തീരസംരക്ഷണ നിയമം മറികടന്ന് ടവര്‍ നിര്‍മാണത്തിന് അനുമതി
തൃക്കരിപ്പൂര്‍: വലിയപറമ്പ പന്ത്രണ്ടില്‍ വെളുത്ത പൊയ്യയില്‍ ടവര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീര സംരക്ഷണ നിയമം മറികടന്നാണെന്ന് ആരോപണം. കടലില്‍ നിന്നു 500 മീറ്റര്‍ വിട്ടു മാത്രമേ നിര്‍മാണ പ്രവൃത്തിക്ക് അനുവാദം നല്‍കാന്‍ പാടുള്ളൂവെന്ന ചട്ടം നിലനില്‍ക്കെയാണ് സ്വകാര ടവര്‍ നിര്‍മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയതെന്നാണ് ആരോപണം.
നിലവില്‍ ടവര്‍ നിര്‍മിക്കുന്ന സ്ഥലത്തു നിന്നു കടലിലേക്ക് 380 മീറ്റര്‍ അകലമാണുള്ളത്. നാനൂറു മീറ്ററിനകത്തു നിരവധി വീടുകള്‍, ക്ലബുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കു തീര നിയമം അനുസരിച്ച് അനുമതി നല്‍കാത്ത പഞ്ചായത്ത് അധികൃതര്‍ നാനൂറു മീറ്ററിനു താഴെ ദൂരപരിധിയില്‍ ടവര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയതില്‍ ദുരൂഹതയുള്ളതായി പരിസരവാസികള്‍ പറഞ്ഞു.
കേരള വഖഫ് ആക്ട് പ്രകാരം 6866 ാം നമ്പറായി ഖബര്‍സ്ഥാനായി രജിസ്റ്റര്‍ ചെയ്ത സ്ഥലമാണു വഖഫിന്റെ അനുവാദമില്ലാതെ സ്വകാര്യ ടവര്‍ നിര്‍മാണത്തിനു നല്‍കിയത്. ഖബര്‍സ്ഥാന്‍ എന്ന പരിഗണന പോലും നോക്കാതെ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണു ടവറിനു സ്ഥലം വിട്ടു നല്‍കിയതെന്നും ഇതിനു പഞ്ചായത്തും കൂട്ടുനിന്നുവെന്നുമാണ് ആക്ഷേപം. ഇതുസംബന്ധിച്ച് വിവരാവാകാശ നിയമം അനുസരിച്ച് വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ശരിയായ വിവരം നല്‍കിയില്ലെന്നും പരാതിയുണ്ട്.
പ്രദേശത്തുകാര്‍ കേരള വഖഫ് ബോര്‍ഡിനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കെട്ടിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും തീര നിയമത്തിന്റെ പേരില്‍ അനുമതി നല്‍കാത്ത അധികൃതര്‍ വന്‍കിട റിസോര്‍ട്ടുകള്‍ക്കും സ്വകാര്യ ടവര്‍ നിര്‍മാണത്തിനും അനുമതി നല്‍കിയതിനെതിരേ ദ്വീപ് നിവാസികള്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."