പ്രധാനമന്ത്രിയുടെ അനന്തരവള്‍ ഡല്‍ഹിയില്‍ കവര്‍ച്ചയ്ക്കിരയായി
ന്യൂഡല്‍ഹി: പിടിച്ചുപറിയും മോഷണവും രാജ്യതലസ്ഥാനനഗരിയായ ഡല്‍ഹിയില്‍ നിത്യസംഭവമാണ്. ഇത്തരത്തിലുള്ള 99 ശതമാനം കേസുകളിലും പൊലിസ് കാര്യമായ അന്വേഷണം നടത്തുകയോ പ്രതികളെ പിടികൂടുകയോ ചെയ്യാത്തതിനാലാണ് കുറ്റകൃത്യങ്ങള്‍ പെരുകുന്നതെന്ന ആരോപണം നിലനില്‍ക്കെ ഇന്നലെ കവര്‍ച്ചക്കിരയായത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനന്തരവള്‍.
ന്യൂഡല്‍ഹിയിലെ സിവില്‍ ലൈന്‍സില്‍ വച്ചാണ് നരേന്ദ്രമോദിയുടെ സഹോദരപുത്രി ദമയന്തി ബെന്‍ മോദി കവര്‍ച്ചയ്ക്കിരയായത്. ദമയന്തിയുടെ ബാഗും രണ്ടുമൊബൈല്‍ ഫോണുകളും വിലപിടിപ്പുള്ള രേഖകളുമാണ് കവര്‍ച്ചക്കാര്‍ കൊണ്ടുപോയത്. ബാഗില്‍ 56,000 രൂപ ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു.
ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് ദമയന്തി പഞ്ചാബിലെ അമൃത്‌സറില്‍ നിന്ന് ന്യൂഡല്‍ഹിയില്‍ എത്തിയത്. തുടര്‍ന്ന് സിവില്‍ ലൈനിലെ ഗുജറാത്തി സമാജ് ഭവനില്‍ മുറി ബുക്ക് ചെയ്തു. പിന്നീട് ഹോട്ടലിനു മുന്‍പിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ദമയന്തിയുടെ ബാഗും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
ഇന്നലെ വൈകിട്ടുള്ള ന്യൂഡല്‍ഹി- അഹമ്മദാബാദ് വിമാനത്തില്‍ അവര്‍ നാട്ടിലേക്കു പോവാനിരിക്കുകയായിരുന്നു. ബാഗില്‍ വിലപിടിപ്പുള്ള രേഖകളും ഉണ്ടായിരുന്നതിനാല്‍ യാത്ര റദ്ദാക്കേണ്ടിവന്നുവെന്നും അവര്‍ പറഞ്ഞു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഡല്‍ഹി കമ്മിഷനര്‍ ഓഫ് പൊലിസ് പി.ആര്‍.ഒ മന്‍ജീപ് സിങ് രന്ദാവ പറഞ്ഞു. ഹോട്ടലിന് മുന്‍വശത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."