ബന്ധുനിയമനം; മന്ത്രി ജലീലിനെതിരേ വ്യാപക പ്രതിഷേധം
മലപ്പുറം: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരേ ജില്ലയില്‍ വ്യാപക പ്രതിഷേധം. ജില്ലയിലുടനീളം ഇന്നലെ നടന്ന വിവിധ സര്‍ക്കാര്‍ പരിപാടികള്‍ക്കായെത്തിയ ജലീലിനെതിരേ മുഴുവന്‍ കേന്ദ്രങ്ങളിലും മുസ്‌ലിം യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിയും ചീമുട്ടയേറും അകമ്പടിയായ പ്രതിഷേധം പലയിടങ്ങളിലും ലാത്തിച്ചാര്‍ച്ചിലും അറസ്റ്റിലുമാണ് കലാശിച്ചത്.
മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയില്‍ നിന്നിറങ്ങിയതുമുതല്‍ വഴിവക്കിലെല്ലാം ഇന്നലെ മന്ത്രിക്ക് നേരെ പ്രതിഷേധമു@ായി. രാവിലെ പത്തോടെ കാവുംപുറത്തുള്ള വസതിയില്‍ നിന്ന് റോഡിലേക്കിറങ്ങിയപ്പോള്‍ വളാഞ്ചേരി മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വളാഞ്ചേരി മീമ്പാറയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി വസതിയില്‍ നിന്നിറങ്ങിയപ്പോഴായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് കുതിച്ചെത്തിയത്. വളാഞ്ചേരി എസ്.എച്ച്.ഒ പി.പ്രമോദിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പൊലിസാണ് മന്ത്രിക്ക് സുരക്ഷയെക്കാന്‍ നിലയുറപ്പിച്ചിരുന്നത്. യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
കൊണ്ടോട്ടിയില്‍ 21 പേര്‍ അറസ്റ്റില്‍
കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ 21 പേര്‍ അറസ്റ്റിലായി. ഇന്നലെ രാവിലെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല പരിപാടിയുടെ ഉദ്ഘാടനത്തിയപ്പോഴാണ് കൊണ്ടോട്ടിയില്‍ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം.
പൊലിസ് വലയത്തില്‍ റോഡില്‍ കിടന്ന പ്രതിഷേധിച്ച പ്രവര്‍ത്തകരെ തൂക്കിയെടുത്താണ് വാഹനത്തില്‍ കയറ്റിയത്. അറസ്റ്റിലായ 21 പ്രവര്‍ത്തകരെ പിന്നീട് ആള്‍ജാമ്യത്തില്‍ വിട്ടു. മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്തെത്തിയിരുന്നു.കൊണ്ടോട്ടിയില്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ജില്ലാ ആസ്ഥാനത്തും പ്രതിഷേധം
കൊണ്ടോട്ടിയിലെ പ്രതിഷേധത്തിന് ശേഷം ജില്ലാ ആസ്ഥാനത്തുള്ള ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ജലീലിനെ യു.ഡി.എഫ് യുവജന സംഘടനകള്‍ സംയുക്തമായാണ് നേരിട്ടത്. ആലത്തൂര്‍പടിയില്‍ തടഞ്ഞ് പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.
പൊലിസ് ഇടപെട്ടാണ് മന്ത്രിയെ ഇവിടെ നിന്നും കടത്തിവിട്ടത്. മേല്‍മുറിയില്‍ നടന്ന ഐ.ടി.സി ഫീ റീ ഇമ്പേഴ്‌സ്‌മെന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടത്തില്‍ പങ്കെടുത്ത മന്ത്രി പിന്നീട് ശക്തമായ പൊലിസ് കാവലിലാണ് ഉച്ചക്ക് 12ഓടെ മൈലപ്പുറം ശിശുക്ഷേമ സമിതി ഭവനില്‍ നടന്ന സ്മാര്‍ട്ട് ചൈല്‍ഡ് പദ്ധതി, ശിശുദിനാഘോഷ ഉദ്ഘാടനത്തിനെത്തിയത്.
