ദേശീയതയെ നിരാകരിക്കണമെന്ന് ലോക നേതാക്കളോട് മാക്രോണ്‍
പാരീസ്: ദേശീയ ബോധത്തെ നിരാകരിക്കണമെന്നു ലോക നേതാക്കളോടാവശ്യപ്പെട്ട് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. വഞ്ചനാത്മകമായ രാജ്യസ്‌നേഹമാണ് ദേശീയതയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നാം ലോക മഹാ യുദ്ധം അവസാനിച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടതിന്റെ സ്മരണയില്‍ പാരീസില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലാണ് മാക്രോണിന്റെ പ്രതികരണം.
പ്രാഥമിക മുന്‍ഗണന തങ്ങളുടെ ആവശ്യങ്ങള്‍ക്കാണെന്നും മറ്റുള്ളവരെ ശ്രദ്ധിക്കരുതെന്നുമുള്ളത് ഒരു രാജ്യത്തിന്റെ ധാര്‍മിക മൂല്യത്തെ ചവിട്ടിമെതിക്കുന്ന കാര്യമാണ്. സമാധാനത്തിനായി പോരാടണം. അക്രമവും ആധിപത്യവും സമാധാനത്തിനുള്ള ശ്രമങ്ങളെ നശിപ്പിക്കുന്നതാണെന്നും മാക്രോണ്‍ പറഞ്ഞു.
ഒന്നാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ സ്മരണയ്ക്കായി നിര്‍മിച്ച ശവകുടീരത്തില്‍ ലോക നേതാക്കള്‍ ആദരം അര്‍പ്പിച്ചതോടെയാണ് പരിപാടിക്കു തുടക്കംകുറിച്ചത്. എന്നാല്‍, മോശം കാലാവസ്ഥയെ തുടര്‍ന്നു ശവകുടീരം സന്ദര്‍ശിക്കാന്‍ ട്രംപ് തായാറായിരുന്നില്ല. അതിനിടെ, ട്രംപിന്റെ വാഹനവ്യൂഹത്തിനു മുന്നില്‍ അര്‍ധനഗ്നയായ സ്ത്രീയുടെ പ്രതിഷേധവുമുണ്ടായി.
ലോക നേതാക്കള്‍ പങ്കടെുക്കുന്ന പരിപാടിയിലേക്കു ട്രംപിന്റെ വാഹനം പോകുന്നതിനിടെ പെട്ടെന്നു യുവതി മുന്നിലേക്കു ചാടിവീഴുകയായിരുന്നു. യുവതിയുടെ നെഞ്ചില്‍ 'വ്യാജ സമാധാനസ്ഥാപകന്‍' എന്ന് എഴുതിയിരുന്നു. വാഹനവ്യൂഹത്തിന് ഏതാനും മീറ്ററുകള്‍ ദൂരെവച്ചു പൊലിസ് യുവതിയെ തടഞ്ഞു. 'ഫീമെന്‍' എന്ന സ്ത്രീവാദ സംഘടനയില്‍പ്പെട്ട യുവതിയാണ് പ്രതിഷേധം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലിംഗവിവേചനം, വംശീയത തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളില്‍ സമാനമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറുള്ള സംഘടനയാണ് ഫീമെന്‍. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പാരീസ് പൊലിസ് വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധ വിരാമത്തിന്റെ സ്മരണാ സംഗമങ്ങള്‍ നടത്തി. ആസ്‌ത്രേലിയയില്‍ തലസ്ഥാനമായ കാന്‍ബറയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നേതൃത്വം നല്‍കി. കഴിഞ്ഞ കാലങ്ങളില്‍നിന്നുള്ള പാഠങ്ങള്‍ പഠിച്ചാല്‍ നമ്മുടെ കാലത്തെ മികച്ച രീതിയിലേക്ക് മാറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസിലന്‍ഡില്‍ തലസ്ഥാനമായ വെല്ലിങ്ടണില്‍ നടന്ന ചടങ്ങില്‍ യുദ്ധത്തില്‍ മരിച്ചവര്‍ക്കായി ഗണ്‍ സല്യൂട്ട് നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരെ സ്മരിച്ചു. ഇന്ത്യ നേരിട്ട് യുദ്ധത്തില്‍ പങ്കെടുത്തില്ലെങ്കിലും തങ്ങളുടെ സൈന്യം പോരാടിയത് ലോക സമാധാനത്തിനാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 74,000 ഇന്ത്യന്‍ സൈനികരാണ് ഒന്നാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."