അന്ന് അഭിജിത് ബാനര്‍ജിയും ഭാര്യയും മടങ്ങിയത് നിരാശരായി
തിരുവനന്തപുരം: സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ ആദ്യ ദമ്പതികളായ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിയും ഫ്രഞ്ച് വംശജ എസ്തറും സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഉപദേശം നല്‍കാനുമായി മുമ്പ് കേരളത്തിലും വന്നിരുന്നു.
2017ല്‍ വന്ന അവര്‍ ചര്‍ച്ചക്കു ശേഷം നിരാശരായാണ് മടങ്ങിയതെന്ന് എസ്തര്‍ തയാറാക്കിയ ഒരു പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്. എങ്ങനെയാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും നയരൂപീകരണത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്നും അത് വിദഗ്ധരിലേക്ക് കൈമാറുന്നത് എന്നതിനും ഉദാഹരണമായാണ് എസ്തര്‍ കേരളത്തെയും കേരളത്തിലെത്തിയ സംഭവത്തെയും ഉദാഹരിക്കുന്നത്.
നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചെന്ന പേരില്‍ തയാറാക്കിയ സീരീസിന്റെ ഭാഗമായി 2017 മാര്‍ച്ചില്‍ 'ദ ഇക്കണോമിസ്റ്റ് ആസ് പ്ലംബര്‍' എന്ന തലക്കെട്ടില്‍ തയാറാക്കിയ പഠനത്തിലാണ് ഭര്‍ത്താവ് അഭിജിത്തും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥിനൊപ്പം കേരളത്തില്‍ വന്നതിനെക്കുറിച്ച് എസ്തര്‍ വിശദീകരിച്ചിരിക്കുന്നത്. ആരോഗ്യരംഗത്തും പൊതുവിലും കേരളത്തിനുള്ള മേന്മകളെക്കുറിച്ച് ആ പ്രബന്ധത്തില്‍ അവര്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് പകരാത്ത രോഗങ്ങളുടെ ചികിത്സക്ക് വന്‍തോതില്‍ പണം ചെലവാകുന്നതില്‍ എന്തെങ്കിലും ചെയ്യണമെന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ആലോചനയുടെ ഭാഗമായാണ് ഞങ്ങളെ ക്ഷണിച്ചത്. നഴ്‌സുമാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള വോളന്റിയര്‍മാരെയും ഉള്‍പ്പെടുത്തിയും ഡോക്ടര്‍മാരുടെ സേവനം മുഴുവന്‍ സമയവും ലഭ്യമാക്കിയും ജനങ്ങളുടെ ജീവിത ശൈലി മാറ്റുകയും പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുകയുമായിരുന്നു ആശയം. ഇത് ആദ്യ ഘട്ടത്തില്‍ 152 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പാക്കാനും ആലോചിച്ചിരുന്നതായി അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഞങ്ങളുമായുള്ള ചര്‍ച്ചക്കെത്തിയത്. ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചക്കായി അദ്ദേഹത്തെ പിന്നീട് വിളിപ്പിച്ചു. ഞങ്ങളോട് ചര്‍ച്ച ചെയ്യാന്‍ ഏല്‍പ്പിച്ചത് സര്‍വീസില്‍നിന്നു വിരമിച്ച ഒരു പ്രൊഫസറെയും വിരമിച്ച ഡോക്ടറെയുമായിരുന്നു. ഇതാകട്ടെ പരിതാപകരമായിരുന്നു. നയ രൂപീകരണം നടത്തേണ്ട ഉന്നത തലത്തിലുള്ളവര്‍ക്ക് അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമയമില്ല, അതവര്‍ വിദഗ്ധരുടെ തലയില്‍ കെട്ടിവച്ചു കൊടുക്കുകയാണ് ചെയ്യുന്നതെന്ന് എസ്തര്‍ പരിതപിക്കുന്നു.
30,000 രോഗികള്‍ക്ക് രണ്ട് ഡോക്ടര്‍മാര്‍ മാത്രമുള്ളപ്പോള്‍ പദ്ധതി എങ്ങനെ നടപ്പാക്കും തുടങ്ങി ഇവര്‍ പറഞ്ഞ പദ്ധതിയെക്കുറിച്ച് ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.
ഞങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളോട് താല്‍പര്യം കാണിച്ചില്ലെന്നു മാത്രമല്ല ഞങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കാനും അവര്‍ ശ്രമിച്ചു. അവസാനം നിങ്ങളുടെ പദ്ധതിയെന്താണെന്ന് അവരോട് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നില്ലെന്നും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ മേഖലയിലെ ജീവനക്കാരും ഒന്നും ചെയ്യാന്‍ അനുവദിക്കില്ലെന്നുമായിരുന്നു മറുപടി.
ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ പൊതുവില്‍ ഉപേക്ഷിക്കണമെന്ന കാര്യം ഈ വ്യാജ കൂടിക്കാഴ്ചയില്‍നിന്നുമാണ് ഞാന്‍ പഠിച്ചതെന്നും എസ്തര്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."