മുത്തുനബിക്കു മുന്‍പില്‍ മാറാപ്പുമായി
ഒരു യാചകന്റെ നിലവിളിയാണ് ഈ കവിത. പട്ടിണിയായിപ്പോയ ഒരാള്‍ മാറാപ്പിലേക്കൊരുപിടി അന്നമോ നാളത്തേക്കൊരു അണയോ ചോദിച്ചുയാചിച്ച് ഒരു വാതില്‍ക്കല്‍ കാത്തുകെട്ടിക്കിടക്കുകയാണ്. ഈ രൂപകം ഭൗതികമായ ദാരിദ്ര്യത്തിന്റെയോ പട്ടിണിയുടെയോ ഭാവംവിട്ടു ആത്മീയമായ ദാരിദ്ര്യത്തിലേക്കും അനാഥത്വത്തിലേക്കും അലച്ചിലുകളിലേക്കും അനാശ്രയങ്ങളിലേക്കും അവയ്ക്കുള്ള പരിഹാരമായി പ്രവാചകന്റെ സ്‌നേഹത്തിലേക്കും അതുതരുന്ന മഹാഭിക്ഷകളിലേക്കും അനുവാചകരെ കൊണ്ടുപോകുന്നു. പൂര്‍ണം അലഹബാദി രചിച്ചു സാബ്‌രി സഹോദരങ്ങളുടെ ആലാപനത്തിലൂടെ അതിപ്രശസ്തമായിത്തീര്‍ന്ന ഖവാലിയാണ് 'ഭര്‍ ദോ ജോലീ മേരി യാ മുഹമ്മദ്'. സാഹിത്യഭംഗിതുളുമ്പുന്ന ഉര്‍ദുവില്‍ പ്രവാചകസ്‌നേഹത്തിന്റെ സങ്കീര്‍ത്തനങ്ങളും പരിദേവനകളുമാണ് ഈ നഅത്തിലുള്ളത്. അന്ത്യനാളില്‍ മുഹമ്മദ് നബിയുടെ ശുപാര്‍ശയാണ് എല്ലാ വിശ്വാസികളുടെയും പ്രതീക്ഷ. ഇരുലോകത്തും പ്രവാചകന്റെ കരുണതേടുന്ന കവി അവിടുത്തെ ശുപാര്‍ശയെ വര്‍ണിക്കുന്ന നിരവധി വരികളുണ്ടിതില്‍. പ്രവാചകനു പുറമെ കര്‍ബലയുടെ രക്തസാക്ഷിയും പ്രവാചകന്റെ പേരമകനുമായിരുന്ന ഹുസൈന്‍, മദീനയുടെ ബാങ്കുവിളിക്കാരന്‍ ബിലാല്‍ എന്നിവരും ഈ കലാമിലെ പ്രതിപാദ്യപുരുഷരാണ്.
ഭര്‍ ദോ ജോലീ മേരി യാ മുഹമ്മദ് ്യു പൂര്‍ണം അലഹബാദി ്യു സാബ്‌രി സഹോദരങ്ങള്‍
മദീനയുടെ രാജാവേ,
ദൈവത്തെയോര്‍ത്തെന്റെ പരിദേവനം കേള്‍ക്കൂ!
ദൈവത്തിന്റെ പ്രിയങ്കരെേദെവത്തെയോര്‍ത്തെന്നോടു
കരുണകാണിക്കൂ!
പ്രവാചകരെ,
പ്രത്യാശയുടെ മുകുളങ്ങളിനി കിളിര്‍ത്തോട്ടെ.
അങ്ങയുടെ വാതില്‍ക്കല്‍
പാപ്പരായും പിച്ചായാചിച്ചും
വന്നുനില്‍ക്കുന്നു ഞാന്‍.
മുഹമ്മദ് നബിയേ, എന്റെ മാറാപ്പുനിറക്കൂ
കാലിക്കയ്യുമായി മടങ്ങിപ്പോവുകയില്ല ഞാന്‍.
അങ്ങയുടെ വാതില്‍ക്കല്‍ നിന്നു
ലോകം നേടാത്തതെന്തുണ്ട്
ആ വാതില്‍ക്കല്‍ വന്നവരാരും
കാലിക്കയ്യുമായി മടങ്ങിയിട്ടില്ലല്ലോ.
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ തമ്പുരാനേ
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ കിരീടമേ..
നബിയേ,
അങ്ങ് ലോകത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവനല്ലേ,
കൂട്ടില്ലാത്തവരുടെ സഹായിയല്ലേ..
സ്വന്തക്കാരോ അല്ലാത്തവരോ എന്നുനോക്കാതെ
സകലരെയും അങ്ങുകേള്‍ക്കുന്നു.
പാവങ്ങളുടെ ആശ്വാസമാണങ്ങ് നബിയേ..
