അന്ധകാരനഴി കടപ്പുറത്തെ വിനോദസഞ്ചാര വകുപ്പിന്റെ കെട്ടിടങ്ങള്‍ കാടുകയറി നശിക്കുന്നു
തുറവൂര്‍: അന്ധകാരനഴി ബീച്ചില്‍ വിനോദസഞ്ചാര വകുപ്പ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച കെട്ടിടങ്ങള്‍ കാടുകയറി നശിക്കുന്നു. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് 32 കോടി ചെലവില്‍ നിര്‍മിച്ച കെട്ടിടങ്ങളെല്ലാം നശിച്ചു. ബീച്ചിലേക്കുളള ഗതാഗതം സുഗമമാക്കുന്നതിനുള്ള സ്പില്‍വേയുടെ തെക്കും വടക്കുമായി രണ്ടു പാലങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും തെക്കേ പാലം മാത്രമേ തുറന്നു കൊടുത്തിട്ടുളളൂ. വടക്കേപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് പ്രദേശത്തന്റെ ഭംഗി പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്ന ടൂറിസം പദ്ധതി. കടല്‍ കാഴ്ചകള്‍ കാണാന്‍ മേല്‍പ്പാലം, വിശ്രമ മുറികള്‍, ഇരിപ്പിടങ്ങള്‍ എന്നിവയും തീരത്ത് നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം നശിച്ചു കിടക്കുകയാണ്. മത്സ്യ വില്‍പന ലേല ഹാളും വിശ്രമ കേന്ദ്രങ്ങളും മത്സ്യതൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്നു ആക്ഷേപമുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട മനോഹര തീരങ്ങളിലൊന്നായ അന്ധകാരനഴി ബീച്ചിലേക്ക് ഒഴിവു ദിവസങ്ങളില്‍ ധാരാളം വിനോദ സഞ്ചാരികളാണ് എത്തുന്നത്. ശക്തമായ അടിയൊഴുക്കുളള ഈ തീരത്ത് അപകട സാധ്യതകള്‍ കൂടുതലാണ്. ഇവിടെ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഒന്നും തന്നെയില്ല. എങ്കിലും മനോഹരമായ ബീച്ചിലേക്കുളള വിനോദസഞ്ചാരികളുടെ ഒഴുക്ക് ദിനം പ്രതി വര്‍ധിക്കുകയാണ്. കാടുകയറി കിടക്കുന്ന അന്ധകാരനഴി ബീച്ച് സൗന്ദര്യവല്‍ക്കരിച്ച് വി നോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം വകുപ്പും സര്‍ക്കാരും ജനപ്രതിനിധികളും തയ്യാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."