ജയിച്ചേ തീരൂ..
കോഴിക്കോട്: ഐ ലീഗിലും ഐ.എസ്.എല്ലിലും ആശ്വാസ ജയം തേടി കേരളത്തില്‍ നിന്നുള്ള ടീമുകള്‍. ഐ ലീഗില്‍ ഗോകുലം എഫ്.സിയും ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സുമാണ് ഇന്ന് ജയം തേടി ഇറങ്ങുന്നത്. ഗോകുലം ഷില്ലോങ് ലജോങിനെയും ബ്ലാസ്റ്റേഴ്സ് ഗോവയെയുമാണ് നേരിടുന്നത്. ഐ ലീഗില്‍ ഇതുവരെ മൂന്ന് മത്സരം പൂര്‍ത്തിയാക്കിയ ഗോകുലം രണ്ട് മത്സരത്തില്‍ സമനിലയും ഒരു മത്സരത്തില്‍ തോല്‍വിയും ഏറ്റുവാങ്ങി. ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനെതിരേ സമനിലയും രണ്ടാം മത്സരത്തില്‍ ചെന്നൈ സിറ്റിക്കെതിരേ തോല്‍വിയുമായിരുന്നു ഗോകുലത്തിന്റെ സമ്പാദ്യം.
നെരോക്കക്കെതിരേ നടന്ന എവേ മത്സരത്തിലും ഗോകുലത്തിന് സമനിലയായിരുന്നു. ഹോം ഗ്രൗണ്ടില്‍ ഇതുവരെ ജയം സ്വന്തമാക്കാന്‍ ഗോകുലത്തിനായിട്ടില്ല. ഇന്നത്തെ മത്സരത്തില്‍ ജയിക്കാനുറച്ച് തന്നെയാണ് ഗോകുലം ഇറങ്ങുന്നത്. ടൂര്ണമെന്റിലേക്ക് തിരിച്ചുവരണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ജയമല്ലാതെ മറ്റുവഴികളില്ലെന്നായിരുന്നു പരിശീലകന് ബിനോ ജോര്‍ജ് പറഞ്ഞത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഗോകുലത്തിന്റെ മുന്നേറ്റനിരക്ക് കരുത്തില്ലാത്തതിനാലായിരുന്നു ഗോള്‍ക്ഷാമം നേരിട്ടത്. സ്ട്രൈക്കില്‍ കളിക്കുന്ന അന്റോണിയോ ജര്‍മന്റെ ഫിറ്റ്നസ് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ ജര്‍മന്‍ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്.
ഇനിയുള്ള മത്സരങ്ങളില്‍ താരത്തില്‍നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നും ബിനോ കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ രാജേഷിന് കളിയിലെ പരിചയക്കുറവുണ്ടെങ്കിലും താരത്തിന്റെ പ്രകടനം മികച്ചതാണ്. ഇന്നത്തെ മത്സരത്തില്‍ രാജേഷിനെയും ഉല്‍പ്പെടുത്താന്‍ ശ്രമിക്കും.
ചെന്നൈക്കെതിരേയുള്ള മത്സരത്തില്‍ ഗോള്‍ നേടിയ മറ്റൊരു മലയാളി താരം സുഹൈര്‍ ഫോമിലേക്കെത്തിയതും ഗോകുലത്തിന് പ്രതീക്ഷ നല്കുന്ന കാര്യമാണ്. കൃത്യമായ വിന്യാസത്തിലൂടെ കളിക്കാന്‍ ശ്രമിക്കുന്ന ടീമാണ് ലജോങ്, അതിനാല്‍ അവരുടെ നീക്കങ്ങള്ക്കനുസരിച്ചുള്ള പദ്ധതിയാണ് ഇപ്പോള്‍ തയാറാക്കിയിട്ടുള്ളതെന്നും ബിനോ കൂട്ടിച്ചേര്‍ച്ചു. കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ലജോങ് ടീം കളിയുടെ മൂന്ന് ദിവസം മുമ്പ് തന്നെ കോഴിക്കോട്ടെത്തിയിരുന്നു. ഇത് ലജോങ്ങിന്റെ പ്രകടനത്തില്‍ നമുക്ക് കാര്യമായി കാണാനാകും. നെരോക്കയുമായുള്ള എവേ മത്സരത്തില്‍ ഗോകുലത്തിന് പറ്റിയ പ്രശ്നവും അതായിരുന്നു. മത്സരത്തില്‍ തൊട്ടുതലേദിവസം മാത്രം അവിടെയെത്തിയ ടീമിന് കാലാവസ്ഥയുമായി ഇഴകിച്ചേരാന്‍ സമയം കിട്ടാത്തത് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിരുന്നെന്നും ബിനോ പറഞ്ഞു. കരുത്തരായി വരുന്ന ഗോകുലത്തെ സ്വന്തം ഗ്രൗണ്ടില്‍ പരാജയപ്പെടുത്തുക എന്നത് വലിയ കാര്യമാണെന്നും അതിന് വേണ്ടി ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും ലജോങ് പരിശീലകന് താങ്പോ പറഞ്ഞു.
കേരളത്തിലെ കാലാവസ്ഥയുമായി ടീം ഏറെക്കുറെ പൊരുത്തപ്പെട്ടിട്ടുണ്ട്. ഗോകുലത്തിനെതിരേ ജയിക്കാനാകുമെന്നാണ് പ്രതീക്ഷ.
മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഗോകുലമുള്ളത്. മൂന്ന് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റുള്ള ഷില്ലോങ് ലജോങ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് നില്ക്കുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ മിനര്‍വ പഞ്ചാബ് 2-1 എന്ന സ്കോറിന് ഐസ്വാള്‍ എഫ്.സിയെ പരാജയപ്പെടുത്തി.
ഇന്ത്യന്‍ ആരോസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മോഹന്‍ ബഗാനോട് പരാജയപ്പെട്ടു. ഗോള്‍ മടക്കുന്നതിനായി ആരോസിന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."