സവര്‍ക്കറേക്കാള്‍ വലിയ മതേതരവാദിയെ നിങ്ങള്‍ക്ക് കാണാനാവില്ല, ഇന്ദിര അദ്ദേഹത്തിന്റെ പാതയാണ് പിന്തുടര്‍ന്നത്- സവര്‍ക്കറുടെ കൊച്ചുമകന്‍
ന്യൂഡല്‍ഹി: സവര്‍ക്കറേക്കാള്‍ വലിയൊരു മതേതരവാദിയെ ഇന്ത്യയില്‍ കാണാനാവില്ലെന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തിന്റെ പാതയാണ് പിന്തുടര്‍ന്നിരുന്നതെന്നും സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജീത് സവര്‍ക്കര്‍.
എ.ഐ.എം.ഐ നേതാവ് അസദുദ്ദീന്‍ ഉവൈസി സവര്‍ക്കറെ പിന്തുടരണം. മതത്തെ വീടിനുള്ളില്‍ സൂക്ഷിക്കണമെന്നായിരുന്നു സവര്‍ക്കറുടെ വിശ്വാസം. വീടിനു പുറത്തായിരിക്കുമ്പോള്‍ നിങ്ങള്‍ ഹിന്ദുവോ മുസ്‌ലിമോ അല്ല, ഇന്ത്യക്കാരനാണ്. പാര്‍ലമെന്റ് അംഗങ്ങളാകുന്ന എല്ലാവരും ജാതി, മതം തുടങ്ങിയവ പുറത്തുവെക്കണമെന്നാണ് സവര്‍ക്കര്‍ ആഗ്രഹിച്ചിരുന്നത്. സവര്‍ക്കറെക്കാള്‍ മതേതരവാദിയായ ഒരു മനുഷ്യനെ നിങ്ങള്‍ക്ക് കാണാനാകില്ല രഞ്ജീത് ചൂണ്ടിക്കാട്ടി.
മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, വീര്‍ സവര്‍ക്കറെ ആദരിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധി, സവര്‍ക്കറുടെ അനുയായി ആയിരുന്നുവെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം അവര്‍ പാകിസ്താനെ മുട്ടുകുത്തിച്ചു. സൈന്യത്തെയും വിദേശബന്ധത്തെയും ശക്തിപ്പെടുത്തി. ആണവപരീക്ഷണങ്ങളും നടത്തി. ഇവയെല്ലാം നെഹ്‌റുവിന്റെയും ഗാന്ധിയുടെയും തത്വശാസ്ത്രങ്ങള്‍ക്ക് എതിരായിരുന്നു രഞ്ജീത് സവര്‍ക്കര്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു.
സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുമെന്ന ബി ജെ പിയുടെ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് രഞ്ജീതിന്റെ പ്രതികരണം. ഭാരതരത്‌ന നല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളും ഉവൈസിയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."