പകര്‍ച്ചവ്യാധി നിയന്ത്രണം ജനകീയ സമിതികള്‍ 25നകം ചേരണം
കല്‍പ്പറ്റ: പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളും നഗരസഭകളും ഈമാസം 25നകം ജനകീയസമിതികള്‍ ചേരണം.
30നകം പഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണമെന്നും കലക്ടറേറ്റില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി നിയന്ത്രണ അവലോകന യോഗം തീരുമാനിച്ചു. ജനകീയ പങ്കാളിത്തത്തോടെ ഗ്രാമങ്ങള്‍ തോറും സാംക്രമിക രോഗങ്ങള്‍ തടയുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് യോഗം നിര്‍ദേശം നല്‍കി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരെല്ലാം പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് മുന്നിട്ടിറങ്ങണം.
പനികള്‍ പടര്‍ത്തുന്ന കൊതുകുകളുടെ ഉറവിട നശീകരണത്തിന് മുന്‍ഗണന നല്‍കണം. വീടുകള്‍ക്ക് സമീപം ചിരട്ടകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കണം. വീട്ടുകാരെയും ഉറവിട നശീകരണത്തിന് പ്രേരിപ്പിക്കണം.
പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങള്‍ കൃത്യതയോടെ വിലയിരുത്തണം. മാലിന്യങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നത് കര്‍ശനമായി തടയണം. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കണമെന്ന് യോഗം നിര്‍ദേശം നല്‍കി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ വിവേക് കുമാര്‍, ഡോ. കെ.എം മോഹനന്‍, ഡോ. എ.ടി സുരേഷ്, ഡോ.ബി അഭിലാഷ്, ഡോ. വി.ജിതേഷ്, മാസ് മീഡിയ ഓഫിസര്‍ കെ.പി സാദിഖലി സംസാരിച്ചു. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് തലഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."