ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ചു വിജയം കാണാതിരുന്ന ഇടത്- കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച നീക്കം വീണ്ടും സജീവമാകുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരേ ഒരുപോലെ പ്രവര്‍ത്തിക്കാനും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നുനില്‍ക്കാനും സംസ്ഥാന ഘടകത്തോട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി ആഹ്വാനംചെയ്തു.
പ്രവര്‍ത്തകരോടുള്ള സോണിയയുടെ സന്ദേശം സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ മന്നാന്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്. വ്യാഴാഴ്ച വൈകിട്ട് സോണിയഗാന്ധിയുമായി ഡല്‍ഹിയിലെ വസതിയില്‍ അബ്ദുല്‍ മന്നാന്റെ നേതൃത്വത്തിലുള്ള ബംഗാള്‍ നേതാക്കള്‍ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
പശ്ചമബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് സോണിയയുമായി ചര്‍ച്ചചെയ്തതെന്നും ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം ആരായാന്‍ അവര്‍ നിര്‍ദേശിച്ചുവെന്നും മന്നാന്‍ പറഞ്ഞു. ബംഗാളില്‍ ബി.ജെ.പിക്കും തൃണമൂലിനുമെതിരേ ഇടതുപാര്‍ട്ടികളെയും കൂട്ടി സംയുക്ത മുന്നണി രൂപീകരിക്കാനും സോണിയ നിര്‍ദേശിച്ചു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇടത്- കോണ്‍ഗ്രസ് സഖ്യം തുടര്‍ന്നിരുന്നുവെങ്കില്‍ സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യം ആകെ മാറുമായിരുന്നു. ബി.ജെ.പിക്ക് ഒരുനിലക്കും സംസ്ഥാനത്ത് സീറ്റുകള്‍ ലഭിക്കുമായിരുന്നില്ലെന്നും സോണിയ പറഞ്ഞതായി മന്നാന്‍ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനം കണക്കിലെടുത്ത് സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഇടത് സഖ്യവുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണം ശക്തിപ്പെടുത്തണമെന്ന നിര്‍ദേശമാണ് ഓഗസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ ബംഗാള്‍ ഘടകം നേതാക്കള്‍ക്ക് സോണിയ നല്‍കിയത്. ഈ മാസം ബംഗാളിലെ മൂന്നു മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നിടത്തും കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കലിയഗഞ്ച് സീറ്റിലും ഖരഗ്പൂരിലും കോണ്‍ഗ്രസും കരിംപൂരില്‍ സി.പി.എമ്മുമാണ് മത്സരിക്കുന്നത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 42 സീറ്റില്‍ 22ലും തൃണമൂല്‍ വിജയിച്ചപ്പോള്‍ 18 ഇടത്ത് ബി.ജെ.പിയും വിജയിക്കുകയുണ്ടായി. 2014ല്‍ ലഭിച്ച രണ്ടുസീറ്റില്‍ നിന്നാണ് ബി.ജെ.പിയുടെ ഈ നേട്ടം. 2014ലെ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തൃണമൂലിന് 12 സീറ്റുകള്‍ കുറയുകയും ചെയ്തു. അതേസമയം, കഴിഞ്ഞതവണ രണ്ടുസീറ്റ് ലഭിച്ച സി.പി.എമ്മിന് ഇത്തവണ ഒരുസീറ്റും ലഭിച്ചതുമില്ല. കോണ്‍ഗ്രസിന്റെ രണ്ടുസ്ഥാനാര്‍ഥികളും വിജയിച്ചു.
നിലവില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടലിലുള്ള ബംഗാളിലെ മമതാ സര്‍ക്കാരിനെ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും പുറത്താക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. 294 അംഗ ബംഗാള്‍ നിയമസഭയിലേക്ക് 2016ല്‍ നടന്ന വോട്ടെടുപ്പില്‍ 211 സീറ്റുകളുമായാണ് തൃണമൂല്‍ അധികാരം നിലനിര്‍ത്തിയത്. ബി.ജെ.പി മൂന്നിടത്തും കോണ്‍ഗ്രസ് 44 ഇടത്തും വിജയിച്ചപ്പോള്‍ 2012ലെ തെരഞ്ഞെടുപ്പില്‍ 62 സീറ്റുകള്‍ ലഭിച്ച സി.പി.എമ്മിന് 32 പേരെ മാത്രമെ വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.എമ്മും സഖ്യംചേരാതെ പരസ്പരം സഹകരിച്ചാണ് മത്സരിച്ചതെങ്കിലും പരീക്ഷണം വിജയിച്ചിരുന്നില്ല. ഈ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കെയാണ് പഴയപരീക്ഷണം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എന്നാല്‍, കോണ്‍ഗ്രസുമായുള്ള സഖ്യത്തോട് സി.പി.എം ഏതുനിലക്ക് പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."