ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20: ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ആയിരം രൂപയാണ് കുറഞ്ഞ നിരക്ക്. 2000, 3000, 5000 നിരക്കുകളിലുള്ള ടിക്കറ്റുകളും വില്‍പ്പനക്കുണ്ടാവും. വിദ്യാര്‍ഥികള്‍ക്കും ക്ലബുകള്‍ക്കും 1000 രൂപയുടെ ടിക്കറ്റിന്‍മേല്‍ 50 ശതമാനം ഇളവ് നല്‍കും. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാകും ടിക്കറ്റ് വില്‍പന.
അതേസമയം മത്സരം നടക്കുന്ന സ്‌പോര്‍ട്‌സ് ഹബ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനില്‍ക്കുന്നതായി കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ എട്ടിലെ മത്സരത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെങ്കിലും സ്റ്റേഡിയം വില്‍ക്കുന്നത് ഭാവിയില്‍ നടക്കുന്ന മത്സരങ്ങളെ ബാധിക്കുമെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു. അസോസിയേഷന് സ്റ്റേഡിയം ഉടമസ്ഥരുമായുള്ള കരാര്‍ നിലനില്‍ക്കുമ്പോഴാണ് വില്‍പ്പനയുമായി ബന്ധപ്പെട്ട വാര്‍ത്തകളുണ്ടാവുന്നത്. വില്‍പ്പനയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി കെ.സി.എ ചര്‍ച്ച നടത്തും.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരുമിച്ച് നടത്തുന്നതിന് വേണ്ട നടപടികളാണ് ഉണ്ടാവേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട് സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എയുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ജയേഷ് ജോര്‍ജ് അറിയിച്ചു. നിലവില്‍ കൊച്ചിയില്‍ സ്റ്റേഡിയം സംബന്ധിച്ച് കരാര്‍ ഉണ്ടെങ്കിലും പരിശീലനത്തിന് പോലും സ്റ്റേഡിയം ലഭിക്കാത്ത സാഹചര്യമാണ്.
ഫലത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും സ്റ്റേഡിയം ഇല്ലാത്ത അവസ്ഥയാണ്. കലൂര്‍ സ്റ്റേഡിയം പല ഘട്ടങ്ങളിലായി കോടികള്‍ മുടക്കി നവീകരിച്ചതാണ്. കേരള ഫുട്‌ബോള്‍ അസോസിയേഷന് മത്സരം നടത്താന്‍ താല്‍ക്കാലികമായി നല്‍കിയതാണെങ്കിലും പിന്നീട് തിരിച്ചുകിട്ടിയിട്ടില്ല. ഇതുസംബന്ധിച്ച് ജി.സി.ഡി.എ ചെയര്‍മാനുമായി ചര്‍ച്ച നടത്തും. ഇടകൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നതിനായുള്ള തടസങ്ങള്‍ നീക്കിക്കിട്ടുന്നതിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകമെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് താരം ടിനു യോഹന്നാന്റെ നേതൃത്വത്തിലുള്ള ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ എസ്.ഡി കോളജിലേക്ക് താല്‍ക്കാലികമായി മാറ്റാനും അസോസിയേഷന്‍ വാര്‍ഷിക യോഗം തീരുമാനിച്ചു. സീനിയര്‍ സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പും സ്റ്റേറ്റ് അണ്ടര്‍ 19 ക്ലബ് ചാംപ്യന്‍ഷിപ്പും സംഘടിപ്പിക്കും. ബി.സി.സി.ഐ ജനറല്‍ ബോഡി യോഗത്തില്‍ കെ.സി.എയെ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പ്രതിനിധീകരിക്കും. ഓംബുഡ്‌സമാനായി റിട്ട. ഹൈക്കോടതി ജഡ്ജി കെ. പി ജോതീന്ദ്രനാഥിനെയും യോഗം നിയമിച്ചു. ഭിന്നശേഷിക്കാരുടെ ടി20 ചാംപ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമംഗം അനീഷ് രാജന് ലക്ഷം രൂപയുടെ കാശ് അവാര്‍ഡും യോഗത്തില്‍ സമ്മാനിച്ചു.
അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍, ട്രഷറര്‍ കെ.എം അബ്ദുള്‍ റഹ്മാന്‍, വൈസ് പ്രസിഡന്റ് ജാഫര്‍ സേട്ട്, ജോയിന്റ് സെക്രട്ടറി രജിത്ത് രാജേന്ദ്രന്‍, ടിനു യോഹന്നാന്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."