ഡോക്ടര്‍മാര്‍ രാജിവച്ചു; പരിയാരത്ത് ഉദരരോഗ വിഭാഗം അടച്ചുപൂട്ടി
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജിലെ ഉദരരോഗ വിഭാഗത്തിലെ രണ്ടു ഡോക്ടര്‍മാര്‍ രാജിവച്ചതിനാല്‍ ഈ വിഭാഗത്തില്‍ ചികിത്സ നിര്‍ത്തിവച്ചു.
ഇതോടെ ദിവസവും ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ സ്ഥിരം ചികിത്സ തേടുന്നവരും ശസ്ത്രക്രിയ കഴിഞ്ഞവരുമായ നൂറുകണക്കിനു രോഗികള്‍ പെരുവഴിയിലായി.
രാജിവച്ച ഡോ.സാബു, ഡോ.ബൈജു കുണ്ടില്‍ എന്നീ ഡോക്ടര്‍മാര്‍ക്കെതിരേ മെഡിക്കല്‍ കോളജുമായുള്ള കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ നിയമനടപടി സ്വീകരിക്കുമെന്നും 25നകം ആശുപത്രിയില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയതായും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം അടച്ചുപൂട്ടിയത് അറിയാതെ തുടര്‍ ചികിത്സയ്ക്കായി എത്തിയ രോഗികള്‍ മടങ്ങിപ്പോകേണ്ട അവസ്ഥയിലാണ്. ഇതില്‍ ഗുരുതര അസുഖം ബാധിച്ചവരുമുണ്ട്. രോഗികള്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടപ്പോള്‍ എറണാകുളത്തെയും കോഴിക്കോട്ടെയും കണ്ണൂരിലെയും ചില സ്വകാര്യ ആശുപത്രികളിലേക്കു വരാനാണ് ആവശ്യപ്പെട്ടത്.
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം എം.ഡിയായി ചുമതലയേറ്റ ഡോ. സി. രവീന്ദ്രന്‍ നടത്തിയ പരിഷ്‌കാരങ്ങളില്‍ പ്രകോപിതരായാണ് ഡോക്ടര്‍മാര്‍ പെട്ടെന്ന് രാജിവച്ചതെന്നാണ് വിവരം. നിരവധി ശസ്ത്രക്രിയകള്‍ നടക്കുന്ന ഗ്യാസ്‌ട്രോ വിഭാഗത്തില്‍ 40 ശതമാനത്തോളം ഇന്‍സെന്റീവ് ഡോക്ടര്‍മാര്‍ക്കു നല്‍കാറുണ്ടായിരുന്നു.
ഒരു രോഗിയുടെ ചികിത്സാ ചെലവ് ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ക്ക് നിശ്ചയിക്കാന്‍ കഴിയുന്ന അവസ്ഥയും ഉണ്ടായിരുന്നു.
എന്നാല്‍ ഡോ. രവീന്ദ്രന്‍ ചാര്‍ജെടുത്തതോടെ ഇതിനെതിരേ ശക്തമായി നിലപാട് സ്വീകരിച്ചതാണ് രണ്ടു പ്രഗത്ഭരായ ഡോക്ടര്‍മാര്‍ രാജിവച്ചു പോകുന്ന സ്ഥിതിയുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."