ശ്യാംകുമാര്‍ പക്ഷികളെ പഠിക്കുകയാണിപ്പോള്‍
പാലക്കാട്: മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും പറവകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്ത് ജനശ്രദ്ധയാകര്‍ഷിച്ച ഓട്ടോക്കാരന്‍ ശ്യാംകുമാര്‍ തേങ്കുറുശ്ശി പക്ഷികളെകുറിച്ചുള്ള നിരീക്ഷണത്തിലാണിപ്പോള്‍. വര്‍ഷങ്ങളായി തന്റെ വീട്ടിലെ മരങ്ങളിലും മുറ്റത്തും പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പാത്രങ്ങളില്‍ വെള്ളം കുടിക്കാനെത്തുന്ന കിളികളുടെ എണ്ണവും കൂടിവരികയാണ്. പരിസ്ഥിതി ദിനത്തിലും മറ്റും പ്രകൃതിയെകുറിച്ചും പക്ഷികളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റും സെമിനാറുകളിലും ശ്യാംകുമാര്‍ ക്ലാസുകള്‍ നടത്തുന്നുണ്ട്. ശ്യാംകുമാറിന്റെ പ്രകൃതിയോടും പക്ഷികളോടുമുള്ള സേവനമനോഭാവം കണ്ട് ആലത്തൂര്‍ ഗുരുകുലം സ്‌കൂള്‍ മാനേജ്‌മെന്റ് സമ്മാനിച്ച പുതിയ ക്യാമറയുമായി ശ്യാംകുമാറിപ്പോള്‍ പക്ഷികളെ നിരീക്ഷിക്കുന്ന യാത്രയിലാണ്. ഇതിനോടകം നൂറ്റമ്പതില്‍പരം ഇനത്തില്‍പ്പെട്ട പക്ഷികളുടെയും കിളികളെയും ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം മാത്രം 25 ഇനം പക്ഷികളെ കണ്ടതായും ഈ മാസത്തില്‍ രണ്ടുതരം കിളികളെ കണ്ടതായും ശ്യാംകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആറ്റക്കറുപ്പ്, പൂന്താങ്കിരി, മീന്‍കൊത്തി, കാവി, ചിന്നക്കുട്ടുവന്‍, അരിപ്രാവ്, തന്നാരന്‍, നാട്ടുമരംകൊത്തി, ഇരട്ടത്തലച്ചി, ചെമ്പോത്ത്, കറുപ്പന്‍, മൈന, വേഴാമ്പല്‍, വിക്ര തുടങ്ങി സ്വദേശിയും വിദേശിയുമായ നൂറുക്കണക്കിന് പറവകള്‍ ശ്യാംകുമാറിന്റെ കണ്ടെത്തലില്‍പ്പെടുന്നു. വീട്ടില്‍ വരുന്ന തന്റെ അതിഥികള്‍ക്ക് പഴം, വെള്ളം, അരി, ധാന്യം, എന്നിവയും നല്‍കുന്ന കാര്യത്തില്‍ ശ്യാംകുമാര്‍ കൃതാര്‍ത്ഥനാണ്. ദേശീയ സംസ്ഥാന പാതയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നശ്യാംകുമാര്‍ ഇതിനോടകം നട്ടുപിടിപ്പിച്ച മരങ്ങളും സംരക്ഷിച്ചുവന്ന പറവകളുടെയും എണ്ണമേറെയാണ്. ഓട്ടോറിക്ഷയോടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടുമുട്ടിക്കാന്‍ തന്നെ പാടുപെടുമ്പോഴും പറവകളുടെ സംരക്ഷണത്തിനു ഈ പച്ച മനുഷ്യന്‍ പിശുക്കു കാണിക്കാറില്ല. എന്നാല്‍ കിളികള്‍ക്കു പുറമെ പ്രാവുകളും നാലുതരം കുയിലുകളും തന്റെ അതിഥികള്‍ മാത്രമല്ല ഇപ്പോള്‍ ശ്യാംകുമാറിന്റെ ക്യാമറയുടെ കണ്ണുകളില്‍ സ്ഥാനമിട്ടുണ്ട്. തള്ളക്കിളിക്കു മാത്രമല്ല തള്ളക്കിളി കുഞ്ഞിക്കിളിക്ക് തീറ്റക്കൊടുക്കുന്നതുള്‍പ്പടെയുള്ള മരംകൊത്തിയുടെ പ്രവൃത്തികളുമൊക്കെ ശ്യാംകുമാറിന്റെ ക്യാമറകണ്ണുകള്‍ ഒപ്പിയെടുക്കുന്നുണ്ട്. ഓട്ടോയില്‍ പോകുന്ന വഴികളില്‍ തന്റെ കണ്ണില്‍ക്കാണുന്ന അപൂര്‍വ്വയിനം പക്ഷിക്കാഴ്ചകള്‍ ഒപ്പിയെടുത്ത് ശേഖരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇയാള്‍. പതിറ്റാണ്ടുകളായി പ്രകൃതിയോടും പക്ഷികള്‍ക്കും വേണ്ടി ജീവിതം മാറ്റിവെച്ച ശ്യാംകുമാറിനെ തേടി വനമിത്ര, ഭൂമിമിത്രാ, പ്രകൃതി മിത്ര തുടങ്ങിയ അവാര്‍ഡുകളും വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."