നേതൃദാരിദ്ര്യം ആഗോള പ്രതിഭാസമോ
പിണങ്ങോട് അബൂബക്കര്‍
9847700450#
അശാന്തി വളര്‍ത്തുന്നതിലും പടര്‍ത്തുന്നതിലും നേതാക്കള്‍ പങ്കുവഹിക്കുന്നുവെങ്കില്‍ മാറ്റിച്ചിന്തിക്കാന്‍ വൈകരുത്. അന്ധമായ അറബ് ദേശീയതാവാദം സദ്ദാം ഹുസൈനെ ഒരുകാലത്ത് മിഡില്‍ ഈസ്റ്റിലെ ഹീറോയായി ഉയര്‍ത്തി. ഈ ആശയം വിതച്ച സദ്ദാം അതിന്റെ തീവ്രത വരുത്തിയ ചിന്താമാറ്റം മുന്‍കൂട്ടി കണ്ടില്ല. വഴിപിരിഞ്ഞ വിചാരമെത്തിച്ചത് ഒരു ജനതയുടെ സമ്പൂര്‍ണനാശത്തിലാണ്.
ഇറാനിലെ ആയത്തുല്ലാ റൂഹല്ലാ ഖുമൈനി വളര്‍ത്തിയ ശീഈ തീവ്രതയും രാജഭരണവിരുദ്ധതയും ഇപ്പോഴും ഇറാനികളെ വേട്ടയാടുന്നതിലും ഒറ്റപ്പെടുത്തുന്നതിലും പങ്കുവഹിക്കുന്നു. ഷാ രാസാപഹ്്‌ലവിയുടെ ദുര്‍ഭരണം പിഴുതെറിഞ്ഞെങ്കിലും ഇറാന്‍ ഇന്നൊരു ലോകശല്യമായി ഗണിക്കപ്പെടുന്നു.
പക്വതയും മഹത്വവുമുള്ള നേതാക്കള്‍ ഗ്രാമങ്ങള്‍ മുതല്‍ അന്തര്‍ദേശീയതലം വരെ വംശനാശത്തിലാണ്. നല്ല അനുയായികളില്‍ നിന്നാണു നല്ല നേതാവ് നിര്‍മ്മിക്കപ്പെടുക.
'ഗുരു ആശ്ചര്യപ്പെടുത്തത്തക്ക ശക്തിയുള്ളവനും ശിഷ്യന്‍ കുശലനുമായിരിക്കണം.' കഠോപനിഷത് ഇങ്ങനെ പറഞ്ഞുവച്ചിട്ടുണ്ട്.
'ഒരു ജനതയുടെ സേവകനാവണം അവരുടെ നേതാവ് 'എന്നു മുഹമ്മദ് നബി (സ) സിദ്ധാന്തിച്ചിട്ടുണ്ട്.
തുര്‍ക്കി പട്ടാള അട്ടിമറി തകര്‍ക്കാന്‍ നിരായുധരായി തെരുവിലിറങ്ങിയ ജനം റജബ് തയ്യിബ് ഉറുദുഗനെന്ന തങ്ങളുടെ നേതാവില്‍ ബോധ്യമുള്ളവരായിരുന്നെന്നു വേണം വിശ്വസിക്കാന്‍.
അന്തരിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് സായിദ് അല്‍നഹ്‌യാനു ജനം കല്‍പ്പിച്ചുനല്‍കിയ മൂന്ന് ആദരസ്ഥാനങ്ങളുണ്ട്. വാലിദ് (പിതാവ്), ഖാഹുദ് (നായകന്‍), മുഅല്ലിം (അധ്യാപകന്‍). തങ്ങളുടെ നേതാവിനെ വിലയിരുത്തിയ ജനം കണ്ടെത്തിയ മൂന്നു ഗുണവശങ്ങളാണിത്.
ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവാന്‍, ഫുജൈറ, അജ്്മാന്‍ ദേശങ്ങളെ അബുദാബിയുമായി കൂട്ടിച്ചേര്‍ത്ത് അദ്ദേഹം യുനൈറ്റഡ് അറബ് എമിറേറ്റസ് രൂപീകരിച്ചു. ഒരു ജനതയ്ക്ക് പ്രതീക്ഷയും സുരക്ഷയും ജീവിതസൗകര്യങ്ങളും ഒരുക്കിയ ആ ഭരണാധിപന്‍ മരിച്ചപ്പോള്‍ അടക്കം ചെയ്ത സ്ഥലത്തു മനോഹരമായ പള്ളി നിര്‍മ്മിച്ചു സ്ഥിരമായി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ സംവിധാനമൊരുക്കി ജനത കൃതജ്ഞത പ്രകടിപ്പിച്ചു. സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ച ജമാല്‍ അബ്ദുനാസിമും സഊദിയെ കരയ്ക്കടുപ്പിച്ച ഫൈസല്‍ രാജാവും പ്രജകളുടെ ഗുണകാംക്ഷികളായ നേതാക്കളായിരുന്നു.
എന്നാല്‍, ഹാഫിദുല്‍ അസദും മകന്‍ ബശാക്കും സിറയക്കാരെ വൈദേശികര്‍ക്കു വേട്ടയാടാന്‍ പാകപ്പെടുത്തി ശ്മശാനഭൂമിയാക്കിയ നേതാക്കളാണ്. ഗദ്ദാഫിയും തുനിഷ്യയിലെ സൈനുല്‍ ആബിദും പരാജിതനേതാക്കളായിരുന്നു. സാമ്രാജ്യശക്തികളുടെ ദല്ലാള്‍പ്പണിക്കപ്പുറം കരളുറപ്പുള്ള, കാര്യബോധമുള്ള നേതൃത്വമായിരുന്നില്ല ഇവര്‍.
ഖത്തര്‍ ഫലസ്തീനിലെ ഹമ്മാസിനെ സഹായിക്കുന്നുവെന്ന കുറ്റം ചാരി സഊദിയും ഗള്‍ഫ് രാഷ്ട്രങ്ങളും ഉപരോധിച്ചത് ആര്‍ക്കുവേണ്ടിയാണെന്നു പകല്‍പോലെ വ്യക്തം.
ഒരു മേശയ്ക്കിരുവശമിരുന്നാല്‍ തീര്‍ക്കാവുന്ന പ്രശ്‌നത്തില്‍ യാങ്കികള്‍ക്കുവേണ്ടി സ്വസഹോദരനെ തള്ളിത്താഴെയിടാന്‍ തുനിഞ്ഞത് നേതൃമഹത്വമില്ലായ്മയാണ്. അറബ് ലീഗ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ എല്ലാം സാമ്രാജ്യശക്തികളുടെ കുറിമാനങ്ങള്‍ തീര്‍പ്പാക്കാനുള്ള വേദികള്‍ മാത്രം.
ഏകീകൃത കറന്‍സി, മിലിട്ടറി, വിദേശനയം തുടങ്ങിയ സങ്കല്‍പ്പങ്ങളായിരുന്നു ജി.സി.സിക്കുണ്ടായിരുന്നത്. അമേരിക്കന്‍-ഇസ്രാഈല്‍ താല്‍പ്പര്യങ്ങള്‍ക്കെതിരേ ഒരു ജനതയെ വളരാന്‍ അനുവദിക്കില്ലെന്ന യു.എസ് നിലപാടിനൊപ്പം നിന്ന അംഗരാഷ്ട്രങ്ങള്‍ ഇരകളെയാണു വേട്ടയാടുന്നത്.ജനാധിപത്യാവകാശങ്ങള്‍ക്ക് അകത്തളങ്ങളില്‍ പുകയുയരുന്ന ഇത്തരം രാഷ്ട്രങ്ങളില്‍ വീണ്ടുമൊരു മുല്ലപ്പൂവിപ്ലവം സാമ്രാജ്യശക്തികള്‍ തട്ടിക്കൂട്ടാതിരിക്കില്ല.
ഇന്ത്യന്‍ സാഹചര്യം
മികച്ച നേതാവിനെ പതിറ്റാണ്ടുകളായി ഇന്ത്യ അന്വേഷിക്കുന്നു. ഗാന്ധിജിയും നെഹ്്‌റുവും ആസാദും കഴിഞ്ഞാല്‍ പറയാന്‍ അധികമില്ല. കാമരാജ് നടാരും ഗുല്‍സാരിലാല്‍ നന്ദയും ജനമനസില്‍ പാര്‍പ്പുറപ്പിക്കാന്‍ പ്രാപ്തരായിരുന്നു.
