സിറിയയിലെ ഐ.എസ് വിരുദ്ധ സഖ്യത്തില്‍ നിന്ന് ആസ്ത്രേലിയ പിന്മാറി
സിഡ്നി: സിറിയയില്‍ ഐ.എസിനെതിരേയുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍നിന്ന് ആസ്ത്രേലിയ താല്‍ക്കാലികമായി പിന്മാറി. സിറിയന്‍ വിഷയത്തില്‍ അമേരിക്കയും റഷ്യയും തമ്മില്‍ സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സിറിയന്‍ ജെറ്റ് യു.എസ് സൈന്യം വ്യോമാക്രമണത്തില്‍ തകര്‍ത്തതും ആസ്ത്രേലിയയെ ചൊടിപ്പിച്ചതായാണ് വിവരം.
പിന്മാറ്റത്തിനുപിന്നിലെ കാരണം ആസ്ത്രേലിയ വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് സഖ്യകക്ഷി നീക്കത്തില്‍ നിന്ന് പിന്മാറുന്നതെന്ന് ആസ്ത്രേലിയന്‍ ഡിഫന്‍സ് ഫോഴ്സ് (എ.ഡി.എഫ്) വക്താവ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സിറിയയിലെ സഖ്യകക്ഷി വിമാനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് റഷ്യ കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. സിറിയന്‍ വിമാനം തകര്‍ത്തതിനോടുള്ള പ്രതികരണമായാണ് റഷ്യ മുന്നറിയിപ്പ് നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് വാഷിങ്ടണുമായുള്ള നയതന്ത്ര ഫോണ്‍ബന്ധം റഷ്യ വിച്ഛേദിച്ചിട്ടുണ്ട്.
2015 മുതലാണ് ആസ്ത്രേലിയ സിറിയയിലെ ഐ.എസ് വിരുദ്ധ സഖ്യസേനയില്‍ ചേര്‍ന്നത്. നിലവില്‍ 780ഓളം ആസ്ത്രേലിയന്‍ സൈനികര്‍ ഇവിടെ സൈനിക സേവനത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."