മുഖാമുഖത്തില്‍ കൂടുതല്‍ മാര്‍ക്കിട്ട് പി.എസ്.സിയുടെ തിരിമറി
തിരുവനന്തപുരം: പി.എസ്.സി എഴുത്തുപരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചവരെ മുഖാമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കി റാങ്ക്പട്ടികയില്‍ മുന്നിലെത്തിച്ചതായി ആക്ഷേപം. ആരോപണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇടതുസര്‍ക്കാരിന് കീഴില്‍ പി.എസ്.സിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. വളരെ കണിശമായും കൃത്യതയോടെയും പ്രവര്‍ത്തിച്ചിരുന്ന പി.എസ്.സിയെയാണ് തകര്‍ക്കുന്നത്. പൊലിസ് റാങ്ക് ലിസ്റ്റിലെ ക്രമക്കേടുതന്നെ പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്തിരുന്നു. ആ ലിസ്റ്റില്‍ ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്ന് തെളിയിക്കുന്നതാണ് ആസൂത്രണ ബോര്‍ഡ് ലിസ്റ്റിലെ തിരിമറി. സി.പി.എമ്മിന് വേണ്ടപ്പെട്ടവര്‍ക്കും അനുഭാവികള്‍ക്കും പി.എസ്.സി വഴി ജോലി തരപ്പെടുത്തിക്കൊടുക്കുന്നത് പതിവാക്കി മാറ്റിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ആസൂത്രണ ബോര്‍ഡിലെ മൂന്നു തസ്തികകളിലേക്കു പി.എസ്.സി നടത്തിയ മുഖാമുഖത്തിലാണ് ക്രമക്കേട് ആരോപണം. എഴുത്തു പരീക്ഷയില്‍ 91 മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ഥിക്ക് മുഖാമുഖത്തില്‍ കിട്ടിയത് 11 മാര്‍ക്ക്. മുഖാമുഖത്തിലെ സുപ്രിംകോടതി മാനദണ്ഡവും പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ആസൂത്രണ ബോര്‍ഡില്‍ പ്ലാന്‍ കോഓഡിനേഷന്‍, ഡിസെന്‍ട്രലൈസ്ഡ് പ്ലാനിങ്, സോഷ്യല്‍ സര്‍വിസസ് എന്നീ മൂന്നു ചീഫ് തസ്തികകളിലേക്കു പി.എസ്.സി നടത്തിയ ഇന്റര്‍വ്യൂവിനെക്കുറിച്ചാണ് ആക്ഷേപം.
പി.എസ്.സി പരീക്ഷ നടത്തുന്ന ഉയര്‍ന്ന തസ്തികയാണ് പ്ലാനിങ് ബോര്‍ഡിലെ ചീഫ് തസ്തിക. പ്ലാന്‍ കോഓഡിനേഷന്‍ ചീഫ് തസ്തികയിലെ എഴുത്തുപരീക്ഷയില്‍ 52.5 മാര്‍ക്ക് നേടിയയാളിന് ഇന്റര്‍വ്യൂവിനു നല്‍കിയത് 40ല്‍ 36 മാര്‍ക്ക്.
അതേസമയം, 59.25 മാര്‍ക്ക് എഴുത്തു പരീക്ഷയില്‍ ലഭിച്ചയാളിനെ ഇന്റര്‍വ്യൂവില്‍ 28 മാര്‍ക്ക് മാത്രം നല്‍കി രണ്ടാം റാങ്കിലെത്തിച്ചു.
സമാനമായ രീതിയാണ് മറ്റു രണ്ടു തസ്തികകളിലേക്കും ഉണ്ടായത്. എഴുത്തു പരീക്ഷയില്‍ 91 മാര്‍ക്ക് നേടിയ ഒന്നാം സ്ഥാനത്ത് എത്തിയ ആളിന് ഇന്റര്‍വ്യൂവില്‍ നല്‍കിയതു വെറും 11 മാര്‍ക്ക്. ഇതോടെ കുറഞ്ഞ മാര്‍ക്ക് നേടിയയാള്‍ ഒന്നാം റാങ്കുകാരായി. ഇന്റര്‍വ്യൂവിനു പരമാവധി 70 മാര്‍ക്കേ നല്‍കാവൂ എന്നു സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശമുണ്ട്. അതു മറികടക്കണമെങ്കില്‍ മതിയായ കാരണം വേണം. അങ്ങനെ ചെയ്താല്‍ പോലും അത് എഴുത്തു പരീക്ഷയുടെ മാര്‍ക്ക് അട്ടിമറിക്കുന്ന രീതിയിലാകാന്‍ പാടില്ലെന്നുള്ള മര്‍ഗനിര്‍ദേശവും പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. പി.എസ്.സി ചെയര്‍മാന്‍ അധ്യക്ഷനായ ആറംഗ ബോര്‍ഡ് ആണ് ഇന്റര്‍വ്യൂ നടത്തിയത്. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."