ബുക്കറില്‍ കറുപ്പിന്റെ കൈയൊപ്പ്, പ്രായമേറിയ ജേതാവായി അറ്റ്‌വുഡ്
ലണ്ടന്‍: ഏറെ പ്രത്യേകതകളുണ്ട് ഇത്തവണത്തെ മാന്‍ ബുക്കര്‍ സമ്മാനത്തിന്. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ വിലയേറിയ പുരസ്‌കാരം രണ്ടുപേര്‍ക്കിടയില്‍ പങ്കുവയ്ക്കപ്പെടുന്നത്. കറുത്തവര്‍ഗക്കാരിയായ ഒരു വനിതക്ക് പുരസ്‌കാരം ലഭിക്കുന്നത് ചരിത്രത്തിലാദ്യമാണ്. 79ാം വയസില്‍ ഒരു വനിതയെ തേടി ഈ പുരസ്‌കാരം എത്തുന്നതും ഇതാദ്യം.
ഇതുവരെ കറുത്തവര്‍ഗക്കാരായ നാലു വനിതകള്‍ മാത്രമേ ബുക്കര്‍ സമ്മാനത്തിന്റെ അന്തിമ പട്ടികയില്‍ ഇടംനേടിയിട്ടുള്ളൂ. എന്നാല്‍ ആര്‍ക്കും ബുക്കര്‍ ലഭിച്ചിരുന്നില്ല. ഇത്തവണ അഞ്ചു വിധികര്‍ത്താക്കളില്‍ നാലുപേരും വനിതകളായിരുന്നു. കൂടുതല്‍ കറുത്തവര്‍ഗക്കാരായ വനിതകള്‍ക്ക് ഈ പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു- എവരിസ്റ്റോ പറഞ്ഞു. ഇതോടെ തന്റെ രചനകള്‍ക്ക് വിപുലമായ വായനക്കാരെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എവരിസ്റ്റോ പ്രതികരിച്ചു.
അറ്റ്‌വുഡിനിത് രണ്ടാം തവണയാണ് ബുക്കര്‍ ലഭിക്കുന്നത്. അതും 79ാം വയസില്‍. ഒരു കറുത്തവര്‍ഗക്കാരിക്കൊപ്പം ഇതു പങ്കിട്ടതില്‍ അവര്‍ക്ക് സന്തോഷമേ തോന്നിയുള്ളൂ. നോവലിസ്റ്റ് എന്നതിലുപരി കവയിത്രി, ചെറുകഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തയാണ് അറ്റ്‌വുഡ്. അവരുടെ ദ ഹാന്റ്‌മേഡ്‌സ് ടെയില്‍, പേബാക്ക്, ദ റോബര്‍ ബ്രൈഡ്, എവെയ്റ്റിങ് അറ്റ്‌വുഡ്, ഇന്‍ ദ വെയിക് ഓഫ് ഫ്‌ളഡ്, സര്‍ഫാസിങ്, യസ്‌നോ എന്നീ നോവലുകള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. 1939 നവംബര്‍ 18ന് കാനഡ തലസ്ഥാനമായ ഒട്ടാവയിലായിരുന്നു ജനനം. 1961ലാണ് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങിയത്. നിരവധി യൂനിവേഴ്‌സിറ്റികളില്‍ ലക്ചററായ അവരുടെ എല്ലാ കൃതികളും ശ്രദ്ധനേടി. ദ ടെസ്റ്റമന്റ്‌സിന്റെ ഒരു ലക്ഷം കോപ്പികള്‍ ഒരാഴ്ചയ്ക്കുള്ളിലാണ് ബ്രിട്ടനില്‍ വിറ്റുപോയത്.
അറ്റ്‌വുഡിന്റെ ദ ഹാന്റ്‌മേഡ്‌സ് ടെയില്‍ എന്ന നോവലിന്റെ അനുബന്ധമാണ് അവാര്‍ഡ് നേടിയ ദ ടെസ്റ്റമെന്റ്‌സ്. നോവലിലെ കഥ നടക്കുന്നത് ആദ്യ നോവലിലെ സംഭവങ്ങള്‍ നടന്ന് 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ആദ്യ നോവലിലെ കഥാപാത്രമായ ലിഡിയ അമ്മായിയാണ് ഇതിലെ കഥ പറയുന്നത്. ദത്തെടുക്കപ്പെട്ട അനാഥരായ ആഗ്നസ്, ഡെയ്‌സി എന്നീ യുവതികളാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍. കഴിഞ്ഞ മാസം 10നാണ് നോവല്‍ പുറത്തിറങ്ങിയത്. ദ ഹാന്റ്‌മേഡ്‌സ് ടെയിലും ബുക്കര്‍ നാമനിര്‍ദേശം നേടിയിരുന്നു.
ബുക്കര്‍ സമ്മാനം ഒന്നിലധികം പേര്‍ക്കായി വിഭജിക്കാന്‍ പാടില്ലെന്ന ചട്ടം മറികടന്നാണ് വിധികര്‍ത്താക്കള്‍ രണ്ടുപേര്‍ക്കിടയില്‍ സമ്മാനം വീതിച്ചത്. ഇതിനു മുന്‍പ് രണ്ടു തവണയേ പുരസ്‌കാരം പങ്കുവയ്ക്കപ്പെട്ടിട്ടുള്ളൂ. രണ്ടു നോവലുകളും ഒന്നിനൊന്നു മികവു പുലര്‍ത്തിയതിനാല്‍ അവയെ വിഭജിക്കാനാവുമായിരുന്നില്ലെന്ന് ജൂറി പറഞ്ഞു. 1992ല്‍ രണ്ടുപേര്‍ക്ക് പങ്കുവച്ച ശേഷമാണ് അവാര്‍ഡ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഇനി ഒരാളെയേ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കാവൂവെന്ന് തീരുമാനിച്ചത്. അതിനു മുന്‍പ് 1974ലാണ് പുരസ്‌കാരം പങ്കുവച്ചത്. രണ്ടു വിജയികളെ തിരഞ്ഞെടുക്കരുതെന്ന് ഇത്തവണ സംഘാടകര്‍ ജൂറിയോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ചു മണിക്കൂര്‍ നീണ്ട കൂടിയാലോചനക്കു ശേഷം പ്രധാന വിധികര്‍ത്താവായ പീറ്റര്‍ ഫ്‌ളോറന്‍സ്, ചട്ടം ലംഘിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനമെന്ന് പ്രഖ്യാപിച്ചു.
1969ല്‍ ഏര്‍പ്പെടുത്തിയ ബുക്കര്‍ സമ്മാനം ഇതുവരെ 16 വനിതകള്‍ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."