പ്രവര്‍ത്തകരുടെ വികാരമാണ് കണ്ടത്; ജനകീയ മെട്രോ യാത്രയില്‍ ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല
തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനകീയ യാത്രയില്‍ കെ.എം.ആര്‍.എല്ലിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടായതില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തകരുടെ വികാരമാണ് കണ്ടത്. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ, ബുദ്ധിമുട്ടോ ഉണ്ടാകുമെന്നു കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.യാത്രയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയെന്നും അതാണ് മെട്രോ സ്റ്റേഷനിലും ട്രെയിനിലും അനിയന്ത്രിതമായ തിരക്കുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജനകീയ മെട്രോ യാത്ര നടത്തിയത്. ഈ യാത്ര ചട്ടങ്ങള്‍ ലംഘിച്ചാണ് നടത്തിയതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എല്‍.എമാരായ വി.കെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, പി.ടി തോമസ്, ഹൈബി ഈഡന്‍, മേയര്‍ സൌമിനി ജെയ്ന്‍, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം, പൊതുമുതല്‍ നശിപ്പിച്ചും ജനങ്ങളെ ബുദ്ധിമുട്ടിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം ആലുവ ഏരിയ സെക്രട്ടറി വി സലീം കെ.എം.ആര്‍.എല്‍ എംഡിക്ക് കത്ത് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."