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ കുലപതിയേ
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ കിരീടമേ..
കഠിനയാതനകളാല്‍ തകര്‍ന്നവനാണ് ഞാന്‍.
വിപത്തുകള്‍ക്കടിക്കപ്പെട്ടവന്‍,
ദുഃഖത്താല്‍ തോല്‍പ്പിക്കപ്പെട്ടവന്‍.
ദൈവത്തെയോര്‍ത്തെനിക്കെന്തെങ്കിലും
ഭിക്ഷതരണം നബിയേ..
കാലിമാറാപ്പും തുറന്നിട്ടുവന്നിരിക്കുന്നു ഞാന്‍.
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ മകുടമേ
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ കിരീടമേ..
ലോകമഖിലവുമെനിക്കെതിരാണ്,
എന്റെ നിസഹായത ഞാനെവിടെച്ചെന്നു കാണിക്കും
ഓ മുസ്തഫാ, ഞാനങ്ങയുടെ ഭിക്ഷാടകന്‍,
മറ്റാരുടെ മുന്നില്‍ കൈനീട്ടാനാണ് ഞാന്‍
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ കുലപതിയേ
എന്റെ മാറാപ്പുനിറക്കൂ, മദീനയുടെ കിരീടമേ..
മുഹമ്മദ് നബിയേ, എന്റെ മാറാപ്പുനിറക്കൂ
കാലിക്കയ്യുമായി മടങ്ങിപ്പോവുകയില്ല ഞാന്‍.
അങ്ങയുടെ പേരക്കിടാവിന്റെ ദാനം വാങ്ങട്ടെ ഞാന്‍
വാതില്‍ക്കല്‍ യാചിച്ചലയുന്നു ഞാന്‍.
ഉല്‍കൃഷ്ടതയുടെ നിദര്‍ശനങ്ങള്‍
ഉണ്മയാല്‍ വരിച്ചവനാണങ്ങ്.
ഇരുലോകങ്ങളുടെയും നായികാ, വണക്കം.
അങ്ങയുടെ കരുണാകടാക്ഷം
ആരുടെമേല്‍ പതിയുന്നുവോ
അവരുടെ ഭാഗ്യതാരകം തെളിഞ്ഞു.
മുഹമ്മദിന്റെ പ്രിയങ്കരപേരക്കിടാവ്
ജീവിതം നാഥനു ബലിയായി നല്‍കി,
സത്യമതത്തിന്റെ അന്തസ്സ് കാത്തു,
സാഷ്ടാംഗത്തില്‍ ഗളഛേദിതനായി...
അലിയുടെ പുത്രന്‍ ചെയ്തതെത്ര ഗംഭീരം,
ഹുസൈന്റെ ത്യാഗത്തിന്റെ പരിണതിയെത്ര മഹത്തരം!
ഫാത്തിമയുടെ കണ്‍കുളിര്‍മയായവന്‍
ഈയൊരു ത്യാഗത്തിലൂടെ
സത്യദീനിന്റെ മഹിമയെമ്പാടുമേറ്റി.
സ്വന്തം ജീവന്‍ കൊടുത്തദ്ദേഹം
ഇസ്‌ലാമിന് ജീവന്‍ വയ്പ്പിച്ചു.
ഹസ്‌റത് ഹുസൈന്റെ പദവിയെത്ര ശോഭനം!
കര്‍ബലയുടെ മൈതാനിയില്‍
സല്‍ശീലങ്ങളുടെ രാജാവായിരുന്നു അദ്ദേഹം.
മുഹമ്മദിന്റെ പ്രിയന്റെ ശിരസ്സു മണ്ണില്‍വീണു
സാഷ്ടാംഗവേളയില്‍...
മുഹമ്മദിന്റെ പ്രിയങ്കരപേരക്കിടാവ്
ജീവിതം നാഥനു ബലിയായി നല്‍കി,
സത്യമതത്തിന്റെ അന്തസ്സ് കാത്തു,
സാഷ്ടാംഗത്തില്‍ ഗളഛേദിതനായി...
അന്ത്യനാളില്‍ തിരുനബിയെ കാണുംമാത്രയില്‍
ആനന്ദത്താല്‍ മൊഴിയും വിശ്വാസികള്‍:
'നോക്കൂ, അതാവരുന്നു മുഹമ്മദ്
കഴുത്തിലൊരു കറുത്തതട്ടവും ചുറ്റി..'
വിധിതീര്‍പ്പുനാളില്‍
ദൈവത്തിനു മുന്‍പാകെനില്‍ക്കുമ്പോള്‍,
പാപികളുടെ ഹൃത്തടങ്ങള്‍ അസ്വസ്ഥമാകും.
