ഖഷോഗി വധം: സഊദി കിരീടാവകാശിക്ക് പങ്കില്ലെന്ന് അമേരിക്ക
റിയാദ്: തുര്‍ക്കിയിലെ സഊദി എംബസിയില്‍ വച്ച് കൊല്ലപ്പെട്ട സഊദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പങ്കില്ലെന്ന് അമേരിക്ക. കിരീടാവകാശിയുടെ പേരുകള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നതിനിടെയാണ് മുഹമ്മദ് ബിന്‍ സല്‍മാനെ ന്യായീകരിച്ച് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ റോബര്‍ട്ട് ബോള്ട്ടന് രംഗത്തെത്തിയത്. കൊലപാതകത്തില്‍ കിരീടാവകാശിക്ക് ബന്ധമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അത്തരത്തിലൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കി അമേരിക്കക്ക് കൈമാറിയെന്ന് പറയുന്ന ടേപ്പിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
കേസ് നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ സഊദി ഭരണാധികാരികള്‍ക്ക് പങ്കുണ്ടെന്ന വാദവും ശരിയല്ല. സംഭവവുമായി ബന്ധപ്പെട്ട് തുര്‍ക്കിയുടെ പക്കലുള്ള റെക്കോര്‍ഡിങ്ങുകള്‍ ശ്രവിച്ചവര്‍ കിരീടാവകാശിക്ക് സംഭവത്തില്‍ പങ്കുള്ളതിന് സൂചനകളൊന്നും ഇല്ല എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. സഊദി കിരീടാവകാശിക്ക് ഖഷോഗി സംഭവത്തില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ചില സംഘടനകളും രാജ്യങ്ങളും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."