കേരളത്തില്‍ ബാഖഫി തങ്ങള്‍ക്കും എ.കെ.ജിക്കും സി.കെ.ജിക്കും പിറകെ തലയെടുപ്പുള്ള നേതൃത്വം അധികമുണ്ടായില്ല. നാരായണ ഗുരുവും അയ്യങ്കാളിയും ഉഴുതുപാകപ്പെടുത്തിയ ഭൂമിയില്‍ വിഷച്ചെടി വളര്‍ത്താനാണു പിന്നീടു പലരും മത്സരിച്ചത്. പണവും അധികാരവും അതാണു പരമപ്രധാനം. അനാചാരം പൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവിശ്വസനീയമാണ്. ഖജനാവിന്റെ ഘനം തൂങ്ങാന്‍ മദ്യനയം ഉദാരമാക്കിയപ്പോള്‍ സദാചാര ചിന്ത നമുക്കു ദര്‍ശിക്കാനായില്ല. എല്ലാവര്‍ക്കും ആവശ്യം പണവും പ്രശസ്തിയുമാണ്. സാഹിത്യനായകരും ചലച്ചിത്രപ്രവര്‍ത്തകരും നല്‍കിയത് മറ്റൊരു സന്ദേശമല്ല.
കയറും ചെമ്മീനും സ്മാരകശിലയും പച്ചയായ വസ്തുതയാവാം. എന്നാല്‍, ഒറ്റപ്പെട്ട വീഴ്ചകളും ജീര്‍ണതകളും പര്‍വതീകരിച്ച വായനാസ്വാദനം ഉത്തേജിപ്പിക്കലുണ്ട് അതില്‍. ഈ രുചി വിറ്റാണു പണം വരുന്ന വഴി എളുപ്പമാക്കിയത്. രണ്ടാമൂഴം സിനിമയായാലും ആക്കിയാലും സത്യജിത് റേ കൊല്‍ക്കത്ത തെരുവില്‍ നിന്ന് ഒപ്പിയെടുത്ത് അഭ്രപാളിയില്‍ പകര്‍ത്തിയ കുഷ്ഠരോഗികളുടെ ദൈന്യത ഉപയോഗപ്പെടുത്തിയ മനഃശാസ്ത്രം നിലനില്‍ക്കും.
നന്മയുടെ തണല്‍ തേടുന്ന മനസാണു വളരേണ്ടത്. അവര്‍ക്ക് ആശ്വാസമേകുന്ന നായകരാണു നിര്‍മ്മിക്കപ്പെടേണ്ടത്. രചനകളും ആ വഴിക്കാണു നടക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ എല്ലാ കണ്ണുകളും കറന്‍സിയിലൊതുങ്ങുന്നു, ഉടക്കുന്നു.
മോദിക്ക് പകരം യോഗി
അടുത്ത പ്രധാനമന്ത്രിയായി ആര്‍.എസ്.എസ്, ബി.ജെ.പി കേന്ദ്രം യോഗി ആദിത്യനാഥിനെ ഉയര്‍ത്തിക്കാണിക്കാന്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നതായി വാര്‍ത്ത വന്നുകഴിഞ്ഞു. ഗുജറാത്തില്‍ 2002ല്‍ മുസ്‌ലിം ഉന്മൂലനത്തിനു നായകത്വം വഹിച്ച ഹീറോ ആയാണു സംഘ്പരിവാര്‍ നരേന്ദ്ര മോദിയെ അവതരിപ്പിച്ചിരുന്നത്.
നാലരവര്‍ഷം പിന്നിടുമ്പോള്‍ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലെത്തിയിട്ടില്ല. മുസ്‌ലിം, ദളിത്, പിന്നാക്കവിഭാഗങ്ങളെ പരമാവധി ഇകഴ്ത്തുന്നതിനും ഭാരതത്തില്‍ പരക്കെ ഹൈന്ദവത പ്രചരിപ്പിക്കുന്നതിനും ശ്രമമുണ്ടായി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങി പലരും ആര്‍. എസ്. എസുകാരായി.
2019ലെ തെരഞ്ഞെടുപ്പില്‍ തീവ്രഹിന്ദുത്വവുമായി വീണ്ടുമിറങ്ങി വോട്ട് വേട്ട നടത്താനാണു നീക്കം. ബാബരി പള്ളി പൊളിച്ച സ്ഥാനത്തു രാമക്ഷേത്രം, അയോധ്യയില്‍ രാമപ്രതിമ സ്ഥാപിക്കല്‍, വിവിധ മുസ്‌ലിംപള്ളികളുള്ള നാടുകളുടെ പേരു മാറ്റല്‍ തുടങ്ങി ഹിന്ദുവികാരം ഉണര്‍ത്തുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ്. ഒരിക്കല്‍ കൂടി ഭരണം പിടിച്ചാല്‍ ഭരണഘടനാഭേദഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കി ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം സാധിക്കാമെന്നാണ് ആര്‍. എസ്. എസ് ധാരണ.
