സമാധാനത്തിന്റെ അയല്‍ക്കാരന്‍
എത്യോപ്യ ഇന്ത്യയുടെ അയല്‍രാജ്യമല്ല. ഇന്ത്യയില്‍ നിന്നു നാലായിരത്തിലേറെ കിലോമീറ്റര്‍ അകലെ ആഫ്രിക്കന്‍ വന്‍കരയിലെ തീര്‍ത്തും അപ്രധാനമായ രാജ്യമാണ്.
ഇന്ത്യയെപ്പോലെ അഭിമാനിക്കാവുന്ന ചരിത്രമോ ലോകത്തെ വമ്പന്‍ രാഷ്ട്രങ്ങളെപ്പോലെ അഹങ്കരിക്കാവുന്ന സാമ്പത്തികപ്പൊലിമയോ ഉള്ള രാജ്യമല്ല എത്യോപ്യ. കൊടുംപട്ടിണിയുടെ പേരില്‍ മാത്രം പതിറ്റാണ്ടുകളായി ലോകം സഹതാപത്തോടെ നോക്കിക്കണ്ട ദേശമാണ്.
എത്യോപ്യയിലെ ഇപ്പോഴത്തെ പ്രധാനമന്ത്രി പതിവായി ലോകരാഷ്ട്രങ്ങള്‍ ചുറ്റിക്കാണുകയോ അവിടെനിന്നെല്ലാം ആദരം പിടിച്ചുവാങ്ങുകയോ ചെയ്തിട്ടില്ല. അനേകായിരങ്ങളെ സാക്ഷിനിര്‍ത്തി സ്തുതിഗീതങ്ങള്‍ കേട്ടു രോമാഞ്ചകഞ്ചുകമണിഞ്ഞിട്ടില്ല. സ്വന്തം നാടു നേരിടുന്ന നൂറുകൂട്ടം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുള്ള നെട്ടോട്ടത്തിലായിരുന്നു അദ്ദേഹം.
എന്നിട്ടും, ആ മനുഷ്യന്റെ മഹത്വം എത്യോപ്യക്കാര്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തിരിച്ചറിഞ്ഞു, ഇപ്പോഴിതാ ലോകം ആ മനുഷ്യന്റെ നന്മയ്ക്കു മുന്നില്‍ ആദരവ് അര്‍പ്പിക്കുന്നു.
അബി അഹ്മദ് അലി...
ഈ പേര് സമാധാനത്തിന്റെ പര്യായമാണിന്ന്.
ആലങ്കാരികമായി പറയുകയല്ല, സമാധാനത്തെക്കുറിച്ചും സഹവര്‍ത്തിത്വത്തെക്കുറിച്ചുമെല്ലാം വാതോരാതെ പ്രസംഗിച്ചു നടക്കുന്ന 'ലോകനേതാക്കള്‍' ഒരു നിമിഷം കുറ്റബോധത്തോടെ (അതേ, അങ്ങേയറ്റത്തെ സ്വയം വിമര്‍ശനത്തോടെ) കണ്ടുപഠിക്കേണ്ടതാണ് ഒരു കാലത്ത് ലോകത്തെ ഏറ്റവും ഭീകരമായ പട്ടിണിയുടെ നാട്ടിലെ ഈ ഭരണാധികാരിയെ.
എത്യോപ്യന്‍ പ്രധാനമന്ത്രിയെ സമാധാനത്തിന്റെ പര്യായമെന്നു വിശേഷിപ്പിച്ചത് അദ്ദേഹത്തിന് ഇക്കഴിഞ്ഞ ദിവസം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതുകൊണ്ടല്ല. പുരസ്‌കാരം ഒരുപക്ഷേ, പിറകെ വരുന്ന അംഗീകാരം മാത്രം. ജീവിച്ചിരിക്കുമ്പോഴോ മരിച്ചശേഷമോ നൊബേല്‍ പുരസ്‌കാരം തേടിയെത്താത്ത മഹാത്മജിയെ ഇന്നും ലോകം അങ്ങേയറ്റം ആദരിക്കുന്നുണ്ട്.
ഗാന്ധിജിക്കു തുല്യമായല്ലെങ്കിലും, നൊബേല്‍ പുരസ്‌കാരത്തിന്റെ പിന്‍ബലമില്ലാതെ തന്നെ ലോകം, പ്രത്യേകിച്ച് ഇന്ത്യക്കാര്‍, ഹൃദയത്തില്‍ ഏറ്റുവാങ്ങേണ്ട പേരാണ് അബി അഹ്മദ് അലിയുടേത്. ഇന്ത്യയുടെയും പാകിസ്താന്റെയും ഭരണാധികാരികളുള്‍പ്പെടെ അസൂയയോടെ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് അബി അഹ്മദ് അലിയെന്ന എത്യോപ്യന്‍ പ്രധാനമന്ത്രി.
