തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ബി.ജെ.പിക്കും മുസ്‌ലിം പ്രേമം
വരുന്ന ദിവസം ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടിടത്തു ബി.ജെ.പിക്കു ശതമാനക്കണക്കുകളില്‍ മുന്‍തൂക്കമുണ്ട്. കേരളത്തിന്റെ വടക്കേയറ്റത്തുള്ള മഞ്ചേശ്വരത്തും തെക്കേയറ്റത്തുള്ള വട്ടിയൂര്‍ക്കാവിലും താമര വിരിയിക്കാനാവുമോയെന്നാണ് അവരുടെ നോട്ടം. ഇവ രണ്ടും കേരളത്തിലെ സംഘ്പരിവാറിന്റെ ശക്തികേന്ദ്രങ്ങളാണെങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ പ്രകാരം ബി.ജെ.പി രണ്ടിടത്തും യു.ഡി.എഫിന് പിന്നിലാണ്. ബി.ജെ.പി ഇറക്കിയ തുറുപ്പു ചീട്ടായ കുമ്മനം രാജശേഖരന്‍, ശശിതരൂരിനേക്കാള്‍ വട്ടിയൂര്‍ക്കാവില്‍ 2,836 വോട്ടിന് പിന്നിലായിരുന്നു. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കുമ്മനം കെ. മുരളീധരനോട് തോറ്റതാണവിടെ. വസ്തുതകള്‍ ഇങ്ങനെയാണെങ്കിലും കേരളത്തെ തങ്ങളുടെ രാഷ്ട്രീയ കമ്പോളമാക്കാന്‍ ഏതറ്റംവരെ പോകാനും തയാറുള്ള പരിവാരം ഇത്തവണ പുതിയ രാഷ്ട്രീയ കളികള്‍ക്കാവും തുനിയുക.
വടക്കു മഞ്ചേശ്വരത്ത് പുതിയ സൂത്രമാണ് പ്രചാരണത്തില്‍ സംഘ്പരിവാരം പുറത്തെടുത്തിരിക്കുന്നത്. 2016ല്‍ പി.ബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്കു തോറ്റ കെ. സുരേന്ദ്രന്റെ ബി.ജെ.പി, ഇത്തവണ മുസ്‌ലിം വോട്ടുകള്‍കൂടി ലക്ഷ്യമിട്ടാണ് അവിടെ പ്രചാരണം നടത്തുന്നത്.
പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നുള്ള വാഗ്ദാനംവരെ ബി.ജെ.പി ഇറക്കിക്കഴിഞ്ഞു. സി.ബി.ഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ കേസുകാര്യത്തില്‍ കെടുകാര്യസ്ഥത കാണിച്ചതായി ആരോപണം നിലനില്‍ക്കവേയാണ് സി.ബി.ഐയെ വരുതിയില്‍ വച്ചു രാഷ്ട്രീയപ്പക തീര്‍ക്കുന്ന ബി.ജെ.പി, ഖാസി വധത്തില്‍ ഇപ്പോള്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നത്. അതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന സമരങ്ങളുടെ വേദിയായ ഒപ്പുമരച്ചുവട്ടില്‍ അഭിനവ പരിവാര്‍ സംഘാടകനായ അബ്ദുല്ലക്കുട്ടിയുടെ സന്ദര്‍ശനവും ബി.ജെ.പി നടത്തി. കേസന്വേഷണം നടത്തുന്ന സി.ബി.ഐയുടെ അനാസ്ഥക്കെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധമുയര്‍ത്തിയ അവസരത്തിലാണ് അബ്ദുല്ലക്കുട്ടിയെ മുന്‍ നിര്‍ത്തിയുള്ള ഈ മുസ്‌ലിം പ്രീണനം.
വടക്കന്‍ ജില്ലകളില്‍ ഉപതെരഞ്ഞെടുപ്പുള്ള ഏക മണ്ഡലമാണ് മഞ്ചേശ്വരം. അതിനാല്‍തന്നെ മലബാറിലെ മുഴുവന്‍ സംഘ്പരിവാര്‍ നേതാക്കളും മഞ്ചേശ്വരം കേന്ദ്രീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം കര്‍ണാടക ആര്‍.എസ്.എസിന്റെ കുല്‍സിത മാര്‍ഗങ്ങളും മഞ്ചേശ്വരത്തു പ്രയോഗിക്കപ്പെടും.
