കെ.എസ്.ടി.പി അവഗണന: ഉദുമയില്‍ മനുഷ്യ ഡിവൈഡര്‍ തീര്‍ത്തു
ഉദുമ: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ ഉദുമ ടൗണില്‍ കെ.എസ്.ടി.പി റോഡില്‍ ഡിവൈഡര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഉദുമ വികസന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക മനുഷ്യ ഡിവൈഡര്‍ തീര്‍ത്തു. ഉദുമ സിന്‍ഡിക്കേറ്റ് ബാങ്ക് മുതല്‍ സഹകരണ ബാങ്ക് വരെ തീര്‍ത്ത പ്രതീകാത്മക ഡിവൈഡറില്‍ നൂറോളം പേര്‍ അണിനിരന്നു.
ഉദുമയിലെ ജനങ്ങളുടെയും ഉദുമ ടൗണില്‍ കൂടിയുള്ള വഴിയാത്രക്കാരുടെയും ജീവന്‍ സംരക്ഷിക്കുന്നതിനും ഈ സംസ്ഥാന പാത അപകട രഹിതമാക്കുന്നതിനും വേണ്ടി ഡിവൈഡര്‍ സ്ഥാപിക്കുന്നതു വരെ ജനം ഒറ്റക്കെട്ടായി സമരരംഗത്തുണ്ടാകുമെന്ന് മനുഷ്യ ഡിവൈഡറില്‍ അണിനിരന്നവര്‍ പ്രതിജ്ഞയെടുത്തു.
റോഡ് പ്രവര്‍ത്തി പൂര്‍ത്തിയായിട്ടും ഡിവൈഡര്‍ നിര്‍മിക്കാത്തതിനാല്‍ വാഹനങ്ങള്‍ തെറ്റായ ദിശയിലും അതിവേഗത്തിലും മറികടക്കുന്നതു കൊണ്ട് അപകടങ്ങള്‍ പതിവാകുകയാണ്. ബിറ്റുമിന്‍ മെക്കാഡം രീതിയില്‍ പാതയുടെ പുനര്‍ നിര്‍മാണം നടന്നു ദിവസങ്ങള്‍ക്കകം ചെറുതും വലുതുമായി പതിനാലോളം അപകടങ്ങളാണു സംഭവിച്ചത്. നാലു പേര്‍ അപകടത്തില്‍ മരിക്കുകയും ചെയ്തു. ജനത്തിരക്കേറിയ ടൗണില്‍ നിലവില്‍ പുനര്‍ നിര്‍മിച്ച റോഡിന് ആവശ്യമായ വീതിയില്ലാത്തതിനാലും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനോ പരിശോധിക്കുവാനോ ആവശ്യമായ കാമറയോ ബാരിക്കേഡോ നിര്‍മിക്കാത്തതിനാലും ഭീഷണി നിലനില്‍ക്കുകയാണ്.
കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കെ.എ മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് ഷരീഫ്, ഉദുമ വികസന ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ.വി ഹരിഹര സുധന്‍, കണ്‍വീനര്‍ ഫറൂഖ് കാസ്മി, ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പ്രഭാകരന്‍ തെക്കേക്കര, കെ. സന്തോഷ് കുമാര്‍, മെമ്പര്‍മാരായ ഹമീദ് മാങ്ങാട്, കെ.വി അപ്പു, ചന്ദ്രന്‍ നാലാം വാതുക്കല്‍, രജിതാ അശോകന്‍, ബീവി അഷറഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍, വ്യാപാരികള്‍ , ഉദുമക്കാര്‍ കൂട്ടായ്മ അംഗങ്ങള്‍, തൊഴിലാളി സംഘടനകള്‍, ഓട്ടോ ടാക്‌സി ഡൈവര്‍മാര്‍ തുടങ്ങി നിരവധി പേര്‍ അണിനിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."