പ്രാര്‍ത്ഥനാ മുഖരിതമായി ഇരു ഹറമുകളും; പുണ്യം തേടി 27ാം രാവില്‍ സംഗമിച്ചത് ജന ലക്ഷങ്ങള്‍
മക്ക/മദീന: പുണ്യം നുകരുന്ന റമദാനിലെ അവസാനത്തെ ദിനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കുന്ന റമദാന് 27ാം രാവില്‍ പ്രാര്‍ത്ഥനാ മുഖരിതമായി ഇരു ഹറമുകളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 27ാം രാവില്‍ ലക്ഷങ്ങളാണ് മക്കയിലും മദീനയിലും സംഗമിച്ചത്. നാഥനിലേക്ക് കയ്യുയര്‍ത്തി ഇടറുന്ന ചുണ്ടുകളോടെ പ്രാര്‍ത്ഥനാ മനസ്സുമായി അലിഞ്ഞു ചേരാന്‍ സ്വദേശികളും മക്കയിലേക്ക് ഒഴുകുകയായിരുന്നു. സ്വദേശികള്‍ക്കൊപ്പം വിദേശികളും വിവിധ രാജ്യക്കാരായ ഉംറ തീര്‍ഥാടകരും രാത്രി നമസ്കാരങ്ങള്‍ക്ക് അണിനിരന്നപ്പോള്‍ ഹറമും പരിസരവും ജനനിബിഡമായി. ഇശാ നിസ്കാരത്തിന് ശേഷം നടന്ന തറാവീഹ് നിസ്കാരത്തിലും പാതിരാ നിസ്കാരത്തിലും പങ്കെടുത്ത വിശ്വാസികള്‍ പുലര്‍ച്ചെ വരെ ഇലാഹീ ചിന്തയില്‍ പ്രാര്‍ത്ഥനാ നിരതരായിരുന്നു.
ഇന്നലെ വൈകീട്ട് നോമ്പ് തുറ സമയത്തു തന്നെ മക്കയിലേക്കുള്ള എല്ലാ വഴികളും ജനസാഗരമായി മാറിയിരുന്നു. നോമ്പ് തുറ കഴിഞ്ഞു ഹറം പള്ളിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ പിന്നീട് വീണ്ടും അകം പള്ളിയിലേക്ക് കയറാന്‍ സാധിക്കില്ലെന്നു മനസ്സിലാക്കിയ തീര്‍ത്ഥാടകര്‍ ഇവിടെ തന്നെ കഴിച്ചു കൂട്ടി രാത്രി നിസ്കാരവും കഴിഞ്ഞാണ് പുറത്തിറങ്ങിയത്. നിസ്കാര വേളയില്‍ വിശ്വാസികളുടെ നിര അകം പള്ളിയും മുറ്റവും കഴിഞ്ഞു റോഡിലേക്കും ഇട വഴികളിലേക്കും നിരന്നിരുന്നു.
27ാം രാവില്‍ ഹറമില്‍ കഴിഞ്ഞുകൂടാന്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസി സമൂഹം ബുധനാഴ്ച്ച രാവിലെ തന്നെ മക്കയിലും പരിസരങ്ങളിലും എത്തിച്ചേര്‍ന്നിരുന്നു. ജന ബാഹുല്യം കണക്കിലെടുത്തു ചെറിയ വാഹനങ്ങള്‍ക്ക് മക്കയിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും മക്കയിലേക്ക് മുഴുവന്‍ സമയ ഷട്ടില്‍ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു . 27ാം രാവില്‍ ഉണ്ടായേക്കാവുന്ന തിരക്ക് മുന്‍കൂട്ടി കണ്ട് ഇരുഹറം കാര്യാലയം, ട്രാഫിക്ക്, പൊലിസ്, സിവില്‍ ഡിഫന്‍സ്, റെഡ്ക്രസന്റ്, ആരോഗ്യം, മുനിസിപ്പാലിറ്റി തുടങ്ങി വിവിധ വകുപ്പുകള്‍ പൂര്‍ണ്ണ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."