മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറി കത്തിച്ചത് ജീവനക്കാര്‍
തിരുവനന്തപുരം: മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത രണ്ടു ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പെരുങ്ങുഴി മുട്ടപ്പലം ചിലക്കൂര്‍വീട്ടില്‍ വിമല്‍ എം. നായര്‍(20), കാര്യവട്ടം ശ്രീധര്‍മശാസ്താക്ഷേത്രത്തിനു സമീപം സരസ്വതി ഭവനില്‍ ബിനു (36) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും ഫാക്ടറിയിലെ സ്റ്റോറിലെ ജീവനക്കാരാണ് . ഇവര്‍ കുറ്റം സമ്മതിച്ചെന്നും ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തീയിട്ടതെന്ന് ഇരുവരും മൊഴി നല്‍കിയെന്നും പൊലിസ് വ്യക്തമാക്കി. വിമല്‍ എം. നായരാണ് തീയിട്ടതെന്നും ബിനു സഹായിയായിരുന്നുവെന്നുമാണ് പൊലിസ് പറയുന്നത്.
സംഭവ ദിവസം വൈകിട്ട് ഏഴിന് ശേഷം തങ്ങളുടെ ഷിഫ്റ്റ് കഴിഞ്ഞാണ് ഇരുവരും കൃത്യം നടത്തിയത്. തീയിടുന്നതിന് മണ്‍വിളയിലുള്ള ഒരു കടയില്‍ നിന്നാണ് ലൈറ്റര്‍ വാങ്ങിയത്. അടുത്ത ഡ്യൂട്ടിക്കുള്ള ജീവനക്കാര്‍ എത്തുന്നതിനു മുന്‍പ് തീപിടിത്തം നടന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കയറി നിര്‍മാണ യൂനിറ്റില്‍ പാക്കിങിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവര്‍ കൂട്ടിയിട്ട് തീകൊടുക്കുകയായിരുന്നു.
വിമല്‍ ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയാണ്. ആറുമാസം മുമ്പാണ് ബിനു ജോലിക്കുകയറിയത്. വിമല്‍ അടക്കമുള്ള ഏഴു ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 600 രൂപയോളം തൊഴില്‍കരം പിടിച്ചതാണ് കൃത്യത്തിന് പ്രേരണയായതെന്ന് പൊലിസ് പറയുന്നു. ബിനു മാനസിക അസ്വാസ്ഥ്യമുള്ളയാളാണ്. സംഭവ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളും തൊഴിലാളികളുടെ മൊഴിയുമാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. തീപിടിത്തത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്‌സും വെളിപ്പെടുത്തിയിരുന്നു.
പിടിയിലായ രണ്ടുപേര്‍ക്കു പുറമേ മറ്റാര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലിസ് പരിശോധിക്കുന്നുണ്ട്. രണ്ടുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍. അനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."