വിശ്രമ കേന്ദ്രവും കുട്ടികളുടെ പാര്‍ക്കും നശിക്കുന്നു
നെടുമങ്ങാട്: ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച വഴിയോരവിശ്രമകേന്ദ്രവും കുട്ടികളുടെ പാര്‍ക്കും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും സംരക്ഷിക്കാനാളില്ലാതെ നാശത്തിലേക്ക്. അഡ്വ.എ.സമ്പത്ത് എം.പി.യുടെ ഫണ്ടില്‍ നിന്നുള്ള പണംമുടക്കി 2013 ലാണ് നെടുമങ്ങാട് പതിനൊന്നാം കല്ലില്‍ തെങ്കാശിപാതയോട് ചേര്‍ന്ന് സമുച്ചയം നിര്‍മിച്ചത്.
ഉദ്ഘാടനത്തിന്റെ നാലാം വര്‍ഷം പിന്നിടുമ്പോള്‍ പാര്‍ക്കും പരിസരവും കാടുമൂടിയും ഇടിഞ്ഞുവീണും നശിക്കുന്നു. വിശ്രമകേന്ദ്രം സമൂഹവിരുദ്ധരുടെ താവളമായി. രാത്രിയും പകലും അവിടെ മദ്യപിച്ച് കിടന്നുറങ്ങുന്നവര്‍ നിരവധി. മദ്യക്കുപ്പികളും, മനുഷ്യ വിസര്‍ജ്ജ്യവും കാരണം വിശ്രമമന്ദിരത്തിലേക്ക് കയറാന്‍ പോലുമാകില്ല. സമീപത്തെ കുട്ടികളുടെ പാര്‍ക്കിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. കളിക്കോപ്പുകള്‍ തുരുമ്പുകയറി നശിക്കുന്നു. ശേഷിക്കുന്നവ പൊട്ടിപ്പൊളിഞ്ഞു. എപ്പോഴും തുറന്നു കിടക്കുന്ന ഇവിടെ ചോദിക്കാനും പറയാനും നാഥനില്ലാത്ത സ്ഥിതിയിലായി. ഇതിനൊപ്പം തുടങ്ങിയ ആറ്റിങ്ങളിലെ വഴിയോരവിശ്രമ കേന്ദ്രം ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നെടുമങ്ങാട് നഗരസഭയുടെ കണ്‍മുന്നില്‍ മുന്‍ എം.പി.സുശീലാ ഗോപാലന്റെ പേരിട്ട കെട്ടിടങ്ങള്‍ നാശത്തിലേക്ക് കൂപ്പുകുത്തുന്നത്.
പൊന്മുടി, തെങ്കാശി യാത്രികര്‍ക്ക് ഇടത്താവളം എന്ന സങ്കല്‍പ്പത്തോടെയാണ് ടൗണിനോട് ചേര്‍ന്ന് വഴിയോരവിശ്രമ കേന്ദ്രം നിര്‍മിച്ചത്. ഇതിനോടൊപ്പം തന്നെ പൊതു ശൗചാലയവും ഉണ്ടാക്കി. അതെല്ലാം ഒരിക്കല്‍ പോലും ഉപയോഗിക്കാതെ നശിച്ചു. വിശ്രമ കേന്ദ്രത്തിലെത്തുന്ന കുട്ടികള്‍ക്കും സമീപത്തെ കൊച്ചുകുട്ടികള്‍ക്കും സായാഹ്ന്‌നങ്ങളില്‍ ഉല്ലാസത്തിനായി പാര്‍ക്കും കളി ഉപകരണങ്ങളും സ്ഥാപിച്ച് മനോഹരമാക്കി. നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ കരാര്‍ നല്‍കിയിരുന്നത്. ഉദ്ഘാടനത്തോടെ പാര്‍ക്കിന്റെ നടത്തിപ്പു ചുമതല നെടുമങ്ങാട് നഗരസഭക്ക് കൈമാറി. ആദ്യത്തെ ഒരു വര്‍ഷം പാര്‍ക്കുംപരിസരവും നല്ലരീതിയില്‍ കൊണ്ടുപോകാനായി. സെക്യൂരിറ്റി ജീവനക്കാരനെ നഗരസഭതന്നെ പറഞ്ഞുവിട്ടു. പിന്നീടിങ്ങോട്ട് നാശത്തിന്റെ വഴിയിലായി. പാര്‍ക്കിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നഗരസഭപോലും ഒരു പരിപാടി നടത്തിയില്ല. നെടുമങ്ങാട് ടൗണില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കികൊണ്ട് രാഷ്ട്രീയകക്ഷികള്‍ ആലിന്റെ ചുവട്ടില്‍ നടത്തുന്ന പൊതുയോഗങ്ങള്‍ ഇവിടേക്കുമാറ്റാന്‍ പൊലിസേ നഗരസഭയോ മുന്നോട്ടു വന്നില്ല. ഉദ്ഘാടനത്തിനു ശേഷം ഒരുപരിപാടി പോലും ഇവിടെ നടത്തിയില്ല. തുറന്ന ഓഡിറ്റോറിയം കാടുകയറി നശിച്ചു തുടങ്ങി. കിള്ളിയാറിന്റെ കരയോടു ചേര്‍ത്തു പണിത പാര്‍ക്കിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു വീണു.
നെടുമങ്ങാടിന്റെ ടൂറിസം വികസനത്തിന് വഴികാട്ടിയാകുമെന്നു പ്രതീക്ഷിച്ച ടൂറിസം ഇന്‍ഫമര്‍മേഷന്‍ സെന്റര്‍ ഇവിടെ പ്രവര്‍ത്തനംതുടങ്ങാനായില്ല. കഫ്റ്റീരിയ എന്നു പേരിട്ട ഭാഗം നഗരസഭ നിശ്ചയിച്ച ഭീമമായ വാടകയക്ക് ഏറ്റെടുക്കാന്‍ ഒരുകച്ചവടക്കാരനും മുന്നോട്ടു വന്നില്ല. സര്‍ക്കാരിന്റെ അരക്കോടിയിലധികം രൂപ ചെലവിട്ട് നഗരത്തിന്‍രെ ഹൃദയഭാഗത്ത് നിര്‍മിച്ച കെട്ടിട സമുച്ചയങ്ങളെ നാടിന്റെ വികസനമാക്കുന്നതില്‍ മാറിവന്ന ഭരണ സമിതികള്‍ കാട്ടിയ കെടുകാര്യസ്ഥതയാണ് ഇത്രയും ബ്രൃഹത്തായൊരു പദ്ധതി നശിച്ചുപോകാന്‍ കാരണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."