ലോകത്തെ വലിയ ഭീകരപ്രസ്ഥാനങ്ങളിലൊന്നാണ് ആര്‍.എസ്.എസെന്ന് ഐക്യരാഷ്ട്രസഭയില്‍ പാക് വിദേശകാര്യമന്ത്രി ആരോപണമുന്നയിച്ചിട്ട് അധികനാളായിട്ടില്ല. പെഷവാറിലെ പാഠശാലയില്‍ 132 കുരുന്നുകളെ വെടിവച്ച ഭീകരര്‍ക്കു പിന്നില്‍ ഇന്ത്യയിലെ ആര്‍.എസ്.എസായിരുന്നുവെന്നാണ് പാക് മന്ത്രിയുടെ ആരോപണം. സുഷമ സ്വരാജുള്‍പ്പെടെ പലരും വസ്തുനിഷ്ഠമായി ഇതിനെതിരേ പ്രതികരിച്ചില്ല.
മൃദുഹിന്ദുത്വവും തീവ്രഹിന്ദുത്വവും കൊമ്പുകോര്‍ത്തുവെന്നാണറിവ്. 1992 ല്‍ അദ്വാനി ഉരുട്ടിയ രഥം മതേതരത്വത്തിന്റെ നെഞ്ച് പിളര്‍ന്നാണ് അവസാനിച്ചത്. യോഗി വീണ്ടുമൊരു രഥമുരുട്ടാനുള്ള നീക്കത്തിലാണ്.
ഇതില്‍ ആത്മാവറിയാത്ത പാര്‍ട്ടിയാണ് ബി. ജെ. പി സ്വാതന്ത്ര്യസമരത്തില്‍ ആര്‍. എസ്. എസുകാരുടെ വീട്ടിലെ പട്ടി പോലും ഒരു സംഭാവനയും ചെയ്തിരുന്നില്ലെന്ന ലോകസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഗാര്‍ഗെയുടെ നിരീക്ഷണം അര്‍ഥപൂര്‍ണമാണ്.
ഇന്ത്യയെ തിരിച്ചറിഞ്ഞു പ്രതികരിക്കാത്ത പ്രസ്ഥാനമാണ് സംഘികളെങ്കില്‍ ഇന്ത്യന്‍ സംസ്‌കാരം മാനിക്കുമായിരുന്നു. ഭാരത സംസ്‌കാരത്തിന്റെ കാതല്‍ സഹിഷ്ണുതയാണ്.
വിശ്വാസികളെയും അവിശ്വാസികളെയും ബഹുമാനിക്കുന്ന നാട്. നാനാവിധ സംസ്‌കാരങ്ങളുടെ സംഗമസ്ഥാനം. പലവിധ മതാശയങ്ങളുടെ പറുദീസ. ഈ പുണ്യഭൂമിയെ പിന്താങ്ങാന്‍ തീവ്രഹിന്ദുത്വത്തിന് സാധിച്ചിട്ടില്ല.
മോദിയെ മാറ്റി മറ്റൊരു തീവ്രഹിന്ദുത്വവാദിയെ അവതരിപ്പിച്ചു ഹിന്ദുവോട്ടുകള്‍ ഏകീകരിപ്പിക്കാനും അതിനു വേണ്ടിവന്നാല്‍ കലാപങ്ങള്‍ ഉണ്ടാക്കാനുമാണു നീക്കം.
പ്രധാനമന്ത്രി മോഹികളായ മായാവതിയടക്കം ഇന്ത്യന്‍ സെക്യുലറിസത്തിന്റെ അപശകുനങ്ങളെയും ഒരുപക്ഷേ, ഉപയോഗപ്പെടുത്തിക്കൂടായ്കയില്ല. ഇന്ത്യന്‍ വോട്ടര്‍മാര്‍ നൈതികത മറക്കില്ലെന്നു തന്നെയാണു കരുതേണ്ടത്, നീതിബോധം കൈവിടില്ലെന്നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."