അതിനൊക്കെയപ്പുറമാണ് മുസ്‌ലിം വോട്ട് ആകര്‍ഷിക്കാനും ഭിന്നിപ്പിക്കാനമുള്ള പൊടിക്കൈകള്‍ കൂടി പ്രയോഗിക്കപ്പെടുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്‌ലിം പ്രതിനിധികളായ രണ്ടു പേരെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ചരടുവലിക്ക് ബി.ജെ.പി തുനിയുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരം രഹസ്യ നീക്കങ്ങള്‍ക്കു പുറമെയാണ് നേരിട്ടുതന്നെ മുസ്‌ലിംകളുടെ വോട്ട് പിടിക്കാനുള്ള സൂത്രവേലകള്‍ ബി.ജെ.പി ഒപ്പിച്ചു തുടങ്ങിയത്. പ്രചാരണത്തില്‍ അങ്ങനെയാണ് ഖാസി വധത്തിലെ പ്രതികളെ കണ്ടെത്തുന്ന കാര്യം വരേ ബി.ജെ.പി തിരുകിക്കയറ്റിയിരിക്കുന്നത്. പക്ഷേ, കേരള ജനതയുടെ ഓര്‍മയെ അവഹേളിക്കുന്നതായി സംഘ്പരിവാറിന്റെ ഈ നീക്കമെന്നു പറയാതെ വയ്യ. ചൂരിയയിലെ പള്ളി മുഅദ്ദിനും മദ്‌റസ അധ്യാപകനുമായിരുന്ന റിയാസ് മുസ്‌ലിയാരുടെ കൊലപാതകത്തിന്റെ ചോരയുണങ്ങും മുന്‍പാണു സംഘ്പരിവാരം മുസ്്‌ലിംകളുടെ സംരക്ഷക വേഷം കെട്ടിയിരിക്കുന്നത്. വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്യപ്പെട്ട അരുംകൊലയിലാണ് റിയാസ് മുസ്്‌ലിയാര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പൈട്ട അധ്യാപകനുമായി യാതൊരു വിരോധവുമില്ലാത്തവരായിരുന്നു ആക്രമണം നടത്തിയത്. കുടക് ഹൊഡബ സ്വദേശിയായ ഒരു മുപ്പത്തിമൂന്നു വയസ്സുള്ള മതപണ്ഡിതനെ താമസ സ്ഥലത്തു വെച്ചവര്‍ കൊലപ്പെടുത്തി. അറസ്റ്റിലായ പ്രതികള്‍ മുഴുവന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു. ആര്‍.എസ്.എസിന്റെ മുസ്‌ലിം വിദ്വേഷത്തിന്റെ ഒടുവിലത്തെ ഒരു ദാരുണ സംഭവം മാത്രമാണിത്. ഇങ്ങനെ എത്രയോ കൊലപാതകങ്ങളും കുരുതികളും ആസൂത്രണം ചെയ്തവരാണ് ഇപ്പോള്‍ സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ നീതി ലഭ്യമാക്കുമെന്നു ഗീര്‍വാണം മുഴക്കുന്നത്. പള്ളിയില്‍ ഉറങ്ങിക്കിടക്കുന്ന ഒരു സാധു മനുഷ്യനെ ക്രൂരമായി വെട്ടിക്കൊന്നും നാട്ടില്‍ കലാപത്തിന്റെ വിഷവിത്തു വിതറാന്‍തക്ക ദുഷ്ടതയുള്ളവരുടെ മുസ്‌ലിം പ്രേമം കാണുമ്പോള്‍ നിന്ദ്യതയാണു തോന്നുന്നത്.
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഉത്തരദേശമായ മഞ്ചേശ്വരത്ത് സംഘ്പരിവാറിനുള്ള മേല്‍ക്കൈ ജനാധിപത്യവിശ്വാസികളെ എക്കാലവും ഭയപ്പെടുത്തിയിട്ടുണ്ട്. അതിനെ പ്രതിരോധിക്കുന്നതില്‍ എക്കാലവും ധാര്‍മികവും രാഷ്ട്രീയവുമായ വിജയം നേടിയിട്ടുണ്ട് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്. ഇത്തവണ കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണിത്താനുവേണ്ടി പടനയിച്ച എം.സി ഖമറുദ്ധീന്റെ ഊഴമാണ്.
മികച്ച സംഘാടകനും ജനസേവകനും ആദര്‍ശം വെട്ടിത്തുറന്നു പറയുന്ന ഊര്‍ജസ്വലനുമാണദ്ദേഹം. കേരളത്തില്‍ ഈ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകാതെ നിലകൊള്ളുകയാണ് ആര്‍.എസ്.എസ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തിച്ചതിന്റെ നാലിലൊന്നുപോലും പ്രവര്‍ത്തനക്ഷമമല്ല ഇക്കുറി സംഘടന എന്നാണു റിപ്പോര്‍ട്ടുകള്‍. ഇതിനു പിറകിലെ രഹസ്യധാരണ എന്തായാലും കര്‍ണാടക ആര്‍.എസ്.എസിനു കീഴിലുള്ള മഞ്ചേശ്വരത്തു പ്രചാരണം സജീവമാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിലേക്കുള്ള സംഘ്പരിവാറിന്റെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താനുള്ള യുദ്ധമുറയാണു മഞ്ചേശ്വരത്തു വേണ്ടത്.
