ഇരുപത്തിയേഴാം രാവില്‍ കര്‍മ്മനിരതരായി വിശ്വാസികള്‍
ആലപ്പുഴ: ആയിരം മാസത്തേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷയുമായി റമദാന്‍ ഇരുപത്തിയേഴാം രാവായ ഇന്നലെ വിശ്വാസികള്‍ പള്ളികളിലും വീടുകളിലും രാത്രി മുഴുവന്‍ പ്രാര്‍ഥനാ നിരതരായി.റമദാനിലെ പ്രത്യേക നിസ്‌കാരമായ തറാവീഹ് നിസ്‌കാരത്തെ തുടര്‍ന്ന് പുലര്‍ച്ചയോളം പള്ളികളില്‍ കഴിച്ചുകൂട്ടിയ വിശ്വാസികള്‍ ഭക്തിപുരസ്സരം ആരാധനകളില്‍ മുഴുകി.
തസ്ബീഹ് നിസ്‌കാരം, തൗബ(പാപങ്ങളെ തൊട്ട് പശ്ചാത്തപിക്കല്‍), ദികര്‍ സ്വലാത്ത് ദുആ മജ്‌ലിസുകള്‍, ഖുര്‍ആന്‍ പാരായണം, മൗലിദ് പാരായണം തുടങ്ങി വ്യത്യസ്തങ്ങളായ ആരാധനകള്‍ കൊണ്ട് ധന്യമായിരുന്നു പള്ളികള്‍.വീടുകളില്‍ സ്ത്രീകളും കുട്ടികളും ഉറക്കമൊഴിച്ച് പ്രാര്‍ഥനകളില്‍ കഴിഞ്ഞുകൂടി. ലൈലത്തുല്‍ഖദര്‍ ലഭിച്ചതിന്റെ അനുഭൂതിയുമായാണ് വിശ്വാസികള്‍ പുലര്‍ച്ചെ പള്ളികളില്‍ നിന്ന് വീടുകളിലേക്ക് പുറപ്പെട്ടത്.
ആയിരം മാസം തുടര്‍ച്ചയായി(83 വര്‍ഷവും നാല് മാസവും രാപകല്‍ ഭേദമന്യേ) ആരാധനകളില്‍ മാത്രം കഴിഞ്ഞുകൂടിയതിന്റെ പ്രതിഫലമാണ് ലൈലത്തുല്‍ ഖദര്‍ അനുഭവവേദ്യമാകുന്നവര്‍ക്ക് ലഭ്യമാകുന്നത്.റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റ രാവുകളില്‍ ഇതിനെ പ്രതീക്ഷിക്കാനുള്ള കല്പനയും ഏറ്റവും കൂടുതല്‍ സാധ്യത ഇരുപത്തിയേഴാം രാവിനാണെന്ന അഭിപ്രായവുമെല്ലാം പരിഗണിച്ചാണ് ഇന്നലെ രാത്രി ഉറക്കമൊഴിവാക്കി വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ കഴിഞ്ഞുകൂടിയത്.
വിണ്ണിലെ മാലാഖമാര്‍ ഭൂമിയിലേക്കിറങ്ങി വന്ന് വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ഥനകളില്‍ പങ്കെടുത്ത് അനുഗ്രഹവര്‍ഷം ചൊരിയുമെന്നും പരേതരായവരുടെ ആത്മാക്കള്‍ ദൈവാനുമതിയോടെ ബന്ധുക്കളെ സന്ദര്‍ശിക്കുമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.ഇരുപത്തിയേഴാം രാവില്‍ വിശ്വാസികള്‍ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുകയും കാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നത് ഇത് കണക്കിലെടുത്ത് കൂടിയാണ്.
പരേതരുടെയും പുണ്യാത്മാക്കളുടെയും ഖബറിടങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്താനും സമയം കണ്ടെത്തി.പുണ്യാത്മാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖാമുകളില്‍ വിശ്വാസികളുടെ വന്‍ തിരക്കാണ് ഇന്നലെ രാത്രി അനുഭവപ്പെട്ടത്.റമദാനിലെ അവസാനത്തെ ഒറ്റ രാവായ ഇരുപത്തിയൊമ്പതിനും ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചുകൊണ്ടുള്ള പ്രാര്‍ഥനകള്‍ നടക്കും.റമദാന്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പള്ളികളിലും വീടുകളിലും ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്കും തുടക്കമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."