നവോത്ഥാനത്തെ എതിര്‍ക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയില്‍: മന്ത്രി കെ.ടി ജലീല്‍
കൊണ്ടോട്ടി: നവോഥാന പുരോഗമന നടപടികളെ എതിര്‍ക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണെണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പരിഷ്‌കാര്‍ത്താക്കളുടെ നിരന്തര ഇടപെടലാണ് ലോകത്ത് ദുരാചാരങ്ങള്‍ ഇല്ലായ്മ ചെയ്തത്.
അന്ധവിശ്വാസങ്ങള്‍ എല്ലാ കാലത്തും പ്രചരിപ്പിച്ചിട്ടുള്ളത് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രസക്തി ഇന്നും നഷ്ടപെട്ടിട്ടില്ലെന്നാണ് കേരളത്തിലെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എ.ഡി.എം വി. രാമചന്ദ്രന്‍ അധ്യക്ഷനായി. 'നവോത്ഥാന പോരാട്ട സ്മരണ' പ്രഭാഷണം മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയികളായ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസിലെ ടി. ആദില്‍, എം.എസ്.പി.എച്ച്.എസ്.എസിലെ അനീസ് ഫയാസ് എന്നിവര്‍ക്കുള്ള ഉപഹാരം മന്ത്രി നല്‍കി. മാപ്പിളകലാ അക്കാദമിയുടെ വാര്‍ത്താ പത്രിക മന്ത്രി കെ.ടി ജലീല്‍ അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസക്ക് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍, നഗരസഭാ കൗണ്‍സിലര്‍ പി. അബ്ദുറഹ്മാന്‍, ജില്ലാ ലൈബ്രറി കൗസില്‍ സെക്രട്ടറി എന്‍. പ്രമോദ് ദാസ്, വിമുക്തി കോഡിനേറ്റര്‍ ബി. ഹരികുമാര്‍, പുരാരേഖാ വകുപ്പ് ജില്ലാ കോഡിനേറ്റര്‍ കെ.പി സുപിന്‍, വൈദ്യര്‍ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."