട് പോവുന്നത്. തങ്ങളുടെ വിമാനങ്ങള്‍ക്ക് ഇറാന്‍ ആകാശ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഖത്തറിന് ചരക്കുവിതരണം ഉറപ്പുവരുത്തുന്ന എല്ലാ രാജ്യങ്ങളുമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."