തലക്കുളത്തൂര്‍-നടുത്തുരുത്തി പാലം യാഥാര്‍ഥ്യമാകുന്നു: എം.എല്‍.എയും സംഘവും സ്ഥലം സന്ദര്‍ശിച്ചു
കോഴിക്കോട്: തലക്കുളത്തൂര്‍- എലത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടുത്തുരുത്തി പുഴക്ക് കുറുകെ പുതിയ പാലം യാഥാര്‍ഥ്യമാവുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രസ്തുത പാലത്തിനായി 20 കോടി രൂപ അനുവദിച്ചിരുന്നു. നിര്‍മാണവുമായി ബന്ധപ്പെട്ട സാധ്യതാ പഠനത്തിന് എ.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു.
പാലം ബന്ധിപ്പിക്കുന്ന പുഴയുടെ ഇരുകരയിലുമുള്ള വ്യക്തികളുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡടക്കം 260 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്.
നിര്‍മാണത്തിനു മുന്‍പെ പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള അപ്രോച്ച് റോഡിന് വേണ്ടി സ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. പ്ലാന്‍ പ്രകാരം സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുകൂടിയാണ് അപ്രോച്ച് റോഡ് പോവുന്നത്.
സ്ഥലം കണ്ടെത്തുന്നതിനും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്ത് സ്ഥലമുടമകളുടെ അനുമതി ലഭിച്ച ശേഷം പ്രവൃത്തി ആരംഭിക്കും. കൂടാതെ തലക്കുളത്തൂര്‍ പഞ്ചായത്തിലെ നടുത്തുരുത്തിയില്‍ നാല് മീറ്റര്‍ വീതിയും ഒരു കിലോമീറ്റര്‍ നീളവുമുള്ള റോഡ് നിര്‍മിച്ചിട്ട് കുറച്ച് വര്‍ഷമെ ആയിട്ടുള്ളൂ. ഇവിടെയും റോഡ് വീതി കൂട്ടാന്‍ നടപടി സ്വീകരിക്കും. എലത്തൂര്‍ ഭാഗത്തെ കടവിനടുത്ത് മൂന്ന് മീറ്റര്‍ മാത്രമാണ് റോഡിന്റെ വീതി.
ഈ ഭാഗങ്ങളിലെ വീട് റോഡ് വീതി കൂട്ടാലിന് തടസമാകുമെന്ന് സംഘം വിലയിരുത്തി. ഇക്കാര്യങ്ങള്‍ വകുപ്പ് തലത്തില്‍ ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിക്കാന്‍ ശ്രമിക്കും.
പാലം യാഥാര്‍ഥ്യമാവുന്നതോടെ തലക്കുളത്തൂര്‍ പഞ്ചായത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു. കടവില്‍ നിന്നു 150 മീറ്റര്‍ നീളമാണ് എലത്തൂര്‍ ബസാറിലേക്കുള്ളത്. ഇവിടെ നിന്നു സംസ്ഥാന പാതയിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്.
ഇത് യാത്രയുടെ ദൂരവും സമയവും ലാഭിക്കാനാവും. പൊതുമരാമത്ത് റോഡ്- പാലം വിഭാഗം സൂപ്രണ്ടിങ് എന്‍ജിനിയര്‍ വിനീതന്‍, എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ ആര്‍. സിന്ധു, പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന്‍, വൈസ് പ്രസിഡന്റ് കെ.ടി പ്രമിള, കെ.പി കൃഷ്ണന്‍കുട്ടി, ടി.പി വിജയന്‍, വി. വിജിത്രന്‍, കെ. ചന്ദ്രന്‍ നായര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."