അറുപത്താറാം വയസിലും ബാലചന്ദ്രന്‍ പരീക്ഷാ ചൂടിലാണ്
പെരുമണ്ണ: 66-ാം വയസില്‍ പ്ലസ് വണ്‍ പരീക്ഷ എഴുതുന്നതിന്റെ ആവേശത്തിലാണ് പെരുമണ്ണ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന കണ്ണാഞ്ചേരി ബാലചന്ദ്രന്‍. ചാത്തമംഗലം ആര്‍.ഇ.സി ഹൈസ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിലാണ് തന്റെ മക്കളുടെ പ്രായമുള്ള പരീക്ഷാര്‍ഥികള്‍ക്കൊപ്പം ഇദ്ദേഹം തുല്യതാ പരീക്ഷ എഴുതുന്നത്.
പന്തീരാങ്കാവ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കവെയാണ് കൂലിപ്പണിക്കാരനായ അച്ഛന് ജോലിക്ക് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ച് കുടുംബഭാരം ഏല്‍ക്കേണ്ടി വന്നത്. കുടുംബത്തിന്റെ പ്രയാസത്തോടൊപ്പം രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ട ബാലചന്ദ്രന്‍ തന്റെ അടങ്ങാത്ത ശാസ്ത്ര ബോധത്തിന്റെ ഫലമായി വലിയ സാമ്പത്തിക ചെലവില്ലാതെ വെള്ളത്തില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന 'ജലചക്രം' എന്ന ആശയം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃകയായി ഉയര്‍ത്തിക്കാണിച്ചിരുന്നു.
എന്നാല്‍ സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ബാലചന്ദ്രനെ പ്രോത്സാഹിപ്പിക്കാനോ കൈ പിടിച്ചുയര്‍ത്താനോ സമൂഹം മുന്നോട്ടു വന്നില്ല. അതിനാല്‍ തന്നെ ആ പദ്ധതി അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു. നിലവില്‍ എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂ എങ്കിലും പരമാവധി ലേഖനങ്ങളും സാഹിത്യ നിരൂപണങ്ങളും വായിക്കാന്‍ ബാലചന്ദ്രന്‍ തന്റെ ജോലിക്കിടയിലും സമയം കണ്ടെത്തുന്നുണ്ട് എന്നതാണ് മറ്റുള്ളവരില്‍നിന്ന് ബാലചന്ദ്രനെ ശ്രദ്ധേയനാക്കുന്നത്. ഭാര്യ സുമതിയും മകളായ അനീഷും അഭിലാഷും അടങ്ങുന്നതാണ് ബാലചന്ദ്രന്റെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."