അങ്ങുവരുന്നത് അനുയായികള്‍ കാണുമ്പോള്‍
പരസ്പരം ആനന്ദത്താലവര്‍ മൊഴിയും:
'നോക്കൂ, അതാവരുന്നു മുഹമ്മദ്
കഴുത്തിലൊരു കറുത്തതട്ടവും ചുറ്റി..'
വിധിതീര്‍പ്പുനാളില്‍
പാപികളെ ചോദ്യംചെയ്യുമ്പോള്‍,
ഓരോ മനുഷ്യനുമവനവന്റെ പ്രായശ്ചിത്തങ്ങളില്‍
നിശ്ചയമായും മുഴുകുമ്പോള്‍,
അന്നാളിലെല്ലാ പ്രതീക്ഷയും
ആ കറുത്തതട്ടക്കാരനിലായിരിക്കും,
അവിടേക്കുണ്ടാകും മുഹമ്മദിന്റെ വരവ്.
കാലമാവേളയില്‍ വിളിച്ചുപറയും:
'ഓ ദുഃഖിതരേ, വ്യഥിതരേ വരൂ..
പാപികളേ പേടിക്കാതിരിക്കൂ,
പാപികളേ പേടിക്കാതിരിക്കൂ!
നോക്കൂ, അതാവരുന്നു മുഹമ്മദ്
കഴുത്തിലൊരു കറുത്തതട്ടവും ചുറ്റി..'
പടച്ചവനാണ് സത്യം,
മുസ്തഫയുടെ പ്രണേതാവിന്റെ
ബാങ്കുവിളിക്കെന്തൊരു ശക്തിയായിരുന്നു!
ബിലാലിന്റെ ബാങ്കിനെക്കുറിച്ച കഥയെത്ര സത്യം.
ഒരുനാള്‍ മുത്തുനബിയോടൊരുകൂട്ടരിങ്ങനെയോതി:
'ഓ മുസ്തഫാ, ബിലാല്‍ ബാങ്കുവിളിക്കുന്നത് തെറ്റാണ്
പറയൂ ഇതേപ്പറ്റി അങ്ങയുടെ അഭിപ്രായം!'
പ്രവാചകന്‍ പറഞ്ഞു, 'ശരി നമുക്കുനോക്കാം,
മറ്റാരെങ്കിലും കൊടുക്കട്ടെ സുബ്ഹി ബാങ്ക്.'
ഹസ്‌റത് ബിലാല്‍ സുബ്ഹിയുടെ ക്ഷണം
കൊടുക്കാതിരുന്നനാള്‍,
നോക്കൂ അല്ലാഹുവിന്റെ മഹിമ,
അന്നുദിച്ചില്ല സൂര്യന്‍!
വിശുദ്ധരാമനുയായികള്‍ നബിയെതേടിയെത്തി:
'ദൂതന്മാരുടെ ചക്രവര്‍ത്തീ,
ഇന്ന് സൂര്യനുദിക്കാതിരിക്കുന്നതെന്ത്'
അപ്പോളണഞ്ഞു ജിബ്‌രീല്‍
പ്രപഞ്ചനാഥന്റെ സന്ദേശവുമായി.
ഭവ്യതയോടെ നബിക്കു സലാമോതി മൊഴിഞ്ഞു,
സൃഷ്ടികളിലെല്ലാം ശേഷ്ഠനായവന്
ദൈവമയച്ചൊരു സന്ദേശമിങ്ങനെ:
'അങ്ങയുടെ അടിമയെ ദൈവം സ്‌നേഹിക്കുന്നു,
അങ്ങയോടിതാ ലോകനാഥന്‍ പ്രഖ്യാപിക്കുന്നു
ബിലാല്‍ ബാങ്കുവിളിക്കുംവരെ വരില്ല പുലരി..'
പടച്ചവനാണ് സത്യം,
മുസ്തഫയുടെ പ്രണേതാവിന്റെ
ബാങ്കുവിളിക്കെന്തൊരു ശക്തിയായിരുന്നു!
അല്ലാഹുവും അവന്റെ മാലാഖമാരും പോലും
ശ്രവിച്ചിരുന്ന നാദം
ബിലാലിന്റെ ബാങ്കുവിളിയല്ലാതെ മറ്റേത്
എന്നെങ്കിലുമൊരുനാള്‍
മുഹമ്മദിന്റെ മണ്ണിലേക്കെന്നെ
വിളിക്കുകയാണെങ്കില്‍,
അങ്ങയുടെ കുടീരത്തിന്റെ മറശീലയില്‍
പിടിച്ചുകരഞ്ഞെന്റെ ശോകഭാവങ്ങള്‍
മുസ്തഫയോടു പറയും പൂര്‍ണം.
മുഹമ്മദ് നബിയേ, എന്റെ മാറാപ്പുനിറക്കൂ
കാലിക്കയ്യുമായി മടങ്ങിപ്പോവുകയില്ല ഞാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."