വീണ്ടും ചോരക്കളമായി സംസ്ഥാനപാത കൈതക്കല്‍ അപകടത്തിനു കാരണം ബസിന്റെ അമിതവേഗത, മരണപ്പാച്ചിലിന് ഇത്തവണ ഇരയായത് ഓട്ടോഡ്രൈവര്‍
പേരാമ്പ്ര: സംസ്ഥാന പാതയിലെ കൈതക്കലില്‍ ഒരാളുടെ മരണത്തിനും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയ അപകടത്തിന് കാരണം സ്വകാര്യ ബസിന്റെ അമിത വേഗത. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന അജ്‌വ എന്ന സ്വകാര്യ ബസാണ് അപകടം വരുത്തിയത്. കൈതക്കല്‍ എത്തുന്നതിന് മുന്‍പുള്ള ഇറക്കത്തില്‍ വച്ചുതന്നെ ബസ് നിയന്ത്രണംവിട്ടതായി നാട്ടുകാര്‍ പറയുന്നു. റോഡില്‍ സ്ഥാപിച്ച ഡിവൈഡര്‍ തട്ടിത്തെറിപ്പിച്ചെത്തിയ ബസ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ന്നിട്ടുണ്ട്. കോഴിക്കോട്ട് നിന്ന് പുറപ്പെട്ട ബസ് അമിത വേഗതയിലായപ്പോള്‍ യാത്രക്കാരിലൊരാള്‍ ഇക്കാര്യം ക്ലീനറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെ മത്സരയോട്ടം നടത്തുന്നതിനിടയിലാണ് കൈതക്കലില്‍ ബസ് അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ വര്‍ഷം കടിയങ്ങാട് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം വരുത്തിയത് ഇതേ ബസായിരുന്നു. അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും സമീപത്തെ കടകളിലും വര്‍ക്ക്‌ഷോപ്പുകളിലും ജോലി ചെയ്യുന്ന തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറിഞ്ഞു നിലംപൊത്തിയ ബസില്‍ നിന്ന് യാത്രക്കാരെ ഉടന്‍ പുറത്തെത്തിച്ച് വാഹനത്തില്‍ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. കൈതക്കലില്‍ അപകടം തുടര്‍ക്കഥയായപ്പോഴാണ് നാട്ടുകാര്‍ മുന്‍കൈയെടുത്ത് ഡിവൈഡര്‍ സ്ഥാപിച്ചത്. സംസ്ഥാനപാത റബറൈസ് ചെയ്തതോടെ കൈതക്കലില്‍ അപകടം പതിവായിരുന്നു. കഴിഞ്ഞ ദിവസം അപകടമുണ്ടാക്കാന്‍ ശ്രമിച്ച ബസിലെ ജീവനക്കാരെ നാട്ടുകാര്‍ താക്കീത് ചെയ്തിരുന്നു. കൈതക്കലില്‍ എത്തുന്നതിന് മുന്‍പുള്ള ഇറക്കത്തില്‍ വേഗത കുറയ്ക്കാന്‍ ബസ് ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കാറില്ല. ഇതാണ് പലപ്പോഴും അപകടത്തിനു കാരണമാകുന്നത്. ബസുകളില്‍ സ്പീഡ് ഗവേര്‍ണര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസുകളില്‍ ഇതു പ്രവര്‍ത്തിപ്പിക്കാറില്ല.
ആളുകള്‍ക്ക് ജീവഹാനിയുണ്ടാക്കുന്ന അപകടം വരുത്തിയാലും ബസ് ഡ്രൈവര്‍മാരെ സംരക്ഷിക്കാന്‍ ബസുടമകള്‍ മുന്നോട്ടുവരുന്നതാണ് അപകടം കൂടുന്നതിന് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനപാതയില്‍ ഉള്ള്യേരിക്കും കുറ്റ്യാടിക്കും ഇടയില്‍ അപകടം പതിവായിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നിരവധി പേരാണ് ബസ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മരിച്ച മുളിയങ്ങല്‍ മീത്തല്‍ കുഞ്ഞമ്മദ് നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനാണ്. ഏറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്ത ഇദ്ദേഹം നാട്ടിലെത്തിയ ശേഷം ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ഏതുസമയത്തും നാട്ടുകാര്‍ വിളിച്ചാല്‍ ഓട്ടോയുമായി എത്തുന്ന കുഞ്ഞമ്മദ് നാട്ടിലെ പൊതുപ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലായിരുന്നു. കുഞ്ഞമ്മദിന്റെ മരണ വിവരമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാരും സുഹൃത്തുക്കളുമാണ് മെഡിക്കല്‍ കോളജിലെത്തിയത്. ഇന്നു പോസ്റ്റമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മയ്യിത്ത് ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."