യമന്‍ ആഭ്യന്തര യുദ്ധം; സഖ്യസേനയ്ക്കുള്ള സഹായം നിര്‍ത്താന്‍ അമേരിക്ക-സഊദി ധാരണ
സന്‍ആ: യമനില്‍ വിമതര്‍ക്കെതിരേ പോരാടുന്ന സഖ്യസേനയ്ക്കു നല്‍കുന്ന സഹായം നിര്‍ത്തിവയ്ക്കാന്‍ അമേരിക്കയും സഊദിയും തമ്മില്‍ ധാരണയായി. യുദ്ധക്കെടുതികള്‍ക്കു പുറമേ യമനിനെ കടുത്ത ദാരിദ്ര്യത്തിലേക്കുകൂടി തള്ളിവിട്ട ആഭ്യന്തര യുദ്ധത്തില്‍ നിര്‍ണായകമായ തീരുമാനമാണ് സഖ്യസേനയ്ക്കു നേതൃത്വം നല്‍കുന്ന ഇരുരാജ്യങ്ങളും കൈക്കൊണ്ടിരിക്കുന്നത്.
സഖ്യസേനയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതു പിന്നീട് യു.എസ് ഭരണകൂടം സ്ഥിരീകരിക്കുകയും ചെയ്തു. യമനില്‍ യുദ്ധക്കുറ്റം ചെയ്തതായുള്ള രാജ്യാന്തര ഏജന്‍സികളുടെ ആരോപണം ശക്തമായതിനു പുറമേ, മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധംകൂടി സഊദിക്കു തിരിച്ചടിയായ വേളയിലാണ് ഇത്തരമൊരു തീരുമാനമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം അമേരിക്കയും ബ്രിട്ടനും ഹൂതികളുമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു.
യമനില്‍ ഹൂതികള്‍ക്കെതിരായ സൈനിക നടപടികള്‍ക്കു നേതൃത്വം നല്‍കാന്‍ 23 വിമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കപ്പല്‍പ്പടതന്നെ സഊദിക്കുണ്ട്.
ഇതില്‍ ആറ് 330 എയര്‍ബസ് എം.ആര്‍.ടി.ടിയും ഉള്‍പ്പെടും. സഊദിക്കു പുറമേ, യു.എ.ഇയുടെ ആറ് എയര്‍ബസ് വിമാനങ്ങളും സൈനിക നടപടിയില്‍ പങ്കെടുക്കുന്നുണ്ട്.
നാലു വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതിനകം പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിനു പേര്‍ ഭവനരഹിതരായി. ലക്ഷങ്ങള്‍ മറ്റു നാടുകളിലേക്കു പലായം ചെയ്യുകയുമുണ്ടായി. ഇതിനു പുറമേ, പകര്‍ച്ചവ്യാധികള്‍ അടക്കമുള്ള കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും വന്‍ ദാരിദ്ര്യവുമാണ് യമന്‍ ജനത അനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."