കുട്ടികളുമായി ബന്ധപ്പെട്ട പരിപാടിയായതിനാല്‍ ഇവിടെ പ്രതിഷേധം സംഘടിപ്പിക്കേണ്ടെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് തീരുമാനിച്ചിരുന്നു. മലപ്പുറം നഗരസഭാ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തിലേക്ക് വരുന്നവഴി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ചു. ഇവിടെ പൊലിസ് ലാത്തിവീശി. നഗരസഭാ ഹാളിലെ ചടങ്ങില്‍ മന്ത്രിയുടെ പ്രസംഗത്തിന് ശേഷം യൂത്ത്‌ലീഗ് വേദിയിലേക്ക് കയറിയും കരിങ്കൊടി കാട്ടി. ഇവരെ കസ്റ്റഡിയിലെടുത്തുനീക്കുകയായിരുന്നു.
കുണ്ടൂരിലും തിരൂരങ്ങാടിയിലും വാഹനം തടഞ്ഞു; 12 പേര്‍ക്ക് പരുക്ക്
മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കുണ്ടൂരിലും തിരൂരങ്ങാടിയിലും മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചു. കുണ്ടൂരില്‍ ഉറൂസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കുണ്ടൂര്‍ അത്താണിക്കലില്‍ നൂറോളം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞത്. പൊലിസ് ലാത്തിവീശി.
കുണ്ടൂരിലെ പരിപാടിക്ക് ശേഷം കോട്ടക്കല്‍ ഭാഗത്തേക്ക് പോകേണ്ട മന്ത്രി യാത്ര തിരൂരങ്ങാടി വഴിയാക്കിയെങ്കിലും അവിടെയും യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ച് ഒരു മിനുറ്റോളം മന്ത്രിയെ തടഞ്ഞിട്ടു. പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാറിന് നേരെ കരിങ്കൊടി വീശി. പ്രവര്‍ത്തകരെ പൊലിസ് ലാത്തി വിശീ ഓടിച്ചു. കുണ്ടൂരില്‍ നാല് പ്രവര്‍ത്തകര്‍ക്കും, തിരൂരങ്ങാടിയില്‍ എട്ട് പേര്‍ക്കും പരുക്കേറ്റു.
ബീരാഞ്ചിറയില്‍ വാഹനം തടഞ്ഞിട്ടു
വൈകിട്ടോടെ തിരൂരിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു മന്ത്രിയുടെ പരിപാടി. പെരുന്തല്ലൂരില്‍ മദ്‌റസ കുഞ്ഞന്‍പടി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘടിച്ച് മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടുകയും വാഹനത്തിന് മുകളിലേക്ക് ചീമുട്ടയെറിയുകയും ചെയ്തു. ബീരാഞ്ചിറ അങ്ങാടിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞിട്ടു. പൊലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി മന്ത്രിയ്ക്ക് വഴിയൊരുക്കിയെങ്കിലും ഉദ്ഘാടന വേദിയിലേക്ക് എത്തും മുന്‍പ് മൂന്നിടങ്ങളില്‍ വീണ്ടും പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു.
തൃപ്രങ്ങോട്ട് മുട്ടയേറ്
തിരുന്നാവായ പുത്തനത്താണിയില്‍ നിന്നും തൃപ്രങ്ങോട്ടേക്കുള്ള യത്രാമധ്യേ പട്ടര്‍നടക്കാവില്‍ മന്ത്രിയെ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് കരിങ്കൊടി കാണിച്ചു. പൊലിസ് ലാത്തിവീശിയോടിച്ചാണ് മന്ത്രിയെ രക്ഷപ്പെടുത്തിയത്. ഇവിടെ നിന്നും തൃപ്രങ്ങോട് പെരുന്തല്ലൂരിലെ റോഡ് ഉദ്ഘാടനത്തിന് എത്തിയ മന്ത്രിയെ ബീരാഞ്ചിറയില്‍ യൂത്ത്‌ലീഗ്, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധം വകവെക്കാതെ മുന്നോട്ട് നീങ്ങിയ മന്ത്രിയുടെ കാറിനുനേരെ മുട്ടയേറുമുണ്ടായി. ഇതോടെ പൊലിസ് പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."