കേരളം ശാന്തമാണെങ്കിലും ഹിന്ദുത്വ വര്‍ഗീയത വ്യാപിപ്പിക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമം കേരളത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്. ഉത്തരേന്ത്യയില്‍ വര്‍ഗീയത തിമര്‍ത്താടിയപ്പോഴും അതിന്റെ തീപ്പൊരി പടര്‍ന്നു പിടിക്കാതിരിക്കാനും മതസൗഹാര്‍ദം മുറുകെ പിടിക്കാനും പരമാവധി ശ്രമിച്ചിരുന്ന നമ്മുടെ നാട്ടിലും ഇപ്പോള്‍ വെറുപ്പിന്റെയും അകല്‍ച്ചയുടെയും വക്താക്കള്‍ക്ക് ഇടം കിട്ടിത്തുടങ്ങിയിട്ടുണ്ട്. ജാതി സമവാക്യങ്ങള്‍ക്കും വര്‍ഗീയ രാഷ്ട്രീയത്തിനും വേരുറപ്പിക്കാന്‍ പാകപ്പെടുന്ന നിലയില്‍ സാമുദായിക വിഭജനം സൃഷ്ടിക്കുന്ന പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ഇവിടെ ഊര്‍ജിതമാക്കിയിരിക്കയാണ്. സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡകളെ ചെറുത്തില്ലെങ്കില്‍ കേരളം മറ്റൊരു കേരളമായി മാറുന്ന കാലം അതിവിദൂരമല്ല. അതുകൊണ്ടു തന്നെ ജനാധിപത്യ മാര്‍ഗത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയാകണം. മഞ്ചേശ്വരം ആ അര്‍ഥത്തില്‍ മതേതര കേരളത്തിന്റെ കോട്ടവാതിലാണെന്നു പറയാതെ വയ്യ.
മലപ്പുറത്തെ ഫൈസലിന്റെ കൊലപാതകവും കാസര്‍കോട്ടെ റിയാസ് മൗലവിയുടെ മരണവും ഭയം സൃഷ്ടിച്ചുകൊണ്ട് ഫലം കൊയ്യുന്ന രീതിയുടെ പ്രയോഗമായിരുന്നു. കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനും അതിലൂടെ വര്‍ഗീയകലാപം സൃഷ്ടിക്കാനുമുള്ള ഹിഡന്‍ അജണ്ടകളാണ് നടപ്പാക്കുന്നത്. ക്ഷേത്രങ്ങള്‍ ആക്രമിച്ചും വിഗ്രഹങ്ങളില്‍ മലം വിതറിയുംവരെ അതിനുള്ള ശ്രമങ്ങളവര്‍ നടത്തി. ഇന്ത്യാരാജ്യം ഇതേപടി നിലനില്‍ക്കണമോ വേണ്ടയോ എന്ന ചോദ്യത്തിനുള്ള പൗരന്റെ ഉത്തരമാണ് ഓരോ ദിവസവും നമ്മുടെ രാജ്യം തേടിക്കൊണ്ടിരിക്കുന്നത്. അതേ ചോദ്യമാണ് കേരളീയരായ നാമും അഭിമുഖീകരിക്കുന്നത്.
കേരളത്തിലെ സ്‌നേഹവും സൗഹാര്‍ദവുമാണ് സംഘ്പരിവാര്‍ വിരുദ്ധ നിലപാടുകളുടെ ശക്തി. അതു തകരാതെ സൂക്ഷിക്കാനും അതിനുവേണ്ട പ്രതിരോധ മുന്നണി രൂപപ്പെടുത്താനും വോട്ടെടുപ്പുകള്‍ മാത്രമല്ല, നമ്മുടെ സകല രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യമായി മാറണം. ഓരോവോട്ടും അമൂല്യമായി കരുതി പാഴാക്കാതെ സുചിന്തിതമായി രേഖപ്പെടുത്തണം. മതസാഹോദര്യ പാരമ്പര്യവും ബൃഹത്തായ മുന്നണി സംവിധാനവും കൊണ്ട് രാജ്യത്തിന് മാതൃക കാട്ടിയ സംസ്ഥാനമാണ് കേരളം. ആ മാതൃക ഉയര്‍ന്നു നില്‍ക്കേണ്ട ചരിത്രസന്ദര്‍ഭമാണ് ഈ ഉപതെരഞ്ഞെടുപ്പും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."