രണ്ടായിരാമാണ്ടു വരെ, ലോകത്ത് ഏറ്റവും ഭീകരമായി പട്ടിണി നേരിട്ട രാജ്യങ്ങളിലൊന്നാണ് എത്യോപ്യ. ജനസംഖ്യയില്‍ പകുതിയും നിത്യപ്പട്ടിണിക്കാരായിരുന്നു. 1984ല്‍ ആരംഭിച്ച കൊടിയ ദാരിദ്ര്യത്തില്‍ നിന്ന് ആ രാജ്യത്തെ കുറച്ചെങ്കിലും കരകയറ്റാന്‍ രണ്ടു ദശകത്തിലേറെക്കാലത്തെ കഠിനപരിശ്രമം വേണ്ടി വന്നു.
അതിനിടയിലാണ് ആ രാജ്യം നേരിട്ട അതിര്‍ത്തിപ്രശ്‌നവും വംശീയപ്രശ്‌നവും. തങ്ങളെപ്പോലെത്തന്നെ പട്ടിണിക്കാരായ അയല്‍രാജ്യങ്ങളുമായി ശത്രുതയിലായിരുന്നു എത്യോപ്യ. എറിത്രിയയുമായി അതിഭീകരമായ അതിര്‍ത്തിപ്പോരാട്ടത്തിലായിരുന്നു. 1998 മേയില്‍ ആരംഭിച്ച യുദ്ധം ഒരു പരിധിവരെ അവസാനിച്ചത് 2000 ജൂണില്‍. അതിനിടയില്‍ ഇരുപക്ഷത്തുമായി മരിച്ചുവീണത് 80,000 ത്തിലേറെ പേര്‍.
രണ്ടു രാജ്യങ്ങള്‍ക്കും ഓരോ ദിവസവും ഒരു ദശലക്ഷം യു.എസ് ഡോളര്‍ വീതമാണ് യുദ്ധത്തിനായി ചെലവഴിക്കേണ്ടി വന്നതെന്നാണു കണക്ക്. ചെറിയൊരു വിട്ടുവീഴ്ചയിലൂടെ, സ്വയം തെറ്റിദ്ധാരണ മാറ്റിയെടുക്കലിലൂടെ തീര്‍ക്കാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ദുരഭിമാനം ഇരു രാജ്യത്തെയും ഭരണാധിപന്മാരെ അന്തരാക്കി. രണ്ടു രാജ്യങ്ങളും സാമ്പത്തികമായി കൂപ്പുകുത്തി.
ഇതിനിടയിലാണ് വംശീയസ്പര്‍ധ തീര്‍ത്ത ആഭ്യന്തരപ്രശ്‌നങ്ങളുടെ കൊടുമ്പിരിക്കൊള്ളല്‍. ആദ്യകാലത്ത് രാജഭരണത്തിന്റെയും പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെയും ഏകാധിപത്യത്തില്‍ നിന്ന് എത്യോപ്യ 1991 മുതല്‍ ജനാധിപത്യത്തിലേയ്ക്കു കാലൂന്നിയിരുന്നെങ്കിലും വംശീയപ്രശ്‌നങ്ങള്‍ രൂക്ഷമായി നിലനിന്നു. അതു മൂലം 2016ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ഒരുവര്‍ഷം കൊണ്ടു പിന്‍വലിച്ചെങ്കിലും പ്രശ്‌നം തീര്‍ന്നില്ല.
സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ തനിക്കാവില്ലെന്നു ബോധ്യപ്പെട്ട അന്നത്തെ പ്രധാനമന്ത്രിക്കു 2018ല്‍ രാജിവയ്‌ക്കേണ്ടിവന്നു. വീണ്ടും ആറുമാസത്തേയ്ക്ക് അടിയന്തരാവസ്ഥ.
പക്ഷേ, അതെല്ലാം എത്യോപ്യയുടെ നന്മയിലേയ്ക്കുള്ള കുതിപ്പിന്റെ തുടക്കമായിരുന്നു.
2018 ഏപ്രില്‍ മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഓര്‍മോ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റും എത്യോപ്യന്‍ പീപ്പിള്‍സ് റെവല്യൂഷണറി ഡെമോക്രാറ്റിക് മുന്നണിയുടെ അധ്യക്ഷനുമായ അബി അഹ്മദ് അലി എത്യോപ്യയുടെ പ്രധാനമന്ത്രിയായി. മുസ്‌ലിമായ പിതാവില്‍നിന്നും ക്രിസ്തുമതവിശ്വാസിയായ മാതാവില്‍നിന്നും നന്മയുടെയും സഹവര്‍ത്തിത്വത്തിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനായതു കൊണ്ടായിരിക്കാം സാഹോദര്യവും സഹിഷ്ണുതയും പൊറുത്തുകൊടുക്കലും യാഥാര്‍ഥ്യമാക്കലാണു ഭരണാധികാരിയെന്ന നിലയില്‍ തന്റെ ദൗത്യമെന്നു അബി അഹ്മദ് അലി തീരുമാനിച്ചു.
