ശുദ്ധമായ വെളിച്ചെണ്ണ ലോകവിപണിയില്‍ എത്തിക്കും: മന്ത്രി ടി.പി രാമകൃഷ്ണന്
കോഴിക്കോട്: നാളികേര കൃഷിയെ പ്രോത്സാഹിപ്പിച്ച് ശുദ്ധമായ വെളിച്ചെണ്ണ ലോകവിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്. സിവില്‍ സ്റ്റേഷനില്‍ പുതുതായി ആരംഭിച്ച കുടുംബശ്രീ സുഭിക്ഷ ഔട്ട്ലെറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേര കൃഷിയില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നം വിത്തുതേങ്ങയുടെ ഉല്പാദനക്കുറവാണ്. ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കാനായി വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സുഭിക്ഷ പദ്ധതി വിപുലപ്പെടുത്തി സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടല്ല ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ ഗ്രാമവികസന ഏജന്‍സി എന്നിവ സംയുക്തമായി കേന്ദ്ര ദാരിദ്ര്യനിര്‍മാര്‍ജന പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ സംരംഭമാണ് സുഭിക്ഷ.
15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സുഭിക്ഷയില്‍ ഏഴു പഞ്ചായത്തിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വനിതകളാണ് അംഗങ്ങള്‍. ചടങ്ങില്‍ സുഭിക്ഷ ചെയര്മാന് എം. കുഞ്ഞമ്മത് മാസ്റ്റര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."