എ.ഐ.എ.ഡി.എം.കെയ്ക്ക് ആയുസില്ലെന്ന് ടി.ടി.വി ദിനകരന്‍
ചെന്നൈ: അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുവരെ മാത്രമേ അണ്ണാ ഡി.എം.കെയ്ക്ക് ആയുസുള്ളൂവെന്ന് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവും എം.എല്‍.എയുമായ ടി.ടി.വി ദിനകരന്‍. ബി.ജെ.പിയുടെ നിഴലില്‍ ജീവിക്കുന്നുവെന്നല്ലാതെ അണ്ണാ ഡി.എം.കെയ്ക്ക് ഇപ്പോള്‍ പ്രത്യേക കാഴ്ചപ്പാടൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ 90 ശതമാനം അണ്ണാ ഡി.എം.കെ പാര്‍ട്ടി പ്രവര്‍ത്തകരും മനസുകൊണ്ടു തനിക്കൊപ്പമാണ്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 20 മണ്ഡലങ്ങളും തങ്ങള്‍ക്കൊപ്പം നില്‍ക്കും. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന അണ്ണാ ഡി.എം.കെ ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മധുരയില്‍ താന്‍ താമസിച്ച ഹോട്ടലില്‍ സ്റ്റാലിനുമുണ്ടായിരുന്നു എന്നല്ലാതെ തങ്ങള്‍ തമ്മില്‍ ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡി.എം.കെയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടില്ല. ഡി.എം.കെയുമായോ ബി.ജെ.പിയുമായോ ഒരു തരത്തിലുള്ള സഖ്യത്തിനുമില്ല. എടപ്പാടി പളനിസാമി സര്‍ക്കാരിനെ അധികാരത്തില്‍നിന്നു താഴെയിറക്കുകയെന്നതാണ് തങ്ങളുടെ പ്രഥമ ദൗത്യം.
പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ വരുന്നതും നേതാക്കളുടെ മരണത്തോടെ അവ ഇല്ലാതാകുകയും ചെയ്യുന്നത് സാധാരണയാണെന്നും കമല്‍ ഹാസന്‍, രജനീകാന്ത് എന്നിവരുടെ പാര്‍ട്ടികളെക്കുറിച്ച് പറയവേ ദിനകരന്‍ വ്യക്തമാക്കി. ശിവാജി ഗണേശന്‍ ഉണ്ടാക്കിയ പാര്‍ട്ടിയുടെ അവസ്ഥ ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."