സി.എം അബ്ദുല്ല മൗലവി വധം; ഉന്നത മെഡിക്കല്‍ സംഘം നാളെ കാസര്‍കോട്ടെത്തും
കാസര്‍കോട്: സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകക്കേസില്‍ വിദഗ്ധാന്വേഷണം നടത്തുന്നതിനായി ഉന്നതതല മെഡിക്കല്‍സംഘം നാളെ കാസര്‍കോട്ടെത്തും.
ഉദ്യോഗസ്ഥര്‍ ചെമ്പരിക്കയിലും മറ്റും തെളിവെടുപ്പുകള്‍ നടത്തിയേക്കും. സി.ബി.ഐയില്‍ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ചെമ്പരിക്കയിലെത്തി അന്വേഷണം നടത്തി തിരികെ പോയതിനു പിന്നാലെയാണ് കോടതി നിര്‍ദേശ പ്രകാരമുള്ള അന്വേഷണം നടത്തുന്നതിനായി മെഡിക്കല്‍ സംഘം എത്തുന്നത്.
2010 ഫെബ്രുവരി 15നാണ് അബ്ദുല്ല മൗലവിയെ ദുരൂഹസാഹചര്യത്തില്‍ ചെമ്പരിക്കയിലെ കടുക്കക്കല്ലിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ലോക്കല്‍ പൊലിസ്, ക്രൈംബ്രാഞ്ച് എന്നിവര്‍ അന്വേഷണം നടത്തിയെങ്കിലും അബ്ദുല്ല മൗലവിയുടെ മരണത്തെ മറ്റൊരു ദിശയിലേക്കു തിരിച്ചുവിടാനുള്ള ശ്രമമാണ് ഉണ്ടായത്.
ഇതേത്തുടര്‍ന്ന് ഒട്ടനവധി പ്രക്ഷോഭങ്ങളും മറ്റും നടന്നതിന്റെ ഫലമായി കേസന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
അതേസമയം, വര്‍ഷങ്ങളായി സി.ബി.ഐ കേസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ലോക്കല്‍ പൊലിസിന്റെ പാതയില്‍ കൂടിയുള്ള അന്വേഷണമായിരുന്നു നടത്തിവന്നിരുന്നത്. സി.ബി.ഐ രണ്ടു തവണ കേസ് അന്വേഷണ റിപ്പോര്‍ട്ട് 2016ല്‍ എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും തള്ളുകയായിരുന്നു. ശാസ്ത്രീയ പരിശോധനകളും ഓട്ടോപ്‌സി പരിശോധനകളും നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ പഴയ റിപ്പോര്‍ട്ട് ചെറിയ ഭേദഗതി വരുത്തി ഒരു വര്‍ഷത്തിനുശേഷം അന്വേഷണസംഘം വീണ്ടും സമര്‍പ്പിച്ചെങ്കിലും അതും കോടതി സ്വീകരിച്ചില്ല. 2016ല്‍ കോടതി പറഞ്ഞ നിര്‍ദേശം ഇപ്പോഴും ബാക്കികിടക്കുന്നുവെന്ന് കോടതി സി.ബി.ഐയെ ഉണര്‍ത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."