വിടര്‍ന്നു, കലാകുസുമം ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കുട്ടമത്ത് തുടക്കം
വിനയന്‍ പിലിക്കോട്
ചെറുവത്തൂര്‍: കലാവര്‍ണം വിടര്‍ന്നു. ഇനി കൗമാരപ്രതിഭകള്‍ ഭാവനകളുടെ ചിറകിലേറി കുട്ടമത്തിന്റെ മണ്ണും മനസും പിടിച്ചെടുക്കും. ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം.
എഴുത്തിലും വരയിലുമായിരുന്നു ആദ്യദിനത്തിലെ മത്സരങ്ങള്‍. പ്രളയപശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളില്ലാതെയാണു കലോത്സവത്തിന് അരങ്ങൊരുക്കിയത്. ആദ്യ ദിവസം പത്തിനങ്ങളാണു പൂര്‍ത്തിയായത്.
ആദ്യദിനം സമാപിക്കുമ്പോള്‍ 20 പോയിന്റ് നേടി ബേക്കല്‍ ഉപജില്ലയാണു മുന്നില്‍. 19 പോയിന്റ് നേടി ചിറ്റാരിക്കല്‍ ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്. ഇന്നും നാളെയും കൂടി രചനാമത്സരങ്ങള്‍ നടക്കും. 22, 23 തിയതികളിലാണ് സ്റ്റേജിന മത്സരങ്ങള്‍ തുടങ്ങുക. കഥാരചന (ഹിന്ദി, അറബി, ഇംഗ്ലീഷ്), കവിതാ രചന (ഹിന്ദി, അറബി, ഉറുദു), ഉപന്യാസം (ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, അറബി) എന്നിവയാണ് ഇന്നത്തെ മത്സരങ്ങള്‍.
രചനകള്‍ 'രഹസ്യം'
ചെറുവത്തൂര്‍: കുട്ടികള്‍ വരച്ചതും എഴുതിയതും ഇത്തവണ എല്ലാവരുമറിയില്ല. സംസ്ഥാന-ജില്ലാതല രചനാമത്സരങ്ങള്‍ ഏകീകൃതമായി നടക്കുന്നതിലാണു രചനകള്‍ക്കു രഹസ്യ സ്വഭാവം. വിധികര്‍ത്താക്കള്‍ക്കു മാത്രമേ ഇത്തവണ എല്ലാ രചനകളുടെയും ഉള്ളടക്കം അറിയാനാകൂ.
മുഴുവന്‍ ജില്ലകളിലും ഒരേസമയം ഒരേ വിഷയത്തിലാണു മത്സരം നടക്കുന്നത്. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കുന്ന രചനകള്‍ സംസ്ഥാനതലത്തിലേക്ക് അയച്ചുകൊടുക്കും. എല്ലാ ജില്ലകളിലെയും വിജയികളുടെ സൃഷ്ടികള്‍ വിലയിരുത്തിയാണു സംസ്ഥാനതലത്തില്‍ ഗ്രേഡുകള്‍ പ്രഖ്യാപിക്കുക. മുന്‍വര്‍ഷങ്ങളില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ കലാസ്വാദകര്‍ക്ക് കാണാനുള്ള അവസരം ഒരുക്കിയിരുന്നു. കഥകളുടെയും കവിതകളുടെയും ഉള്ളടക്കങ്ങളും അറിയാന്‍ അവസരമുണ്ടായിരുന്നു. പ്രളയദുരിതങ്ങളുടെ പശ്ചാത്തലത്തിലാണ് ഏകീകൃതമായി സംസ്ഥാന-ജില്ലാ മത്സരങ്ങള്‍ നടത്താന്‍ തീരുമാനം കൈക്കൊണ്ടത്.
തമിഴിലൊരു അയല്‍നാട്ടു കവയിത്രി
ചെറുവത്തൂര്‍: കലോത്സവങ്ങളെ കുറിച്ചൊന്നും അഭിരാമിക്ക് അറിയില്ലായിരുന്നു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍നിന്ന് പിലിക്കോട്ടെ വിദ്യാലയത്തിലെത്തിയിട്ട് അഞ്ചു മാസം തികയുന്നതേയുള്ളൂ. തമിഴ് കവിതാ രചനാ മത്സരം ഉണ്ടെന്ന് അധ്യാപകര്‍ പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. പേര് നല്‍കി. ഉപജില്ലയിലും, ഇപ്പോള്‍ ജില്ലയിലും ഒന്നാം സ്ഥാനം ലഭിച്ച ത്രില്ലിലാണ് ഈ മിടുക്കി.
ഒന്‍പതാം ക്ലാസ് വരെ തമിഴ്‌നാട്ടില്‍ പഠിച്ച അഭിരാമി ഇപ്പോള്‍ പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിനിയാണ്. മലയാളം വഴങ്ങാത്തതിനാല്‍ ഇംഗ്ലീഷ് മീഡിയത്തിലാണു പഠനം. 'ഇരുളും വെളിച്ചവും' എന്ന വിഷയമായിരുന്നു കവിതാ രചനയ്ക്കായി ലഭിച്ചത്. തിരുപ്പൂര്‍ സ്വദേശികളായ രാജാറാം-സുധ ദമ്പതികളുടെ മകളാണ് അഭിരാമി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."