സങ്കരയിനം തെങ്ങിന് ആവശ്യക്കാര്‍ കുറയുന്നു
തൈകളുടെ വില ഒറ്റയടിക്കു വര്‍ധിപ്പിച്ച നടപടി കര്‍ഷകരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്
ചെറുവത്തൂര്‍: അത്യുല്‍പാദന ശേഷിയുള്ള സങ്കരയിനം തെങ്ങിന്‍ തൈകള്‍ക്ക് ആവശ്യക്കാരില്ല. പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു കീഴിലുള്ള പിലിക്കോട്, നീലേശ്വരം ഫാമുകളില്‍ തൈകള്‍ കെട്ടിക്കിടക്കുകയാണ്. അപേക്ഷകരുടെ തള്ളിക്കയറ്റം കാരണം മുന്‍വര്‍ഷങ്ങളില്‍ നറുക്കെടുപ്പിലൂടെയായിരുന്നു തൈകള്‍ നല്‍കേണ്ടവരെ കണ്ടെത്തിയിരുന്നത്.
സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളില്‍ നിന്നും കര്‍ഷകര്‍ തൈകള്‍ക്കായി എത്തുകയും ചെയ്തിരുന്നു. കേരശ്രീ, ലക്ഷഗംഗ, അനന്തഗംഗ, കേരസൗഭാഗ്യ, കേരഗംഗ, നാടന്‍ ഇനങ്ങള്‍ തുടങ്ങിയ ഇനങ്ങളില്‍പെട്ട ഇരുപതിനായിരത്തോളം തെങ്ങിന്‍ തൈകളാണു വിതരണത്തിനായി തയാറാക്കിയിരുന്നത്. ഇതില്‍ അയ്യായിരത്തിലധികം തൈകള്‍ പിലിക്കോട് ഫാമില്‍ തന്നെ ബാക്കിയുണ്ട്. അഞ്ചു വര്‍ഷം കൊണ്ടു കായ്ക്കും എന്നതാണു മറ്റു തെങ്ങുകളെ അപേക്ഷിച്ച് ഈ തെങ്ങിനങ്ങളെ കര്‍ഷകര്‍ക്കു പ്രിയപ്പെട്ടതാക്കിയത്.
ആന്ധ്രയില്‍ നിന്നുമെത്തിക്കുന്ന കുള്ളന്‍ തൈകള്‍ പല സംഘങ്ങള്‍ വഴി വില്‍പന നടത്തുന്നുണ്ട്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇവ കായ്ക്കുമെന്നാണു പറയുന്നത്. അതുകൊണ്ടു തന്നെ നിരവധി കര്‍ഷകര്‍ കുള്ളന്‍ തെങ്ങ് കൃഷിയിലേക്കു തിരിഞ്ഞു. കര്‍ഷകര്‍ കുള്ളന്‍ തെങ്ങിനു പിറകെ പോയപ്പോള്‍ സങ്കരയിനം തെങ്ങിന്‍ തൈകളുടെ അപേക്ഷകരുടെ എണ്ണം പകുതിയായി കുറഞ്ഞു. 1500 ഓളം പേരാണ് ഇത്തവണ അപേക്ഷ നല്‍കിയിരുന്നത്.
കഴിഞ്ഞ വര്‍ഷം 3500ഓളം പേരാണു തൈകള്‍ക്കായി അപേക്ഷ നല്‍കിയിരുന്നത്. അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും തെങ്ങിന്‍ തൈകള്‍ നല്‍കിയിട്ടും തൈകള്‍ ബാക്കിയായതിനെ തുടര്‍ന്നു കാര്‍ഷിക ഗവേഷണ കേന്ദ്രം അധികൃതര്‍ വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എത്തിയാല്‍ സൗജന്യമായി ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചു നല്‍കിയാല്‍ അന്നുതന്നെ തൈകള്‍ നല്‍കാനാണു തീരുമാനം. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡിന്റെ കോപ്പി ഹാജരാക്കണം. ഒരു കര്‍ഷകന് അഞ്ചു വീതം തൈകളാണ് ലഭിക്കുക. സങ്കരയിനം തൈകള്‍ ജൂലൈ ഒന്നുമുതല്‍ 250 രൂപ നിരക്കിലും നാടന്‍ തൈകള്‍ 125 രൂപ നിരക്കിലും വിതരണം ചെയ്യും.
അതേസമയം, തൈകള്‍ കെട്ടിക്കിടക്കുമ്പോള്‍ സങ്കരയിനം തൈകളുടെ വില 50 രൂപയും നാടന്‍ തൈകളുടെ വില 25 രൂപയും ഒറ്റയടിക്കു വര്‍ധിപ്പിക്കുകയാണ്. ഇതു കര്‍ഷകരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."