അധികാരമേറ്റ് ഏറെക്കഴിയുംമുമ്പ്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ശത്രുരാജ്യമായ എറിത്രിയയിലേയ്ക്കുള്ള യാത്ര. അവിടെനിന്ന് അദ്ദേഹം സ്വദേശത്തേയ്ക്കു തിരിച്ചെത്തിയത് എറിത്രിയയെന്ന നല്ല അയല്‍ക്കാരനെ സമ്പാദിച്ചുകൊണ്ടായിരുന്നു. അതിര്‍ത്തി സംരക്ഷിക്കേണ്ടതു ശത്രുവിനെ നിഗ്രഹിച്ചുകൊണ്ടല്ല, ശത്രുതയെ നിഗ്രഹിച്ചുകൊണ്ടാണെന്ന മഹനീയമായ പാഠം സ്വന്തം നാട്ടുകാര്‍ക്കും അതുവരെ പരമശത്രുക്കളായിരുന്ന എറിത്രിയക്കാര്‍ക്കും സോമാലിയ പോലുള്ള അയല്‍ക്കാര്‍ക്കും, ലോകമെങ്ങുമുള്ള അതിര്‍ത്തിഭ്രാന്തന്മാരായ ഭരണാധികാരികള്‍ക്കും മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു മനുഷ്യസ്‌നേഹിയായ ആ ഭരണാധികാരി.
ഇതാ കണ്ണു തുറന്നു കാണേണ്ട മറ്റൊരു മാതൃകാപരമായ നടപടി. വംശീയവിരോധത്തിന്റെയും രാഷ്ട്രീയപ്പകയുടെയും പേരില്‍ മുന്‍ഭരണകൂടങ്ങള്‍ ദീര്‍ഘകാലമായി അഴിക്കുള്ളിലടച്ച വിമതനേതാക്കളെയെല്ലാം അബി അഹ്മദ് അലി ജയില്‍മോചിതരാക്കി. ഭീകരവാദികളെന്നും തീവ്രവാദികളെന്നും മുദ്രകുത്തി നാടുകടത്തിയിരുന്ന ആയിരക്കണക്കിനാളുകളെ തിരികെ നാട്ടിലെത്തിച്ചു. എത്യോപ്യ ഒരു വംശത്തിന്റെ മാത്രം നാടല്ല, എല്ലാവരുടെയും ജന്മനാടാണെന്ന് അങ്ങനെ ബോധ്യപ്പെടുത്തി.
സ്വന്തം നാട്ടിലും സ്വന്തം നാടിന്റെ അതിര്‍ത്തിയിലും മാത്രം സമാധാനമുണ്ടാക്കലില്‍ ഒതുങ്ങിയില്ല അദ്ദേഹത്തിന്റെ ദൗത്യം. അയല്‍രാജ്യങ്ങളായ സോമാലിയയും കെനിയയും തമ്മിലുള്ള സമുദ്രാതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാനും നേതൃത്വം കൊടുത്തു എത്യോപ്യന്‍ പ്രധാനമന്ത്രി. ഒരു കാലത്തു കൊടുംപട്ടിണിയുടെ നാടായിരുന്ന, ഇപ്പോഴും കടുത്തപട്ടിണി നിലനില്‍ക്കുന്ന എത്യോപ്യയെ വിശപ്പിന്റെ വിളിയില്‍ നിന്നു രക്ഷിക്കുകയാണ് ഈ ഭരണാധികാരിയുടെ അടുത്ത ലക്ഷ്യം.
നോക്കൂ.., നല്ല ഭരണം കാഴ്ചവയ്ക്കാന്‍ ലോകം മുഴുവന്‍ നിര്‍ത്താതെ ചുറ്റിക്കറങ്ങേണ്ടതില്ല. മെഗാഷോകള്‍ സംഘടിപ്പിക്കേണ്ടതില്ല.., ജനങ്ങളുടെ മനസ്സറിഞ്ഞു ഭരിച്ചാല്‍ മതി.
അതിനുള്ള പക്വത കൈവരാന്‍ പ്രായം ഏറെയൊന്നും വേണ്ട.
ലോകം ആദരിക്കുന്ന സമാധാനത്തിന്റെ അയല്‍ക്കാരനു പ്രായം 43 മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."