റോഡ് നന്നാക്കല്‍ ആരംഭിച്ചില്ല: എം.എല്‍.എയുടെ പ്രഖ്യാപനം വെറുതെയായി
മട്ടാഞ്ചേരി: പൈപ്പിടല്‍ ജോലികള്‍ക്കായി കുഴിച്ച കരുവേലിപ്പടി മുതല്‍ തോപ്പുംപടി വരെയുള്ള റോഡ് നന്നാക്കുമെന്ന എം.എല്‍.എയുടെ പ്രഖ്യാപനം വെറുതേയായി. തിങ്കളാഴ്ച മുതല്‍ റോഡ് പണി ആരംഭിക്കുമെന്നാണ് കെ.ജെ മാക്‌സി എം.എല്‍.എ പറഞ്ഞത്. എന്നാല്‍ നാല് ദിവസമായിട്ടും റോഡ് പണി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച മുതല്‍ റോഡിന്റെ നവീകരണ ജോലികള്‍ തുടങ്ങുമെന്ന എം.എല്‍.എയുടെ പ്രഖ്യാപനം എല്ലാവരും സന്തോഷത്തോടെയാണ് കേട്ടത്.
എന്നാല്‍ നേരത്തേ പറഞ്ഞ പ്രഖ്യാപനങ്ങള്‍ പോലെ തന്നായാകുമോയെന്ന ആശങ്കയാണ് തോപ്പുംപടിയിലെ വ്യാപാരി സമൂഹത്തിനുള്ളത്. 35 ലക്ഷം രൂപ വിനിയോഗിച്ച് റോഡ് പണി തുടങ്ങാനാണ് ഉദ്ദേശിച്ചത്. ആദ്യം കല്ലിട്ട് റോഡ് ഉയര്‍ത്തിയ ശേഷം മഴമാറുന്നതോടെ ടാറിടാനായിരുന്നു തീരുമാനം. എന്നാല്‍ കല്ലിടല്‍ ജോലി പോലും ഇത് വരെ തുടങ്ങാനായില്ല. റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ തോപ്പുംപടിയിലേക്ക് അധികം ആളുകള്‍ പോകാത്ത അവസ്ഥയാണ്. റമദാന്റെ ഭാഗമായുള്ള കച്ചവടം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍.
റോഡിന്റെ തകര്‍ച്ച മൂലം വിദ്യാര്‍ഥികളും ദുരിതമനുഭവിക്കുകയാണ്. പൈപ്പിടല്‍ ജോലികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞാണ് ആരംഭിച്ചത്. എന്നാല്‍ നാല് മാസം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഇതുമൂലം റോഡിന്റെ നവീകരണവും നീണ്ട് പോയി. ഇതില്‍ പ്രതിഷേധിച്ച് വ്യാപാരികളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് റോഡ് നന്നാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതും പഴയത് പോലെയാകുമോയെന്നാണ് ആശങ്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."