ശബരിമല: കോടതിവിധി നടപ്പാക്കാതെ വേറെ വഴിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രിംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. സര്‍വകക്ഷിയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പ്രതിപക്ഷവും ബി.ജെ.പിയും എടുത്ത നിലപാട് സമാനമായിരുന്നു. സര്‍ക്കാരൊരു മുന്‍വിധിയോടെയാണ് വിഷയത്തെ സമീപിച്ചതെന്നാണ് അവര്‍ ആരോപിച്ചത്. യഥാര്‍ഥത്തില്‍ സര്‍ക്കാരിന് യാതൊരു മുന്‍വിധികളുമില്ല. കോടതി എന്താണോ പറഞ്ഞത് അത് നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്തത്. നേരത്തെ ഹൈക്കോടതി വിധി വന്നപ്പോള്‍ ആവിധി നടപ്പാക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായത്. നാളെ സുപ്രിംകോടതി മറ്റൊരു കാര്യം പറയുകയാണെങ്കില്‍ സര്‍ക്കാര്‍ അതാകും നടപ്പാക്കുക. കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു ദുര്‍വാശിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കും. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ്. അതില്‍ യാതൊരു ആശങ്കയും വേണ്ട. ശബരിമല കൂടുതല്‍ യശ്ശസോടെ ഉയര്‍ന്ന് വരുക എന്നതാണ് ലക്ഷ്യം. അതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
യുവതി പ്രവേശനത്തില്‍ ഒരു ക്രമീകരണം ഉണ്ടാക്കാം എന്നാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ പറഞ്ഞത്. യോഗം കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് യോഗം ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞു.
പ്രതിപക്ഷത്തിനും ബി.ജെ.പിക്കും നല്ല ബുദ്ധി ഉണ്ടാകട്ടെ. ക്രമീകരണം ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ചില പ്രത്യേക ദിവസങ്ങളില്‍ യുവതികള്‍ക്ക് ദര്‍ശനം സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."